നൃത്തച്ചുവടുകളില്‍ മൂന്നാം നാള്‍
കോഴിക്കോട്: കൗമാര കലാ ചാരുതയ്ക്ക് നൃത്തച്ചുവടുകളിലൂടെ മിഴിവേകി മൂന്നാം ദിനം. ഇതുവരെയുള്ള മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാലുശ്ശേരി ചേവായൂര്‍ ഉപജില്ലകള്‍ മുന്നില്‍.
തൊട്ടുപിന്നില്‍ കോഴിക്കോട് സിറ്റി ഉപജില്ലയാണുള്ളത്. ലാസ്യ നടനത്തിന്റെയും നാട്ടു നന്മകള്‍ നിറഞ്ഞ നാടന്‍ പാട്ടിന്റെയും ഈരടികള്‍ അരങ്ങ് തകര്‍ത്തപ്പോള്‍ മുഴുവന്‍ സദസിലും കലാ പ്രേമികളെ കൊണ്ട് നിറഞ്ഞിരുന്നു. മത്സരങ്ങള്‍ വൈകിത്തുടങ്ങിയെന്ന പരാതി പതിവ് പോലെ ഇന്നലെയും ഉയര്‍ന്ന് കേട്ടു.
സംഘനൃത്തം, കുച്ചിപ്പുടി, ഭരതനാട്യം, മാര്‍ഗം കളി, ദഫ് മുട്ട്, അറബന മുട്ട്, വഞ്ചിപ്പാട്ട്, നാടന്‍ പാട്ട് തുടങ്ങി 23 മത്സരങ്ങള്‍ പതിനാല് വേദികളിലായിട്ടാണ് ഇന്നലെ നടന്നത്. യു.പി,ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചേവായൂര്‍ ഉപജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സിറ്റി ഉപജില്ലയും ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഇന്നലെ വേദികളെല്ലാം അധ്യാപികമാരാണ് കൈകാര്യം ചെയ്തത്. ചരിത്രത്തിലാദ്യമായാണ് എല്ലാ വേദികളുടേയും മത്സര നടത്തിപ്പ് വനിതാ അധ്യാപകര്‍ ഏറ്റെടുത്തത്. സ്‌റ്റേജ് മാനേജര്‍, ഐഡന്റിറ്റി ഫയലിങ് ഓഫിസര്‍, അനൗണ്‍സര്‍ കോഡര്‍, ടൈമര്‍, ലൈസണ്‍ ഓഫിസര്‍ എന്നി ചുമതലകളെല്ലാം അധ്യാപികമാരാണ് നിര്‍വഹിച്ചത്. എന്നാല്‍ ചില വേദികളില്‍ വൈകിട്ടോടെ അധ്യാപകര്‍ അനൗണ്‍സര്‍മരായി എത്തിയിരുന്നു.
മദ്ഹ് വര്‍ഷത്തില്‍ ദഫ് മുട്ട്-
അറബനമുട്ട് മത്സരങ്ങള്‍
കോഴിക്കോട്: യാ ശൈഖ് മുഹിയുദ്ധീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി..... കാലത്തിന്റെ മഹാ പ്രവാഹത്തിലും ആത്മീയതയുടെ അസ്തമിക്കാത്ത സൂര്യ തേജസായ മുഹയിദ്ദീന്‍ ശൈഖിന്റെയും റിഫാഈ ശൈഖിന്റെയും മദ്ഹു വര്‍ഷമായിരുന്നു ഇന്നലെ നടന്ന ദഫ്മുട്ട്- അറബനമുട്ട് മത്സരങ്ങള്‍. പുതുമയുള്ള താളവും തെളിമയുള്ള മദ്ഹ് ഗാനങ്ങളും നിറഞ്ഞു നിന്ന മത്സരങ്ങള്‍ വേദി എട്ട് ഭൂപാളത്തിലാണ് നടന്നത്. ദഫ് മുട്ടില്‍ കാലികമായ രീതിയിലുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും പാരമ്പര്യ തനിമ നിലനിര്‍ത്തിയാണ് എല്ലാ ടീമുകളും രംഗത്തെത്തിയത്. വെള്ള ജുബ്ബയും നീളന്‍ തലപ്പാവും ധരിച്ചുള്ള വേഷവും യാ അല്ലാഹ് യാ ശൈഖ് നീട്ടി വിളിയും ദഫ് മുട്ടിന്റെ തന്മയത്വം നഷ്ടപ്പെട്ടിട്ടില്ല എന്നു വിളിച്ചറിയിക്കുന്നതായിരുന്നു. അയഞ്ഞ താളത്തില്‍ തുടങ്ങി പതിയെ വേഗത കൂട്ടി മുറുകി തീരുന്ന ദഫ് മുട്ടില്‍ ടീമുകളെല്ലാം ഒരേ രീതി തന്നെയാണ് അവലംബിച്ചത്. ഇരുന്നു തുടങ്ങി നിവര്‍ന്നു മുട്ടി ആടി മുറുകുന്ന കളി അവസാനത്തിലാണ് ഹരം പിടിക്കുന്നത്. സ്ഥല പരിമിതികള്‍ക്കിടയില്‍ നിന്നു കൊണ്ടും സദസില്‍ വന്‍ ജനാവലിയായിരുന്നു.
