ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കും: മന്ത്രി പി. തിലോത്തമന്‍
പത്തനംതിട്ട: ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുമെന്നും പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ മാര്‍ച്ച് ഒന്നു മുതല്‍ കൊല്ലം ജില്ലയില്‍ പദ്ധതി നടപ്പാക്കുമെന്നും സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി. തിലോത്തമന്‍. പത്തനംതിട്ടയില്‍ നടന്ന റേഷന്‍ വ്യാപാരികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി നടപ്പാക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ വരുത്തിയ ഗുരുതരമായ വീഴ്ചയാണ് സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലാക്കിയത്. അതിനാല്‍ സംസ്ഥാനത്തിന് അര്‍ഹമായ അഡ്‌ഹോക്ക് അലവന്‍സ് ഉള്‍പ്പടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ കേന്ദ്രം നിര്‍ത്തലാക്കി. എ.പി.എല്‍ വിഭാഗക്കാര്‍ക്കുള്ള റേഷന്‍ വിഹിതവും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തി. ഇത് സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് നയം നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
കേരളത്തിലുള്ള 40 ലക്ഷം ഇതര സംസ്ഥാന തൊഴിലാളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബൃഹത്തായ പൊതു വിതരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അര്‍ഹമായ വേതനം നല്‍കി റേഷന്‍ വ്യാപാരികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന ബയോ മെട്രിക് സംവിധാനത്തിന്റെ സഹായത്തോടെ റേഷന്‍ കടകളില്‍ ബാങ്കിംഗ് സേവനങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടന്നു വരുന്നതായും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച വിശദ പഠനത്തിനായി ഒരു സബ് കമ്മിറ്റിയെ നിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന് അനുസരിച്ച് അവസാന തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന റേഷനിംഗ് കണ്‍ട്രോളര്‍ ശശികല യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് പത്മകുമാര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളായ ജോണ്‍സന്‍ വിളവിനാല്‍, തോമസ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."