തെരഞ്ഞെടുപ്പ് ചെലവുകള്‍ 30 ദിവസത്തിനകം ഹാജരാക്കണം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്ഥാനാര്‍ഥികളുടെ അന്തിമ തെരഞ്ഞെടുപ്പ് ചെലവ് വിവരങ്ങള്‍ ഫലപ്രഖ്യാപനം നടന്ന് 30 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവുമായി ബന്ധപ്പെട്ട അന്തിമ വിവരങ്ങള്‍ തയാറാക്കുന്നത് സംബന്ധിച്ച് ജൂണ്‍ 10ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കുമായി പരിശീലന പരിപാടി സംഘടിപ്പിക്കും.
സ്ഥാനാര്‍ഥികളുടെ ചെലവ് രജിസ്റ്റര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഷാഡോ ഒബ്‌സര്‍വേഷന്‍ രജിസ്റ്ററുമായി തട്ടിച്ചുനോക്കി പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിന് ചെലവ് രജിസ്റ്ററും അനുബന്ധരേഖകളുമായി സ്ഥാനാര്‍ഥിയോ ഏജന്റോ ജൂണ്‍ 14ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കും.
മെയ് 19 വരെയുള്ള വരവ് ചെലവ് കണക്കുകള്‍, പൂര്‍ത്തീകരിച്ച രജിസ്റ്റര്‍, അനുബന്ധ രേഖകള്‍ (വൗച്ചര്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റ് ) എന്നിവ സമര്‍പ്പിക്കണം. അനുബന്ധം-15ല്‍ പറയുന്ന ഒന്ന് മുതല്‍ നാലു വരെയുള്ള സംക്ഷിപ്ത വിവരങ്ങളും ഷെഡ്യൂള്‍ 1-9ല്‍ പറയുന്ന പട്ടികകളും പൂര്‍ത്തീകരിച്ച് സ്ഥാനാര്‍ഥി ഒപ്പിട്ട് സമര്‍പ്പിക്കണം.
ഇതോടൊപ്പം പ്രചാരണത്തിനുപയോഗിച്ച വാഹനങ്ങളുടെ ലിസ്റ്റും അനുമതി രേഖകളും സ്ഥാനാര്‍ഥിയോ ഏജന്റോ സാക്ഷ്യപ്പെടുത്തിയ ബാങ്ക് പത്രിക, മാതൃക പ്രകാരമുള്ള സ്ഥാനാര്‍ഥി ഒപ്പിട്ട സത്യവാങ്മൂലം, ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ അയച്ച കത്തുകളുടെ പകര്‍പ്പുകള്‍, ചെലവ് സംബന്ധിച്ച വിശദീകരണം എന്നിവയും ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."