ഉറുദു രചനാ മത്സരങ്ങളില്‍ ഇരട്ട നേട്ടവുമായി മുഹമ്മദ് സാക്കിബ് അന്‍സാരി
കൊടുവള്ളി: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഉറുദു രചനാ മത്സരങ്ങളില്‍ മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയര്‍ സെക്കന്റന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് സാക്കിബ് അന്‍സാരിക്ക് തിളക്കമാര്‍ന്ന നേട്ടം.
ഹയര്‍ സെക്കന്റന്‍ഡറി വിഭാഗം ഉറുദു ഉപന്യാസത്തിലും കഥാരചനയിലും ഒന്നാമതെത്തി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ ബീഹാര്‍ ഭഗല്‍പൂര്‍ സ്വദേശിയായ മുഹമ്മദ് സാക്കിബ് അന്‍സാരി മുക്കം മുസ്‌ലിം ഓര്‍ഫനേജ് അന്തേവാസിയും രണ്ടാം വര്‍ഷ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയുമാണ്.
ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുമ്പോള്‍ രണ്ട്തവണ സംസ്ഥാന സ്‌കൂള്‍ കലോലത്സവം ഉറുദു രചനാ മത്സരങ്ങളില്‍ എ ഗ്രേഡ് നേടിയ സാക്കിബ് ഇക്കുറി മാതൃഭാഷ ഉറുദുവായ കശ്മീരി മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് രണ്ട് ഇനങ്ങളിലും ഒന്നാമതെത്തിയത്. ഭഗല്‍പൂര്‍ സ്വദേശികളായ മുഹമ്മദ് തസ്‌ലിം-ഫരീദ ദമ്പതികളുടെ മകനായ സാക്കിബ് ആറു വര്‍ഷം മുന്‍പാണ് മുക്കം ഓര്‍ഫനേജില്‍ അന്തേവാസിയായി എത്തുന്നത്. മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹൈസ്‌കൂളില്‍ ഉറുദു പഠിപ്പിക്കുന്ന മൈമൂന ടീച്ചറാണ് പരിശീലനവും പ്രചോദനവും നല്‍കി തന്നെ മികച്ച നേട്ടങ്ങളിലെത്തിച്ചതെന്ന് സാക്കിബ് അന്‍സാരി സുപ്രഭാതത്തോട് പറഞ്ഞു. വായനയും സംഗീതവും ഇഷ്ടപ്പെടുന്ന സാക്കിബ് അന്‍സാരിക്ക് പഠിച്ച് ഡോക്ടറാവാനാണ് ആഗ്രഹം. മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് റിസ്‌വാന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഉറുദു കവിതാ രചനാ മത്സരത്തിലും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
വിഷ്ണു പ്രസാദിന്റെ ഈണത്തിന്
ശ്രോദ്ധാക്കളുടെ എ ഗ്രേഡ്
കോഴിക്കോട്: ഇനിയൊരു ഗാനം നിനക്കായ് പാടാം എന്ന വരികള്‍ക്ക് വിഷ്ണു പ്രസാദ് ഈണമിട്ടപ്പോള്‍ മാര്‍ക്കിടാന്‍ വിധികര്‍ത്താക്കളാരും മുന്നിലുണ്ടായിരുന്നില്ല. കാരണം വിഷ്ണുവിന്റെ പാട്ടിനെ വിലയിരുത്താന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ജീവിതമെന്ന വലിയ വിധിയെ അതിജയിക്കാന്‍ ജെ.ഡി.റ്റി ഇസ്‌ലാം സ്‌പെഷ്യല്‍ സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിയാണ് വിഷ്ണു.
