യു.ഡി.എഫ് എം.എല്‍.എമാര്‍ 14ന് ഡല്‍ഹിയില്‍ സത്യഗ്രഹം നടത്തും
കൊച്ചി: കറന്‍സി പ്രശ്‌നത്തില്‍ അടിയന്തര പരിഹാരമുണ്ടാക്കണമെന്നും കേരളത്തിന് ആവശ്യമായ അരി വിഹിതം നല്‍കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാര്‍ 14 ന് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സത്യഗ്രഹം നടത്താന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു.
യു.ഡി.എഫ് എം.പിമാരും സത്യഗ്രഹത്തില്‍ പങ്കെടുക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ യു.ഡി.എഫ് ആരംഭിക്കുന്ന ശക്തമായ പ്രക്ഷോഭത്തിന്റെ തുടക്കമാണിതെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് എന്ന നിലയില്‍ യോജിച്ചും പാര്‍ട്ടികള്‍ അവരുടേതായ രീതിയിലും പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
ഏകാധിപതിയുടെ അരാജകത്വ ഭരണത്തിന്റെ ദുരന്തമാണ് രാജ്യം നേരിടുന്നത്. യാതൊരു ഗൃഹപാഠവും ചെയ്യാതെ തിടുക്കത്തില്‍ എടുത്ത തീരുമാനത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സാധാരണക്കാരാണ്.
ഇതുപോലൊരു ദുരന്തം രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ബി.ജെ.പിക്കെതിരേ സമരം നടത്താന്‍ സി.പി.എമ്മിന്റെ സര്‍ട്ടിഫിക്കറ്റ് യു.ഡി.എഫിന് ആവശ്യമില്ല. സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും താളം തെറ്റിയെന്ന് യു.ഡി.എഫ് യോഗം വിലയിരുത്തി.
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് റേഷന്‍ വിതരണം കാര്യക്ഷമമായിരുന്നു. അധിക റേഷന്‍ വിഹിതവും കേന്ദ്രത്തില്‍ നിന്ന് വാങ്ങിയെടുക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു കഴിഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടുകയാണ്. കഴിഞ്ഞ ഒക്ടോബറിന് ശേഷം സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നോട്ടുമില്ല, അരിയുമില്ല. സഹകരണ ബാങ്കും പൂട്ടി. ഇതാണ് ഇന്ന് കേരളത്തിന്റെ അവസ്ഥയെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ സമീപനം ഗ്രാമങ്ങളില്‍ സാധാരണക്കാരെ ബുദ്ധിമുട്ടിലും പട്ടിണിയിലുമാക്കി മാറ്റിയിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദ് ,മറ്റു ഘടകകക്ഷി നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."