കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് കരാര്‍ മേഖലയെ തകര്‍ക്കും;ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്
ആലപ്പുഴ: ചെറുകിട കരാറുകാരെ പൂര്‍ണമായി ഒഴിവാക്കുന്നതിനായി കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്ന് ആള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കരാറുകാര്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിന് കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.എന്നാല്‍ അസോസിയേഷന് ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇത് 2017 മാര്‍ച്ച് വരെ മരവിപ്പിച്ചിരുന്നതാണ്.എന്നാല്‍ ഈ സര്‍ക്കാര്‍ ഇത് നടപ്പാക്കാന്‍ നിര്‍ബന്ധം പിടിക്കുകയാണെന്നും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത് ഉദ്യോഗസ്ഥര്‍ക്ക് അഴിമതി നടത്താന്‍ വേണ്ടിയാണെന്നും അവര്‍ ആരോപിച്ചു.
പൊതുമരാമത്ത് വര്‍ക്കുകള്‍ കോടികളുടേതാക്കി ടെണ്ടര്‍ ചെയ്യുന്നത് ചെറുകിട കരാറുകാരുടെ ജീവിത മാര്‍ഗ്ഗം ഇല്ലാതാക്കുന്നതാണെന്നും അതിനാല്‍ വര്‍ക്കുകള്‍ ചെറുതാക്കി ടെണ്ടര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരപരിപാടികളുമായി അസോസിയേഷന് മുന്നോട്ട് പോകുമെന്നും ആദ്യപടിയായി നാളെ ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.ആലപ്പുഴ മിനിസിവില്‍ സ്റ്റേഷനിലെ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിന് മുന്നിലാണ് മാര്‍ച്ചും ധര്‍ണയും നടത്തുകയെന്ന് ഭാരവാഹികളായ എ.എ ജോസഫ്, ഷിബു കെ ജോണ്‍, കെ.ജി പ്രഭാകരന്, തോമസ് കളരിക്കല്‍, അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."