ഭക്ഷണ ഹാളില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ വച്ചാണ് വിഷ്ണു അതിമനോഹരമായ രീതീയില്‍ രണ്ടു പാട്ടുകള്‍ പാടിയത്. പ്രണയവും വിരഹവും വിരിഞ്ഞതായിരുന്നു രണ്ടു പാട്ടുകളും. ജീവിതത്തിന്റെ അസ്വാഭാവികമായ പ്രശ്‌നങ്ങളൊന്നും പ്രതിഫലിക്കാതെ ഈണമിട്ട പാട്ടുകള്‍ക്കു സദസ്സിന്റെ ഹര്‍ഷാരവവും ലഭിച്ചു. പഠന മേഖലയില്‍ അല്‍പം പിന്നിലാണെങ്കിലും പാടാനും പറയാനും വിഷ്ണു എന്നും മുന്നിലാണെന്ന് അധ്യാപികമാര്‍ പറയുന്നു. ചേളന്നൂര്‍ സ്വദേശികളായ പ്രകാശന്‍ ഗീത ദമ്പതികളുടെ മകനാണ്. പ്രൈമറി സ്‌കൂളിലും തുടര്‍ന്ന് മായനാട് വെക്കേഷന്‍ ട്രൈനിങ് സെന്ററിലും പരിശീലനം ലഭിച്ച ശേഷമാണ് വിഷ്ണു ജെ.ഡി.റ്റിയില്‍ എത്തിയത്. ഒരു വര്‍ഷമായി ഇവിടെ തന്നെയാണ് പഠിക്കുന്നത്.
വിഷ്ണുവിന്റെ ഓര്‍മകള്‍ക്കു കരുത്തു കുറവാണെങ്കിലും പാട്ടോര്‍മക്കു നല്ല ശക്തിയുണ്ട്. പഴയ പാട്ടുകളെല്ലാം ഈ വിദ്യാര്‍ഥിക്കു മനപ്പാഠമാണ്.
ഓര്‍മയുടെ അറകളില്‍ നിന്നും പൊടി തട്ടിയെടുത്ത് ഏതു പാട്ടു വേണമെങ്കിലും വിഷ്ണു പാടും. ഭിന്നശേഷിയുടെ കിതപ്പുകളില്ലാതെ ഭാവവും താളവും ലയവുമെല്ലാം ചോര്‍ന്നു പോവാതെ ആവാഹിച്ചു തന്നെ. കാംപസില്‍ കലാമേള പൊടിപൊടിക്കുമ്പോള്‍ ജെ.ഡി.റ്റിയിലെ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും നല്ല ആവേശത്തിലാണ്.
പാട്ടും നൃത്തവും കാണാനും ആസ്വദിക്കാനും അവരും എത്തുന്നുണ്ട്. ഇവര്‍ക്കു മാതൃതുല്ല്യമായി സ്‌നേഹവും പരിചരണവും പിന്തുണയും നല്‍കി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശര്‍മിളയും സബീറയുമുണ്ട് . ഈ വിദ്യാര്‍ഥികള്‍ ജില്ലാ കലാമേളയില്‍ മത്സരിക്കുന്നില്ലെങ്കിലും മറ്റു വിദ്യാര്‍ഥികളൊടൊപ്പം മത്സരിക്കാന്‍ കഴിവുള്ളവര്‍ ഇവിടെയുണ്ടെന്ന് അധ്യാപികമാര്‍ പറയുന്നു.
