ഏഴ് സംസ്ഥാനങ്ങളില്‍ ഹജ്ജ് ക്വാട്ടക്ക് അനുസരിച്ചുള്ള അപേക്ഷകരില്ല
കൊണ്ടോട്ടി: രാജ്യത്ത് ഹജ്ജ് ക്വാട്ട വീതം വച്ചപ്പോള്‍ ഏഴ് സംസ്ഥാനങ്ങളില്‍ ക്വാട്ടക്ക് അനുസരിച്ചുള്ള അപേക്ഷകരില്ല. കേരളത്തില്‍ അരലക്ഷത്തിലേറെ അപേക്ഷകര്‍ സീറ്റുകിട്ടാതെ കാത്തിരിക്കുമ്പോഴാണ് ബംഗാള്‍, ബിഹാര്‍, അസം, പഞ്ചാബ്, ത്രിപുര, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ കുറവായതിനാല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നത്. ഏഴിടങ്ങളിലായി അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടന്ന 20,964 സീറ്റുകള്‍ അപേക്ഷകര്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കി.
ഈ വര്‍ഷം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ആകെ ലഭിച്ചത് 3,55,604 അപേക്ഷകളാണ്. ഇവര്‍ക്കായി 1,25,025 സീറ്റുകളാണ് വീതിച്ചു നല്‍കിയത്. അഞ്ച് വിഭാഗമായി തരം തിരിച്ചാണ് ക്വാട്ട വീതിച്ചത്.
മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ ക്വാട്ട വീതം വെക്കുന്നതിനാലാണ് അപേക്ഷകര്‍ കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. ബംഗാളില്‍ ഇത്തവണ 9341 അപേക്ഷകര്‍ മാത്രമാണുള്ളത്.
എന്നാല്‍ മുസ്‌ലിം ജനസംഖ്യ കണക്കാക്കി ഹജ്ജ് ക്വാട്ട നല്‍കിയപ്പോള്‍ 17,735 സീറ്റുകളാണ് ലഭിച്ചത്. 8394 സീറ്റുകളാണ് ബംഗാളില്‍ മാത്രം അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടന്നത്. ബിഹാറില്‍ 12,630 ഹജ്ജ് സീറ്റുകളിലേക്ക് ആകെ അപേക്ഷിച്ചത് 5147 പേര്‍ മാത്രമാണ്. 7483 സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്.
അസമില്‍ 3557 പേര്‍ അപേക്ഷിച്ചപ്പോള്‍ ഹജ്ജ് ക്വാട്ട 7848 ആണ്. 2847 സീറ്റുകളില്‍ അപേക്ഷകരില്ല. ത്രിപുരയില്‍ 227 ഹജ്ജ് സീറ്റുകളിലേക്ക് 156 അപേക്ഷകരാണുള്ളത്. ഇവിടെ 71 സീറ്റുകളുടെ ഒഴിവാണുള്ളത്. പഞ്ചാബില്‍ 304 അപേക്ഷകര്‍ക്ക് 385 സീറ്റുകള്‍ ലഭിച്ചപ്പോല്‍ 81 എണ്ണം ഒഴിഞ്ഞു കിടന്നു.
ജാര്‍ഖണ്ഡില്‍ 3448 സീറ്റുകളിലേക്ക് 2817 അപേക്ഷകരാണുള്ളത്. 621 സീറ്റുകളുടെ ഒഴിവാണുണ്ടായിരുന്നത്.ഹിമാചല്‍ പ്രദേശില്‍ ആകെയുള്ള 108 ഹജ്ജ് ക്വാട്ടയിലേക്ക് ആകെ അപേക്ഷിച്ചത് 85 പേരാണ്. 23 സീറ്റുകള്‍ക്ക് ഇവിടെ ആളുണ്ടായിരുന്നില്ല.
അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടന്ന സീറ്റുകള്‍ അപേക്ഷകര്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്കാണ് വീതംവച്ചു നല്‍കിയത്. ഇതില്‍ 3474 സീറ്റുകളും കേരളത്തിന് ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."