തിരുവനന്തപുരത്തേക്കുള്ള സഊദി എയര്‍ലൈന്‍സ് സര്‍വീസ് ഏപ്രില്‍ മുതല്‍
ജിദ്ദ: സഊദിയില്‍ നിന്ന് പുതുതായി തിരുവനന്തപുരത്തേക്ക് ആരംഭിക്കുന്ന സഊദി എയര്‍ലൈന്‍സ് ടിക്കറ്റ് ട്രാവല്‍സ് ഏജന്‍സികള്‍ ബുക്കിങ് ആരംഭിച്ചു. സഊദി എയല്‍ലൈന്‍സ് ജിദ്ദയില്‍ നിന്നും റിയാദില്‍ നിന്നും നേരിട്ട് തിരുവനന്തപുരത്തേക്ക് ഏപ്രില്‍ ഒന്നു മുതല്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നത്. ജിദ്ദയില്‍ നിന്ന് വ്യാഴാഴ്ചയും ശനിയാഴ്ചയമായിരിക്കും തുടക്കത്തില്‍ സര്‍വീസ് നടത്തുക. റിയാദില്‍ നിന്ന് ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലുമായിരിക്കും സര്‍വീസ് ഉണ്ടാവുക. ഇതേ ദിവസങ്ങളില്‍ തന്നെയായിരിക്കും തിരുവനന്തപുരത്ത് നിന്ന് സഊദിയിലേക്കുള്ള തിരിച്ചുള്ള സര്‍വീസ്. പുലര്‍ച്ചെ 3.50ന് പുറപ്പെടുന്ന എസ്.വി 751 വിമാനം ഉച്ചക്ക് 12ന് തിരുവനന്തപുരത്തെത്തും. തിരിച്ച് എസ്.വി 752 വിമാനം 1.30ന് പുറപ്പെട്ട് വൈകുന്നേരം 4.45ന് ജിദ്ദയിലെത്തും വിധമാണ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 277 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എയര്‍ ബസ് എ 330-300 വിമാനമാണ് സര്‍വീസിനുപയോഗിക്കുക. ഇതോടെ കേരളത്തിലെ തെക്കന്‍ ജില്ലക്കാരായ പ്രവാസികളുടെ ചിരകാലാഭിലാഷമാണ് സാക്ഷാത്കരിക്കുക. ഇപ്പോള്‍ ജിദ്ദയില്‍നിന്ന് ഒരു എയര്‍ലൈന്‍സും നേരിട്ട് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്നില്ല.
സഊദി എയര്‍ലൈന്‍സ് ഇതുവരെ കൊച്ചി, കോഴിക്കോട് സര്‍വീസുകളാണ് നേരിട്ട് നടത്തിയിരുന്നത്. ഇതില്‍ കോഴിക്കോട് സര്‍വീസ് വിമാനത്താവള വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒന്നര വര്‍ഷത്തോളമായി നിറുത്തിവച്ചിരിക്കുകയാണ്. നിലവിലെ കൊച്ചി സര്‍വീസിനു പുറമെ കോഴിക്കോട്ടേക്ക് പറന്നിരുന്ന വിമാനങ്ങളും ഇപ്പോള്‍ കൊച്ചിയിലേക്കാണ് പോകുന്നത്. എങ്കിലും ഈ സെക്ടറില്‍ സഊദിക്ക് നിറയെ യാത്രക്കാരാണ്. തിരുവനന്തപുരം സര്‍വീസ് കൂടി ആരംഭിച്ചാല്‍ കേരളത്തിലേക്കുള്ള സഊദിയയുടെ ബിസിനസില്‍ ഗണ്യമായ വര്‍ധനവായിരിക്കും ഉണ്ടാവുക.
തിരുവനന്തപുരം സര്‍വീസ് തിരുവനന്തപുരത്തുകാരായ പ്രവാസികള്‍ക്കു മാത്രമല്ല, പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലക്കാര്‍ക്കു കൂടി പ്രയോജനപ്പെടും. ഇതിനു പുറമെ തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി ജില്ലക്കാര്‍ക്കും സര്‍വീസ് പ്രയോജനപ്പെടുത്താനാവും. തെക്കന്‍ ജില്ലക്കാരുടെ വിവിധ പ്രവാസി സംഘടനകള്‍ ജിദ്ദയില്‍നിന്ന് നേരിട്ട് തിരുവനന്തപുരത്തേക്ക് സര്‍വീസ് ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും, എയര്‍ലൈന്‍സ് അധികൃതര്‍ക്കുമെല്ലാം ഒട്ടേറെ നിവേദനങ്ങള്‍ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."