സഊദിയില്‍ വിദേശികള്‍ക്ക് ഇനി വീട്ടില്‍വച്ചും വിവാഹം നടത്താം
ജിദ്ദ: സഊദിയില്‍ വിദേശികള്‍ക്ക് ഇനി വിവാഹം കഴിക്കാന്‍ കോടതിയില്‍ പോവേണ്ട. വീട്ടില്‍വെച്ചും കല്യാണം നടത്താന്‍ നീതിന്യായ മന്ത്രാലയം അനുമതി നല്കി. ഇതുസംബന്ധിച്ച് രജിസ്ട്രേഷന് ഓഫീസുകള്‍ക്ക് സഊദി നീതിന്യായ മന്ത്രാലയം നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
വിവാഹ നിയമത്തിലെ പത്താം ഖണ്ഡികയില്‍ ഭേദഗതി വരുത്തിയാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നതെന്നും കോടതി നടപടികള്‍ സുഗമമായി നടക്കാനും പുതിയ ഉത്തരവ് പ്രയോജനപ്പെടുമെന്ന് നിയമമന്ത്രി ഡോ. വലീദ് അല്സം ആനി അറിയിച്ചു.
കോടതികളില്‍ വച്ച് മാത്രമായിരുന്നു മുമ്പ് വിവാഹം അനുവദിച്ചിരുന്നത്. കല്യാണച്ചടങ്ങുകള്‍ വീടുകളില്‍ നടത്തുന്നതിന് ഇതിനു മുമ്പ് സഊദി സ്വദേശികള്‍ക്ക് മാത്രമായിരുന്നു അവകാശം. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശികള്‍ക്കും വീട്ടില്‍വെച്ചു വിവാഹച്ചടങ്ങുകള്‍ നടത്താം.
പ്രവാസികളായ വരനും വധുവും വധുവിന്റെ പിതാവും സാക്ഷികളുമെല്ലാം കോടതിയിലെത്തി വിവാഹച്ചടങ്ങുകള്‍ നടത്തിയ ശേഷം വിവാഹ രജിസ്റ്ററില്‍ ഒപ്പുവയ്ക്കുകയാണ് നിലവിലെ രീതി. ഇതുമൂലം വിവാഹിതരാവുന്നവര്‍ക്കും അവരുടെ കുടുംബത്തിനുമുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.
റിയാദിലേയും മദീനയിലേയും വിവാഹക്കോടതികളുടെ കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ പുതിയ രീതിയിലുള്ള വിവാഹത്തിന് അനുമതി നല്‍കുക. പിന്നീട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഈ സൗകര്യം സജീവമാക്കും. തുടക്കത്തില്‍ അറബി ഭാഷ സംസാരിക്കുന്നവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. അതേസമയം കഴിഞ്ഞ വര്‍ഷം വിദേശികളുടെ വിവാഹം ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് റിയാദിലാണ്. 1044 വിവാഹങ്ങളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."