മലാപറമ്പ് സ്‌ക്കൂള്‍ വിഷയം: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: മലാപ്പറമ്പ് സ്‌ക്കൂള്‍ വിഷയത്തില്‍ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം. വിഷയത്തില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്ച്ച പറ്റിയെന്ന് ഹൈക്കോടതി വീക്ഷിച്ചു. കോടതി ഉത്തരവ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ തന്നെ ഉത്തരവിറക്കിയതാണെന്നും എന്നിട്ടും നടപടി ഉണ്ടാവാത്തത് എന്തുകൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു.അതേ സമയം സ്‌ക്കൂളിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രണ്ട് ആഴ്ച്ച സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഹൈക്കോടതി.
കഴിഞ്ഞ ജനുവരി 18 തന്നെ കോടതി സ്‌ക്കൂള്‍ പൂട്ടാന്‍ മാനേജ്‌മെന്റിന് അനുമതി നല്‍കിയിരുന്നു. മാര്‍ച്ച് 31 നു മുന്‍പ് സ്‌ക്കൂള്‍ പൂട്ടണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ സ്‌ക്കൂളിലെത്തിയ എ.ഇ.ഒ യെ സ്‌ക്കൂള്‍ സംരക്ഷണ സമിതിയും നാട്ടുകാരും ചേര്‍ന്ന് തിരിച്ചയച്ചിരുന്നു. കോടതി ഉത്തരവുണ്ടെങ്കിലും സ്‌ക്കൂള്‍ അടച്ചുപൂട്ടാന്‍ സമ്മതിക്കില്ലെന്നാണ് സമരസമിതി പറയുന്നു. 70 പേര്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് നടത്തുവാനുള്ള അധികാരം നഗരസഭയ്ക്ക് നല്‍കുകയോ ചെയ്യണമെന്നാണ് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ ആവശ്യം.
കഴിഞ്ഞമാസവും മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടുവാനായി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ എത്തിയിരുന്നു. എന്നാല്‍ സ്‌കൂള്‍ സംരക്ഷണ സമിതിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അന്ന് സ്‌കൂള്‍ പൂട്ടാനായില്ല. അന്ന് സ്‌കൂളിന്റെ താക്കോല്‍ സ്‌കൂള്‍ സംരക്ഷണസമിതി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
145 വര്‍ഷത്തെ പഴക്കമുള്ള സ്‌കൂള്‍ 2014 ഏപ്രില്‍ 10 ന് അര്‍ധരാത്രി മാനേജര്‍ പി.കെ. പത്മരാജും സഹോദരന്‍ പി.കെ. അജിത്തും ചേര്‍ന്ന് മണ്ണുമാന്തി ഉപയോഗിച്ച തകര്‍ത്തതോടെയാണ് വിഷയം പൊതുജന ശ്രദ്ധയാകര്‍ഷിച്ചത്.
ശക്തമായ ബഹുജനരോഷത്തെത്തുടര്‍ന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ 40 ദിവസത്തിനകം പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. സമൂഹത്തിന്റെ നാനാഭാഗത്തുനിന്നും കിട്ടിയ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പുനര്‍നിര്‍മ്മാണം നടത്തി സുഗമമായ അധ്യായനം നടത്തിവരുന്നതിനിടെയാണ് കേരള വിദ്യാഭ്യാസ ചട്ടത്തിലെ പഴുതുപയോഗിച്ച് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനായി സ്‌കൂള്‍ മുന്‍ മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചതെന്ന് സമരസമിതി ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."