വിവരാവകാശത്തില്‍ വെള്ളം ചേര്‍ക്കില്ല- മുഖ്യമന്ത്രി
തിരുവനന്തപുരം: വിവരാവകാശത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മറിച്ചുള്ള വ്യാഖ്യാനങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വാക്കുകള്‍ വിവരാവകാശ നിയമത്തിന് എതിരല്ല. നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന വ്യാഖ്യാനം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുസര്‍ക്കാര്‍ മുന്‍സര്‍ക്കാരിനെ പോലെയെന്നു വരുത്താന്‍ ശ്രമിക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യമൂല്യങ്ങളുടെ താല്പര്യത്തിലല്ല. തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവരെ തടയേണ്ടതുണ്ട്. എന്നാല്‍ ഇതിനു ചുമതലപ്പെട്ടവരും മറിച്ചു നിലപാടെടുക്കുന്നുവെന്നും പിണറായി വിമര്‍ശിച്ചു.
മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ചിലകാര്യങ്ങള്‍ നടപ്പാക്കിയ ശേഷമേ പുറത്തറിയിക്കാന്‍ കഴിയൂ. മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ ചിലത് പുറത്തായാല്‍ നടപ്പാക്കാന്‍ കഴിയാതെ വരും. അതിനാല്‍ ലക്ഷ്യപ്രാപ്തിയിലെത്തിയ ശേഷമേ പുറത്തുപറയാനാകൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍ പിണറായിയുടെ വാക്കുകള്‍ വിവാദമാകുകയും എല്‍.ഡി.എഫിന്റെ ഘടകകക്ഷി കൂടിയായ സി.പി.ഐ തന്നെ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."