നാടകം: അഭിനയ മികവിന്റെ സാക്ഷ്യപ്പെടുത്തല്‍
കോഴിക്കോട്: വേദി നാല് സാവേരിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം നാടകം അഭിനയ മികവിന്റെ സാക്ഷ്യപ്പെടുത്തലായി. നോട്ടും നോട്ടിനായുള്ള നെട്ടോട്ടവും വിദ്യാര്‍ഥികള്‍ തകര്‍ത്തഭിനയിച്ചു.
ദലിത് പിന്നാക്ക വിഭാഗങ്ങളുടെ മോചനത്തിന്റേയും രോഹിത് വെമുലയുടെ ആത്മഹത്യയുടേയും കഥ പറയുന്ന നാടകം കാണാന്‍ വലിയ സദസ്സ് തന്നെ എത്തിയിരുന്നു. മേമുണ്ട എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കൊട്ടേം കരിയും എന്ന നാടകം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. കഴിഞ്ഞ സംസ്ഥാന കലോലത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ഇവര്‍ ഈ തവണയും ജില്ലയില്‍ മികച്ച അഭിനയമാണ് പുറത്തെടുത്തത്. നാടക പ്രവര്‍ത്തകനായ പരപ്പനങ്ങാട് സ്വദേശി റഫീഖ് മംഗലശ്ശേരിയാണ് നാടകം എഴുതിയതും സംവിധാനം ചെയ്തതും.
12 വര്‍ഷമായി നാടക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റഫീഖിന് സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പിന്നാക്ക ജാതിയുടെ കഥ പറയുന്ന ധാരാളം നാടകങ്ങളും അരങ്ങിലെത്തിയിരുന്നു. കാലിക പ്രസക്തിയുള്ള നിരവധി പ്രമേയങ്ങള്‍ അവതരിപ്പിച്ച നാടക വേദയില്‍ വിദ്യാര്‍ഥികള്‍ മികച്ച അഭനയമാണ് പുറത്തെടുത്തത്. എന്നാല്‍ അണിയറയിലെ ഒരുക്കം കാരണം വളരെ വൈകിയാണ് നാടകം നടക്കുന്നത്. നാടകം കാണാനായി മാത്രം എത്തിയവരെ ഇതു നിരാശപ്പെടുത്തി.
മുശാറഅയില്‍ വീണ്ടും മുഹമ്മദ്
കോഴിക്കോട്: മുശാറഅയില്‍ ഇത്തവണയും പേരോട് എം.ഐ.എം. എച്ച്.എസ്.എസിലെ കെ.പി മുഹമ്മദ് താരമായി. കഴിഞ്ഞ വര്‍ഷംസംഥാന ചാമ്പ്യനായ മുഹമ്മദ് ഇത്തവണയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നേട്ടം ആവര്‍ത്തിക്കാനുള്ള കുതിപ്പിലാണ്.
നാദാപുരം ചെക്യാട് കെ അബൂബക്കര്‍ മുസ്‌ലിയാര്‍-ഖദീജ ദമ്പതികളുടെ മകനായ മുഹമ്മദ് പ്രമുഖ മാപ്പിളപ്പാട്ട്, അറബി കവിതാ രചയിതാവ് എം.എച്ച് വള്ളുവങ്ങാടിന്റെ പുളിയാവ് ദര്‍സ് വിദ്യാര്‍ഥിയാണ്. എം.എച്ച് വള്ളുവങ്ങാട് രചിച്ച അറബി കവിതയിലെ 1000 വരികളാണ് മുഹമ്മദ് ഹൃദ്യസ്ഥമാക്കി മുശാറഅ മത്സരത്തിനെത്തിയത്. എട്ട് വര്‍ഷമായി ഇദ്ദേഹത്തിന്റെ മുര്‍ശിദീ ദര്‍സ് വിദ്യാര്‍ഥികളാണ് മുശാറഅ മത്സരത്തില്‍ സ്റ്റേറ്റ് താരങ്ങള്‍. കെ.പി മുഹമ്മദ് ജില്ലാമത്സരത്തില്‍ 15പേരെ മറികടന്നാണ് സ്റ്റേറ്റ് മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയത്.
