വികസനത്തിലെ ജനകീയ പങ്കാളിത്തം സമൃദ്ധിയുടെ സവിശേഷത: മുഖ്യമന്ത്രി
കണ്ണൂര്‍: സംരംഭക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജനകീയ പങ്കാളിത്തം സാധ്യമാക്കുന്നുവെന്നതാണ് ഉത്തര മലബാറിന്റെ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സമൃദ്ധി സംരംഭകത്വ അവബോധ പരിശീലനത്തിന്റെ സവിശേഷതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഉത്തരമലബാറിന്റെ സുസ്ഥിരവികസനം എല്ലാവര്‍ക്കും വരുമാനം എന്ന ലക്ഷ്യവുമായി കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളജില്‍ തളിപ്പറമ്പ് എം.എല്‍.എ ജെയിംസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമൃദ്ധി 2017 പത്ത് ദിന സംരംഭകത്വ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ഗതിയില്‍ ഇത്തരം ശില്‍പശാലകള്‍ ആദ്യം സംസ്ഥാനതലത്തിലും പിന്നീട് ജില്ലാ തലങ്ങളിലുമാണ് നടക്കുക.
എന്നാല്‍ താഴേത്തട്ടിലുള്ള ഗുണഭോക്താക്കളുടെ സജീവ പങ്കാളിത്തത്തോടെ സംരംഭകത്വ പരിശീലനങ്ങള്‍ നല്‍കാനാവുന്നുവെന്നതാണ് സമൃദ്ധിയുടെ പ്രത്യേകത. ആദ്യഘട്ടത്തില്‍ തള്ളിപ്പറമ്പ് മണ്ഡലത്തിലും പിന്നീട് ഉത്തര മലബാറില്‍ ഒന്നാകെയും പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.
ഇതിന് മുന്‍കൈയെടുത്ത എം.എല്‍.എയെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
യുവാക്കള്‍ കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൊഴിലന്വേഷിച്ച് നടക്കുന്ന രീതിക്ക് പകരം പഠനം കഴിയുന്നതോടെ അവരെ തൊഴില്‍ ദാതാക്കളാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൂടെ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജെയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായി. എം.പിമാരായ പി. കെ ശ്രീമതി ടീച്ചര്‍, കെ.കെ രാഗേഷ്, എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള ടീച്ചര്‍, തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ അള്ളാംകുളം മഹ്മൂദ്, കില ഡയരക്ടര്‍ പി.പി ബാലന്‍, ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ടി.ഡി ജോണ്‍, കെ ദാമോദരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."