ഇതരസംസ്ഥാന വാഹനങ്ങളില്‍ ലഹരികടത്ത്: കര്‍ശന നിരീക്ഷണവും പരിശോധനയും നടത്തുമെന്ന്്
പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളിലൂടെയുളള ലഹരി കടത്ത് തടയാന്‍ കര്‍ശന നീരിക്ഷണവും പരിശോധനയും നടത്താന്‍ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലഹരി നിരോധന ജില്ലാതല ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇത്തരത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യൂസ് ജോണ്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടുമാസകാലയളവില്‍ നടത്തിയ പരിശോധനയില്‍ അട്ടപ്പാടി ആദിവാസി മേഖലയായ ആനക്കട്ടിയില്‍ നിന്നും മദ്യം വാങ്ങി ബസിലൂടെ കടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ജനമൈത്രി സ്‌ക്വാഡും അഗളി റേഞ്ച് പാര്‍ട്ടികളും നടത്തിയ വാഹന പരിശോധനയില്‍ 91.80 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്ത് കേസെടുത്തിട്ടുണ്ട്. സ്്ക്കൂള്‍ പരിസരങ്ങളിലെ ലഹരിവിതരണവും ഉപയോഗവും കര്‍ശനവും സൂക്ഷ്മവുമായി നിരീക്ഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
ഇത്തരത്തില്‍ പിടിക്കപ്പെടുന്ന കുട്ടികളെ സമൂഹമധ്യത്തില്‍ അപമാനിതരാക്കാതെയും ഭാവിക്ക് കോട്ടം തട്ടാതെയും മാത്രമേ ശിക്ഷാ നടപടികള്‍ സ്വീകരിക്കാവൂ എന്നും രക്ഷിതാക്കളുടെയും അടുത്ത ബന്ധുക്കളുടേയും സ്‌നേഹസമീപനത്തോടെ അവരെ ലഹരിയില്‍ നിന്ന് മോചിതരാക്കണമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ബോധവത്ക്കരണം ഒരളവു വരെ മാത്രമേ ഫലവത്താവൂയെന്നതിനാല്‍ കര്‍ശന പരിശോധനയും ശിക്ഷാ നടപടികളുമാണ് വേണ്ടതെന്നും ലഹരിമോചിതരാകണമെന്ന സ്വയം തോന്നലാണ് അവരില്‍ ഉണ്ടാക്കേണ്ടതെന്നും സമിതിയംഗങ്ങള്‍ അറിയിച്ചു.
2016 ഡിസംബര്‍ മുതലുളള രണ്ട് മാസകാലയളവില്‍ എക്‌സൈസ് വിഭാഗം ജില്ലയില്‍ 1394 പരിശോധനകള്‍ നടത്തിയതില്‍ 187 അബ്ക്കാരി കേസുകള്‍ എടുത്തു.82 എന്‍.ഡി.പി.എസ് (നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റെന്‍സസ്) കേസുകളും 609 പൊതുസ്ഥലത്തെ പുകവലി നിരോധനപ്രകാരമുളള കേസുകളും ചാര്‍ജ് ചെയ്തു.
185ഓളം പേര്‍ ഇതുമാ.ി ബന്ധപ്പെട്ട്് അറസ്റ്റിലായി. 11 വാഹനങ്ങളും പിടിച്ചെടുത്തു. കേസുകള്‍ പ്രകാരം 27.345 കി.ഗ്രാം കഞ്ചാവ്, 172 കഞ്ചാവ് ചെടികള്‍, 37 ലിറ്റര്‍ ചാരായം, 635 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിക വിദേശമദ്യം , 539 ലിറ്റര്‍ കള്ള്, 2634 ലിറ്റര്‍ വാഷ്, 11443 പാക്കറ്റ് ഹാന്‍സ് എന്നിവ പിടിച്ചെടുത്തു. 14254 വാഹനങ്ങളില്‍ നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന് 573.68 ഗ്രാം സ്വര്‍ണ്ണം, 9.56 ലക്ഷം ബ്ലാക്ക് മണി, എന്നിവ കണ്ടെത്തി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ അറിയിച്ചു.
ഇത്തരത്തില്‍ രേഖകളില്ലാതെ കടത്തിയ ഇലക്ടോണിക്‌സ് ഉപകരണങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് 2,02,750 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. സര്‍ക്കാറിന്റെ ലഹരിവര്‍ജന യജ്ഞമായ വിമുക്തിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി ഒന്‍പതിന് രാവിലെ 10.30ന് ടൗണ്‍ഹാളില്‍ മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കുമെന്നും വിമുക്തിയുമായി ബന്ധപ്പെട്ടുളള ബ്ലോക്ക്-പഞ്ചായത്ത് തല കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും യോഗത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കമ്മീഷ്ണര്‍ വിജയന്‍, കേരള മദ്യനിരോധന സമിതി അംഗം കെ. ഖാദര്‍ മൊയ്തീന്‍, കെ.എ കമറുദ്ദീന്‍, ടി.എസ് തിരുവെങ്കിടം, അട്ടപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍, ജി.അഭിലാഷ്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധുരി പത്മനാഭന്‍, ആലത്തൂര്‍ എക്‌സൈസ് സി.ഐ എസ്. വിനോദ് കുമാര്‍, ചിറ്റൂര്‍ എക്‌സൈസ് സി.ഐ പി.അനില്‍കുമാര്‍, പാലക്കാട് എക്‌സൈസ് സി.ഐ കെ. ജയപാലന്‍, മണ്ണാര്‍ക്കാട്് എക്‌സൈസ് സി.ഐ ബി. രാമചന്ദ്രന്‍, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ എ. രമേഷ്, ഒറ്റപ്പാലം എക്‌സൈസ് സി.ഐ ആര്‍.എം വിനീത് കാരാണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."