ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ-ഗേറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റ് ഉപയോഗപ്പെടുത്തുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതായി എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗം മേധാവി കേണല്‍ മുഹമ്മദ് റാഷിദ് അല്‍മസ്‌റൂഇ വെളിപ്പെടുത്തി. വിമാനത്താവള നിബന്ധനകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഓഫിസ് ഉദ്ഘാടനം കഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഡിസംബറില്‍ ഇ-ഗേറ്റ് സേവനം നടപ്പിലാക്കിയതു മുതല്‍ അത് ഉപയോഗപ്പെടുത്തുന്ന യാത്രക്കാരുടെ എണ്ണം 80 ശതമാനത്തോളം ഉയര്‍ന്നതായി അല്‍മസ്‌റൂഇ പറഞ്ഞു. ദിവസവും ഇ-ഗേറ്റ് ഉപയോഗിച്ചിരുന്ന യാത്രക്കാരുടെ എണ്ണം 1300ല്‍ നിന്നും 8000മായാണ് ഉയര്‍ന്നിരിക്കുന്നത്.
കണ്ണടയാളവും വിരലടയാളവും എട്ട് സെക്കന്‍ഡിനുള്ളിലും മറ്റ് യാത്രാ നടപടികള്‍ 30 സെക്കന്‍ഡുകള്‍ക്കുള്ളിലും പൂര്‍ത്തീകരിക്കാന്‍ ഇ-ഗേറ്റ് വഴി സാധിക്കും. ഐഡന്റിറ്റി കാര്‍ഡും പാസ്‌പോര്‍ട്ടും ഉപയോഗിച്ചുകൊണ്ട് സൗജന്യമായി ഇ-ഗേറ്റ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ 19 ഇ-ഗേറ്റുകളും അറൈവല്‍ ലോഞ്ചില്‍ 16 ഇ-ഗേറ്റുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്.
അതേസമയം, ട്രാന്‍സിറ്റ് യാത്രക്കാരൊഴിച്ച് 50,000 യാത്രക്കാര്‍ തിങ്കള്‍ മുതല്‍ ശനി വരെ ഹമദ് എയര്‍പോര്‍ട്ട് വഴി കടന്നുപോകുന്നതായി അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."