നൃത്താഞ്ജലി
കണ്ണൂര്‍: യദുനന്ദനയ്ക്ക് കാലം യവനികയ്ക്കുള്ളില്‍ കരുതിവച്ച സമ്മാനം കാണാന്‍ ആ മാതാപിതാക്കള്‍ക്കായില്ല. മുന്‍പേ പറന്നകന്ന അവര്‍ ഇപ്പോള്‍ സര്‍ഗത്തിലിരുന്നു സന്തോഷിക്കുന്നുണ്ടാകും. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എഗ്രേഡും രണ്ടാം സ്ഥാനവും നേടിയ യദുനന്ദനയുടെ ജീവിതം കണ്ണീരില്‍കുതിര്‍ന്ന വേദിയാണ്. മകളെ നാടറിയുന്ന നര്‍ത്തകിയാക്കണമെന്ന ആഗ്രഹം ബാക്കിവച്ച് ആദ്യം അമ്മയും മാസങ്ങള്‍ക്ക് മുന്‍പ് അച്ഛനും അവളെ വിട്ടകന്നു.
പിന്നെ മുത്തച്ഛനും മുത്തശ്ശിയും അമ്മാവനും ബന്ധുക്കളും അവള്‍ക്കു തണലായി. അവര്‍ തങ്ങളുടെ നന്ദുവിനെ നൃത്തമഭ്യസിപ്പിച്ചു. കലാമണ്ഡലം രഞ്ജിത്തിന്റെ ശിക്ഷണത്തില്‍ നൃത്തപഠനം തുടങ്ങി.
നിളയില്‍ ഇന്നലെ അതിന്റെ പൂര്‍ത്തീകരണമായിരുന്നു. രാഗമാലിക രാഗത്തില്‍ 'മാതേതൃപുരസുന്ദരി'യില്‍ മഹിഷാസുരവധത്തിന്റെ കഥയാടി അരങ്ങിലെത്തിയ യദുനന്ദന നവരസങ്ങള്‍ പകര്‍ന്നാടി. ഫലം വന്നപ്പോള്‍ പൊഴിഞ്ഞ കണ്ണുനീര്‍ അവളുടെ ജീവിതാനന്ദത്തിന്റേതായിരുന്നു.
വയനാട് വടുവന്‍ചാല്‍ ജി.എച്ച്.എസ്.എസിലെ പത്താംതരക്കാരിക്കിത് മത്സരമല്ല. അമ്മയ്ക്കും അച്ഛനുമുള്ള നൃത്താഞ്ജലിയാണ്.
ഒരാഗ്രഹം കൂടി ബാക്കിയുണ്ട് ഈ മിടുക്കിക്ക്. ചെന്നൈ കലാക്ഷേത്രയില്‍ ചേര്‍ന്ന് നൃത്തത്തില്‍ തുടര്‍പഠനം നടത്തണം. പക്ഷേ ഒന്നിനും ഒരുറപ്പില്ല. അതാണു ജീവിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."