നോട്ട് കത്തിച്ചു പ്രതിഷേധം ദേശീയ മാധ്യമങ്ങളിലും താരമായി യഹിയ
കൊല്ലം: 23,000 രൂപയുടെ 500ന്റെയും 1,000ത്തിന്റെയും നോട്ടുകള്‍ കത്തിച്ചും പകുതി തല വടിച്ചും മോദിക്കെതിരേ പ്രതിഷേധിച്ച കടയ്ക്കല്‍ മുക്കുന്നം സ്വദേശി യഹിയ ദേശീയ മാധ്യമങ്ങളിലും വാര്‍ത്താതാരമായി. ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ ദേശീയ മാധ്യമങ്ങളും ഇംഗ്ലീഷ് ന്യൂസ് പോര്‍ട്ടലുകളുമാണ് യഹിയയുടെ പ്രതിഷേധം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്.
വിവരം പുറത്തുകൊണ്ടുവന്ന അഷ്റഫ് കടയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് സഹിതമാണു ചില ഇംഗ്ലീഷ് പോര്‍ട്ടലുകള്‍ വാര്‍ത്ത നല്‍കിയത്. അതിനിടെ, നോട്ടു കത്തിക്കല്‍ നിയമവിരുദ്ധ പ്രവൃത്തിയാണെന്നു ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്നാണ് അറിയുന്നത്. സമൂഹമാധ്യമങ്ങളിലുയര്‍ന്ന ചര്‍ച്ച ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ പ്രശ്നം അന്വേഷിക്കാന്‍ പൊലിസിനെ നിയോഗിച്ചതായും വിവരമുണ്ട്. അതേസമയം, ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശമൊന്നും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.
നവംബര്‍ എട്ടിനു രാത്രി നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനം വരുമ്പോള്‍ 23,000 രൂപയുടെ 1,000ന്റെയും 5,00ന്റെയും നോട്ടുകളാണ് യഹിയയുടെ പക്കലുണ്ടായിരുന്നത്. രണ്ടുദിവസം ക്യൂവില്‍ നിന്നിട്ടും പണം മാറാന്‍ കഴിയാതെ വന്നതിന്റെ അമര്‍ഷത്തിലാണ് അദ്ദേഹം നോട്ടുകള്‍ കത്തിച്ചുകളഞ്ഞത്. പിന്നാലെ തല പകുതി വടിച്ചുകളയുകയും ചെയ്തു. നരേന്ദ്ര മോദിയെ ജനങ്ങള്‍ അധികാരഭ്രഷ്ടനാക്കിയാലേ മുടി വളര്ത്തൂവെന്ന ശപഥത്തിലാണ് യഹിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."