ഭവാനി പുഴയില്‍ ചെക്ഡാം നിര്‍മാണം; ആനക്കട്ടിയില്‍ തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം
അഗളി: ഭവാനി പുഴയില്‍ നിര്‍മിക്കുന്ന ചെക്ക് ഡാം നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപെട്ട് തമിഴ്‌നാട്ടിലെ ഡി.എം.കെ പ്രവത്തകര്‍ ഉള്‍പെടെ പതിനഞ്ചോളം രാഷ്ട്രിയ കക്ഷികള്‍ കേരള അതിര്‍ത്തിയായ ആനക്കട്ടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പുതൂര്‍ പഞ്ചായത്തിലെ തേക്കുവട്ടയിലാണ് ചെക്ക് ഡാം നിര്‍മിക്കുന്നത്.
കേവലം അഞ്ച് അടിമാത്രമുള്ള ചെക്ഡാമാണ് മൈനര്‍ ഇറിഗേഷന്‍ വിഭാഗം നിര്‍മിക്കുന്നത്. അട്ടപ്പാടിയിലെ ജനങ്ങള്‍ പ്രധാനമായി കുടിവെള്ളത്തിനും, കാര്‍ഷിക ആവശ്യത്തിനും വേണ്ടി ഉപയോഗിക്കുന്നത് ഭവാനി പുഴയെയാണ്.
കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ ഭാവാനി പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഭവാനി പുഴയിലെ ഇരുകരകളിലുമുള്ള കര്‍ഷകരുടെയും ഊരുകളിലേക്കും ഇതിനാല്‍തന്നെ രൂക്ഷമായ വെള്ളക്ഷാമമാണ് നേരിടുന്നത്. ഇതുപരിഹരിക്കുന്നതിനായാണ് ചെക്ഡാം നിര്‍മിക്കുന്നത്. എന്നാല്‍ മിനി ചെക്ഡാം നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെച്ച് തമിഴ്‌നാട്ടിലേക്കുള്ള വെള്ളം തടയരുതെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
ദ്രാവിഡ മുന്നേറ്റ കഴകം, തന്തയ് പെരിയാര്‍ ദ്രാവിഡ കഴകം, മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലൈ ചിരുത്തൈ, തമിഴ് മാനില കോണ്‍ഗ്രസ് കക്ഷി എന്നി തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രിയ കക്ഷികള്‍ ചേര്‍ന്നാണ് സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. തമിഴ്‌നാട്ടില്‍നിന്ന് ലഭിക്കുന്ന ഭക്ഷ്യ വസ്തുകള്‍ കേരളത്തിലേക്ക് വിട്ട് നല്‍കില്ലെന്നും, കേരള മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നും സമരക്കാര്‍ പറഞ്ഞു. കൂടാതെ ഈ വിഷയത്തില്‍ പ്രധാന മന്ത്രിയേയും കാണുമെന്ന് സമരക്കാര്‍ പറഞ്ഞു. അട്ടപ്പാടിയില്‍ നിര്‍മിക്കുന്ന തടയണകള്‍ മുഴുവന്‍ നിര്‍ത്തിവെക്കണണെന്ന് സമരക്കാര്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഡി.എം.കെ. നേതാവ് രാമകൃഷ്ണനാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തമിഴ്‌നാട് പൊലിസ് കനത്ത കാവലാണ് ആനക്കട്ടിയില്‍ ഏര്‍പ്പെടുത്തിയത്. നാല് ഭാഗങ്ങളിലായി ബാരിക്കേടുകള്‍ വെച്ച് സമരക്കാരെ പൊലിസുകാര്‍ തടഞ്ഞു. കോയമ്പത്തൂര്‍ എസ്.പി. ആര്‍.വി.രമ്യഭാരതി ഐ.പി.എസിന്റെ നേതൃത്വത്തിലാണ് പൊലിസ് നിലയുറപ്പിച്ചത്.
അതിര്‍ത്തിയില്‍ അട്ടപ്പാടി ഡി.വൈ.എസ്.പി. സുബ്രമഹ്ണ്യന്റെ നേതൃത്വത്തില്‍ അഗളി സി.ഐ. പി.എം. സിദ്ദീഖ്, അഗളി, ഷോളയൂര്‍ എസ്.ഐമാരടക്കം കനത്ത പൊലിസ് സംരക്ഷണവും നല്‍കിയിരുന്നു. സമരക്കാരെ പിന്നീട് തമിഴ്‌നാട് പൊലിസ് അറസ്റ്റു ചെയ്ത് നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."