കലോത്സവത്തിലും നോട്ട് പ്രതിസന്ധി; ആര്‍.ബി.ഐക്കു കത്ത് നല്‍കും
കണ്ണൂര്‍:സംസ്ഥാന സ്‌കൂള്‍ കലോത്സവ നടത്തിപ്പില്‍ നോട്ട് പ്രതിസന്ധി മുന്നില്‍കണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കു കത്ത് നല്‍കാന്‍ തീരുമാനം. പ്രതിസന്ധി മറികടക്കാന്‍ സഹായം അഭ്യര്‍ഥിച്ചാണു ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം. ബാബുരാജ് കത്ത് സമര്‍പ്പിക്കുക. ഒരുക്കങ്ങള്‍ക്ക് ആഴ്ചകള്‍ മാത്രം ശേഷിക്കെ പണം നോട്ടുകളായി ലഭ്യമാക്കണമെന്നും ചെക്കുകള്‍ ഉടന്‍ മാറി നല്‍കാനും ആവശ്യപ്പെട്ടാണു കത്ത്.
99.8 ലക്ഷം രൂപയാണു കലോത്സവത്തിന്റെ ബജറ്റ് തുക. ഇതില്‍ 50.7 ലക്ഷം രൂപയുടെ ചെക്കുകള്‍ ഇതിനകം ലഭിച്ചു. എന്നാല്‍ ഈ ചെക്കുകളുമായി ബാങ്കില്‍ എത്തിയപ്പോഴാണു നോട്ട് പ്രതിസന്ധി അറിയിച്ച് ബാങ്ക് അധികൃതര്‍ കൈമലര്‍ത്തിയത്. ജനുവരി ഒന്നിനു പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്നതായും അതുവരെ ഒന്നുംചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെന്നുമാണു ബാങ്ക് അധികൃതരുടെ വിശദീകരണം. ഷൊര്‍ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനും നോട്ട് പ്രതിസന്ധി ബാധിച്ചിരുന്നു.
34 ലക്ഷം രൂപയോളം ചെലവഴിച്ച ശാസ്ത്രമേളയ്ക്കായി സര്‍ക്കാര്‍ നേരിട്ട് ആര്‍.ബി.ഐക്കു കത്ത് നല്‍കിയാണു പ്രശ്‌നം പരിഹരിച്ചത്. എന്നാല്‍ ഇക്കുറി തുകയുടെ വര്‍ധന പ്രതിസന്ധി രൂക്ഷമാക്കും.
ജനുവരി ഒന്നിനു പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കലോത്സവത്തിന്റെ നടത്തിപ്പ് ആശങ്കയിലാവുമെന്നാണു സംഘാടകര്‍ നല്‍കുന്ന സൂചന. ആവശ്യമായ പന്തല്‍, സ്റ്റേജ്, ഭക്ഷണം തുടങ്ങിയവ ഒരുക്കുന്നതിനു നേരിട്ടു പണം ലഭിക്കേണ്ടതുണ്ട്.
ചെക്കുകള്‍ക്കു പകരമായി തുക നോട്ടുകളായി ലഭിച്ചാലേ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ തൊഴിലാളികളും തയാറാവൂ. 29നു രാവിലെ പ്രധാന വേദിയായ കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ പന്തല്‍ കാല്‍നാട്ടുന്നതോടെ ഒരുക്കങ്ങള്‍ ആരംഭിക്കാനാണു തീരുമാനം.
നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവം അവതാളത്തിലാകാതിരിക്കാന്‍ ആര്‍.ബി.ഐ സഹായം ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണു സംഘാടകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."