ദേശീയപാത 17ല്‍ അപകടമരണങ്ങള്‍ പെരുകുന്നു; നടപടി സ്വീകരിക്കാതെ അധികൃതര്‍
പറവൂര്‍: ദേശീയപാത 17ല്‍ വാഹനഅപകടങ്ങളും അപകടമരണങ്ങളും അറുതിയില്ലാതെ തുടരുമ്പോഴും സുഗമമായ യാത്രക്കും വാഹനഗതാഗതത്തിനും വേണ്ട നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍. പുതിയ വര്‍ഷം പിറന്നതിനുശേഷം 38 ദിവസത്തിനുള്ളില്‍ വരാപ്പുഴ, പറവൂര്‍, മൂത്തകുന്നം പാതയില്‍ അഞ്ചു മരണങ്ങളാണ് ഉണ്ടായത്.
വരാപ്പുഴ പാലത്തില്‍ ജനുവരി ഒന്നിനു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ അവസാന വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറിലേക്ക് അമൃത വിദ്യാലയത്തിലെ സ്‌കൂള്‍ ബസ് പാഞ്ഞുകയറി രണ്ടു വിദ്യാര്‍ഥിള്‍ മരിച്ചിരുന്നു. അതിനുശേഷം ഈ മേഖലയില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളുണ്ടാകുകയും ഇരുപത്തിയഞ്ചിലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രി മാര്‍ക്കറ്റിനു സമീപമുണ്ടായ അപകടത്തില്‍ പറവൂര്‍ സ്വദേശി ജെയിംസ് മരിച്ചിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച രാത്രി വരാപ്പുഴ പാലത്തിനും ഷാപ്പുപടിക്കുമിടയില്‍ നടന്ന അപകടത്തില്‍ വൃദ്ധദമ്പതികളായ രണ്ടുപേര്‍ മരണപ്പെട്ടതാണ് അവസാനത്തെ സംഭവം. മട്ടാഞ്ചേരി ചെറളായി സ്വദേശി കൃഷ്ണന്‍ (82), ഭാര്യ രുഗ്മിണി (76) എന്നിവരാണു മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ദേശീയപാത 17ല്‍ നീണ്ടൂര്‍ കവലയില്‍ കാര്‍ കടയിലേക്കു പാഞ്ഞുകയറി രണ്ടുപേര്‍ക്കു പരുക്കേറ്റിരുന്നു. തുരുത്തിപ്പുറം കവലയില്‍ രണ്ടാഴ്ചമുന്‍പ് ഓട്ടോറിക്ഷയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു മൂന്നു പേര്‍ക്കും പരുക്കേറ്റു.
തുരുത്തിപ്പുറം ഭാഗത്ത് വീതികുറഞ്ഞറോഡും പാലവുമുള്ളതിനാല്‍ ഏതുസമയവും ഇവിടെ അപകടം സംഭവിക്കാവുന്ന നിലയിലാണ്. എന്നാല്‍, പൊലീസും മോട്ടോര്‍ വാഹനവകുപ്പും ഈ ഭാഗത്തെ തിരക്കു കുറയ്ക്കുന്നതിനും മറ്റും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
നാലു പതിറ്റാണ്ടു മുന്‍പു ദേശീയപാതക്കായി ഏറ്റെടുത്ത സ്ഥലം ഇപ്പോഴും നിര്‍മാണപ്രവര്‍ത്തനങ്ങളാരംഭിക്കാതെ കാടുപിടിച്ച് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.
ദേശീയപാതയില്‍ ജില്ലയില്‍ തന്നെ ഏറ്റവും അധികം വാഹനങ്ങള്‍ സഞ്ചരിക്കുന്ന റൂട്ടാണ് ഇടപ്പിള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള പാത. ഓരോ വര്‍ഷം ചെല്ലുംതോറും വാഹനങ്ങളുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിക്കുമ്പോഴും റോഡ് വികസനം ഒരിഞ്ചുപോലും മുന്നോട്ടുപോകാതെ നിലകൊള്ളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."