എം.എല്‍.എ. ഇടപെട്ടു: വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്റെ ശോച്യാവസ്ഥക്ക് പരിഹാരമാകുന്നു
വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയില്‍വെ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ നരീഷ് ലാല്‍വാനി പി.അബ്ദുല്‍ഹമീദ് എം.എല്‍.എ.യുടെ നേതൃത്വത്തിലുള്ള നിവേദകസംഘത്തിന് ഉറപ്പുനല്‍കി.
എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 1.93 കോടി രൂപ ചിലവഴിച്ചു നിര്‍മിച്ച റെയിവെ അടിപ്പാത നിര്‍മാണത്തിലെ അപാകത കാരണം അപ്രോച്ച് റോഡുകള്‍ നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തുന്നതിനും സാങ്കേതിക വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് പരിഹരിക്കാന്‍ വേണ്ടതു ചെയ്യുമെന്നും ഡി.ആര്.എമ്മുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.
പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവു മൂലം യാത്രക്കാര്‍ മരിക്കാനിടയായ സംഭവമുണ്ടായിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് എം.എല്‍.എ ഡി.ആര്.എമ്മിനെ നേരില്‍ക്കണ്ട് പരാതി നല്കാന് തീരുമാനിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.ശോഭന, ജില്ലാ പഞ്ചായത്ത് അംഗം ബക്കര്‍ ചെര്ന്നൂര്, സ്ഥിരം സമിതി ചെയര്മാന് നിസാര്‍ കുന്നുമ്മല്‍, റെയില്വെസ്റ്റേഷന് ഡവലപ്പ്മെന്റ് കമ്മിറ്റി സിക്രട്ടറി പി.പി.അബ്ദുറഹിമാന്, ഒ.ലക്ഷ്മി, അഡ്വ. രവി മംഗലശ്ശേരി എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."