ട
മികച്ച കാഴ്ച്ചാനുഭവവുമായി
സംഘനൃത്തം
കോഴിക്കോട്: ആവര്‍ത്തന വിരസതയുണ്ടെങ്കിലും കാഴ്ച്ചക്കാര്‍ക്ക് നവ്യാനുഭൂതി സമ്മാനിക്കുന്നതായിരുന്നു സംഘനൃത്തം.
സമകാലിക വിഷയങ്ങള്‍ ഇതിവൃത്തമാക്കിയാണ് പല ടീമും വേദിയിലെത്തിയത്. മത മൈത്രിയുടെ ചരിത്രവും ആവശ്യകതയും വിളിച്ചോതിയും നൃത്തച്ചുവടുകള്‍ വച്ചു. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തതില്‍ ഒന്നാം സ്ഥാനം നേടിയ 'അയ്യപ്പനും വാവരും' എന്ന സംഘനൃത്തമാണ് കുടുതലായും അവതരിപ്പിക്കപ്പെട്ടത്.
അയ്യപ്പനോടു യുദ്ധത്തില്‍ തോറ്റ വാവരെ ഉപദേശങ്ങളാല്‍ അനുനയിപ്പിച്ചതാണ് നൃത്തത്തിന്റെ ഇതിവൃത്തം.
മതത്തിന്റെ പേരില്‍ സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നല്‍കുന്ന സന്ദേശമായതിനാലാണ് ഈ സംഘനൃത്തം തെരഞ്ഞെടുക്കാന്‍ കാരണമെന്ന് മല്‍സരാര്‍ത്ഥികള്‍ പറയുന്നത്.
നാടക വേദിക്കു പുറത്തും 'അഭിനയം'
കോഴിക്കോട്: വേദി നാലില്‍ യു.പി വിഭാഗം നാടക മത്സരത്തില്‍ ലോട്ടെടുക്കാന്‍ എത്താതിരുന്ന ടീമുകള്‍ക്ക് വീണ്ടും അവസരം നല്‍കിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. മൂന്നാംക്ലസ്റ്ററില്‍ പങ്കെടുക്കേണ്ട മൂന്ന് ടീമുകള്‍ സമയത്തിന് എത്താത്തതിനാല്‍ അവസരം റദ്ദാക്കിയിരുന്നു. വേദിയില്‍ ഇത് അനൗണ്‍സും ചെയ്തു. എന്നാല്‍, വൈകിട്ട് ആറരയോടെ ടീമുകള്‍ എത്തിയപ്പോള്‍ ഇവര്‍ക്ക് സംഘാടകര്‍ അവസരം നല്‍കി. ഇതോടെ മറ്റ് സ്‌കൂളുകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന ഡോക്ടറുടെ സാക്ഷ്യപത്രവുമായാണ് ടീമുകള്‍ എത്തിയതെന്നായിരുന്നു സംഘാടകരുടെ വിശദീകരണം. ഡി.ഡി.ഇയുടെ അനുമതിയോടെയാണ് ഇവര്‍ക്ക് അവസരം നല്‍കിയതെന്നും സംഘാടകള്‍ പറഞ്ഞു. പൊലിസ് ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. രാത്രിയില്‍ വെളിച്ചം കുറഞ്ഞ സമയത്ത് നാടകം അവതരിച്ചാല്‍ കുടുതല്‍ ആകര്‍ഷകമാകുമെന്നതിനാല്‍ ടീമുകള്‍ ബോധപൂര്‍വം വൈകി എത്തുന്നതായാണ് നാടക പ്രവര്‍ത്തകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."