മറക്കില്ല വികസനശില്‍പ്പിയെ
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിന് ഒരിക്കലും മറക്കാനാവാത്തെ വികസനശില്‍പ്പിയാണ് ഇ അഹമ്മദിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. അദ്ദേഹം ചെയര്‍മാനായപ്പോഴാണ് താവക്കര സബ്‌വേ രൂപകല്‍പ്പന ചെയ്തത്. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി സി.എച്ച് മുഹമ്മദ് കോയയായിരുന്നു തറക്കല്ലിട്ടത്. കണ്ണൂര്‍ സ്‌റ്റേഡിയത്തിന് തുടക്കമിട്ടത് എന്‍.കെ കുമാരന്‍ ചെയര്‍മാനായിരുന്ന കാലത്തായിരുന്നു. എന്നാല്‍ അതു പൂര്‍ത്തിയാക്കിയത് ഇ അഹമ്മദിന്റെ കാലത്താണ്.
ലോകരാഷ്ട്രങ്ങളില്‍ മുഴുവന്‍ നയതന്ത്ര മികവുമായി തിളങ്ങി നിന്ന അഹമ്മദ് സാഹിബ് മരണം വരെയും കണ്ണൂരിനോട് ഗൃഹാതുരതത്വം പുലര്‍ത്തിയിരുന്നു. ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് പോകുമ്പോഴും തന്നെ താനാക്കിയ കണ്ണൂരിനെ മറക്കാന്‍ അദ്ദേഹം തയാറായില്ല.
കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ പുതു തലമുറക്കാരെപ്പോലും പേരെടുത്തുവിളിക്കാനുള്ള ആത്മബന്ധം അദ്ദേഹം പുലര്‍ത്തിയിരുന്നു. പാര്‍ട്ടിയില്‍ ഗൗരവകരമായ ഇടപെടലുകള്‍ ആവശ്യമായ ഘട്ടത്തില്‍ ദേശീയ നേതാവെന്ന നിലയിലാതെ തന്നെ ഏഴുപതിറ്റാണ്ടിന്റെ അനുഭവം പരിചയത്താല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിനു കഴിഞ്ഞു. സമയം കിട്ടുമ്പോഴെക്കെ കണ്ണൂര്‍ സിറ്റിയിലെ വീട്ടില്‍ താമസിക്കാന്‍ അദ്ദേഹമെത്തുമായിരുന്നു. കുറച്ചു നാളായി ഈ വീട് പൂട്ടിക്കിടക്കുകയാണ്.
അടുത്ത ആഴ്ച താന്‍ സിറ്റിയില്‍ വരുമെന്നും അതിനാല്‍ വീട് വൃത്തിയാക്കിവയ്ക്കണമെന്നും അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹം വീണ്ടും സ്വവസതിയിലെത്തുന്നത് പ്രിയപ്പെട്ടവരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങുന്നതിനായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."