കൊല്‍ക്കത്തയും ഗോവയും നേര്‍ക്കുനേര്‍; സാള്‍ട്ട്‌ലേക്കില്‍ ചരിത്രം മായുമോ?
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പുതുവര്‍ഷത്തിലെ ആദ്യ പോരില്‍ കരുത്തരായ എഫ്.സി ഗോവയും നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്തയും ഏറ്റുമുട്ടും. സാള്‍ട്ട്‌ലേക്കിലെ വിവേകാനന്ദ യുവഭാരതി ക്രിരംഗനില്‍ രാത്രി എട്ടിനാണ് മത്സരം. എ.ടി.കെയ്ക്കും ഗോവയ്ക്കും ഇന്നത്തെ പോരാട്ടം നിര്‍ണായകമാണ്.
ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയും അടക്കം 12 പോയിന്റോടെ എഫ്.സി ഗോവ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം, രണ്ട് സമനില, രണ്ട് തോല്‍വിയുമായി എട്ട് പോയിന്റോടെ എ.ടി.കെ ഏഴാം സ്ഥാനത്തും. എ.ടി.കെയെ ഇന്ന് തോല്‍പിക്കാനായാല്‍ എഫ്.സി ഗോവയ്ക്കു 15 പോയിന്റ് നേടി ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താനാവും.
സൂപ്പര്‍ ലീഗിലെ ഇതുവരെയുള്ള പോരാട്ട ചരിത്രം എ.ടി.കെയ്ക്ക് ഒപ്പമാണ്. എട്ട് തവണയാണ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയത്. ഒരിക്കല്‍ പോലും ഗോവയ്ക്ക് വംഗദേശക്കാരെ തോല്‍പ്പിക്കാനായിട്ടില്ല. മൂന്ന് വിജയവും അഞ്ച് സമനിലയുമാണ് ഇതുവരെയുള്ള ചരിത്രം.
നാലാം പതിപ്പിലെ കഴിഞ്ഞ പോരില്‍ എ.ടി.കെ ഒരു ഗോളിന് ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തി. എഫ്.സി ഗോവയാവട്ടെ ഏകപക്ഷീയമായ രണ്ട് ഗോളിന് പൂനെ സിറ്റി എഫ്.സിയോട് അടിയറവു പറഞ്ഞു. പൂനെക്കെതിരേ ലഭിച്ച അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോയതാണ് തോല്‍വിക്ക് കാരണമെന്ന് ഗോവയുടെ സഹപരിശീലകന്‍ ഡെറിക് പെരേര പറഞ്ഞു. അതുപോലെ ചില തീരുമാനങ്ങള്‍ ഞങ്ങള്‍ക്ക് എതിരായിരുന്നു. അതെല്ലാം ഫുടോബോളിന്റെ ഭാഗമാണ്. അവയെല്ലാം മറന്നു വീണ്ടും വിജയ വഴിയിലേക്ക് തന്നെ തിരിച്ചെത്താനാണ് ഇന്ന് ശ്രമിക്കുക.
ഞങ്ങളുടെ ശൈലിയും ടീമിനെ വിന്യസിപ്പിക്കുന്നതും ഫുട്‌ബോള്‍ കളിക്കുന്നതും എല്ലാം ആഹ്ലാദം ജനിപ്പിക്കുന്നതാണെന്നും ഡെറിക് പെരേര പറഞ്ഞു. സ്ഥിരം ആക്രമണ ശൈലിയില്‍ നിന്നും മാറി പ്രതിരോധത്തിനു ഊന്നല്‍ നല്‍കിയുള്ള പോരാട്ടമാവും ഇന്ന് എ.ടി.കെയ്‌ക്കെതിരേ ഗോവ പുറത്തെടുക്കുക. ആക്രമണ ഫുട്‌ബോളിനു ഊന്നല്‍ നല്‍കിയായിരുന്നു ഇതുവരെ ഗോവ കളിച്ചത്.
ഇതിനിടെ ലഭിച്ച തിരിച്ചടികള്‍ കണക്കിലെടുത്താണ് ഗോവയുടെ ചുവട് മാറ്റം. ഡിസംബര്‍ 31നായിരുന്നു എ.ടി.കെ - ഗോവ പോരാട്ടം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മത്സരം ജനുവരി മൂന്നിലേക്കു മാറ്റുകയായിരുന്നു. മുഴുവന്‍ ടീമുമായിട്ടാണ് ഗോവ എത്തുന്നത്. ടീമില്‍ ആര്‍ക്കും പരുക്കില്ലെന്നത് ഗോവയ്ക്ക് സന്തോഷം നല്‍കുന്നതാണ്.
തങ്ങളെ സംബന്ധിച്ച് ഈ മത്സരം വളരെ നിര്‍ണായകമാണെന്നും രണ്ടു ശൈലികള്‍ തമ്മിലുള്ള മാറ്റുരയ്ക്കലാണ് ഇതെന്നും ഡെറിക് പെരേര വ്യക്തമാക്കി.
ടെഡി ഷെറിങ്ഹാം പരിശീലിപ്പിക്കുന്ന എ.ടി.കെയിലേക്ക് പരുക്കില്‍ നിന്നും മുക്തനായ സൂപ്പര്‍ താരം റോബി കീന്‍ എത്തിയത് നവോന്മേഷം നല്‍കുന്നതാണ്.
ലോക പ്രശസ്ത താരമാണ് റോബി കീന്‍. ടീമിന്റെ പരിശീലനത്തില്‍ റോബി കീനിന്റെ സാന്നിധ്യം മറ്റുകളിക്കാര്‍ക്ക് ഊര്‍ജ്ജദായകമാണെന്നു ടെഡി ഷെറിങ്ഹാം പറഞ്ഞു. സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതും എതിരാളികളുടെ തട്ടകത്തില്‍ പന്തുതട്ടുന്നതും തമ്മിലുള്ള അന്തരം താന്‍ കാര്യമാകുന്നില്ലെന്ന് മാഞ്ചസ്റ്റര്‍ യൂനൈറ്റഡിന്റെ മുന്‍ സ്‌ട്രൈക്കര്‍ കൂടിയായ ടെഡി ഷെറിങ്ഹാം പറഞ്ഞു. ടീമിന്റെ ശൈലിയില്‍ മാറ്റം വരുത്തുമെന്ന സൂചനയും അദ്ദേഹം നല്‍കി. മുന്‍ പോരാട്ടങ്ങളില്‍ പ്രതിരോധത്തിനായിരുന്നു പ്രധാനമായും എ.ടി.കെ ശ്രമിച്ചിരുന്നത്. ഇന്ന് മുതല്‍ എതിരാളികളെ പതിയിരുന്നു ആക്രമണ ശൈലിയിലേക്ക് മാറാനുള്ള തയ്യാറെടുപ്പുകള്‍ എ.ടി.കെ പൂര്‍ത്തിയാക്കി. ആക്രമണ ശൈലിയിലേക്ക് തിരിച്ചെത്താന്‍ തന്റെ ടീം മാനസികമായി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്ന് ടെഡി ഷെറിങ്ഹാം പറഞ്ഞു. ആദ്യം ഗോള്‍ നേടാനുള്ള കളിയാവും എ.ടി.കെ പുറത്തെടുക്കുക. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമാക്കി എ.ടി.കെയും വിജയ വഴിയിലേക്ക് തിരികെയെത്താന്‍ എഫ്.സി ഗോവയും പന്തുതട്ടുമ്പോള്‍ പോരാട്ടത്തിന് വീറും വാശിയുമേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."