നന്മയുടെ പൂമരങ്ങള്‍
കഴിഞ്ഞദിവസം കോഴിക്കോട്ടു നിന്നു വയനാട്ടിലെ കേണിച്ചിറയില്‍ പോയി വരുന്നതിനിടയിലാണ് നന്മയുടെ ആ പൂമരങ്ങളെ യാദൃച്ഛികമായി പരിചയപ്പെടാന്‍ ഇടയായത്. സുല്‍ത്താന്‍ ബത്തേരി റോഡില്‍നിന്നു കേണിച്ചിറയിലേയ്ക്കുള്ള നട്ടെല്ലു തകര്‍ക്കുന്ന യാത്ര കഴിഞ്ഞ് തിരിച്ചു കല്‍പ്പറ്റ നഗരത്തിലെത്തിയപ്പോള്‍ ഓട്ടത്തിനിടയില്‍ കാര്‍ പെട്ടെന്ന് എന്‍ജിന്‍ ഓഫായി നിന്നുപോയി. ബാറ്ററിയില്‍നിന്നുള്ള വൈദ്യുതിബന്ധത്തിലെ തകരാറുകാരണം കാര്‍ സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുക്കാനോ ഡോറു തുറന്നു പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍.
അതിനിടയില്‍, പിന്നിലുള്ള വാഹനങ്ങളില്‍നിന്നു കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹോണ്‍ മുഴങ്ങുന്നുണ്ടായിരുന്നു. കുതിച്ചോട്ടത്തിന് അല്‍പ്പനേരം വിഘ്‌നംവന്നതിലുള്ള കലിപ്പു തീര്‍ക്കുകയായിരുന്നു ഞങ്ങള്‍ക്കു പിറകിലെ വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിലിരിക്കുന്നവര്‍. ഒരു കാരണവും കൂടാതെ ഒരു വാഹനം നടുറോഡില്‍ നിര്‍ത്തിയിടില്ലെന്നോ അതൊന്ന് അരികിലേയ്ക്കു മാറ്റാനുള്ള സമയം വരെയെങ്കിലും ക്ഷമിക്കണമെന്നോ ചിന്തിക്കാതെ അവരെല്ലാം കൂട്ടത്തോടെ ഹോണ്‍ മുഴക്കി 'ശത്രുസംഹാരം' നടത്തുകയായിരുന്നു.
ഇതിനിടയിലാണ് ''എന്താ... എന്തു പറ്റീ...'' എന്ന ചോദ്യത്തോടെ തൊട്ടടുത്ത ഓട്ടോ സ്റ്റാന്റില്‍നിന്നു നാലഞ്ച് ഓട്ടോ ഡ്രൈവര്‍മാര്‍ ഓടിയെത്തിയത്. അവരെല്ലാം ചേര്‍ന്ന് കാറു തള്ളി റോഡരുകിലേയ്ക്കു മാറ്റി. അടഞ്ഞ ഡോറു തുറക്കാന്‍ സഹായിച്ചു. അടുത്തെങ്ങാനും വര്‍ക്ക് ഷോപ്പുണ്ടോയെന്നു ചോദിക്കുംമുമ്പേ അവര്‍ ബോണറ്റു തുറന്നു ബാറ്ററിയുടെ ലൂസ് കോണ്‍ടാക്റ്റ് ശരിയാക്കുന്ന പണിയേറ്റെടുത്തിരുന്നു.
ആവശ്യമുള്ള സ്പാനറും മറ്റും ഓട്ടോറിക്ഷകളില്‍നിന്ന് എത്തുന്നു. മുറുക്കാനാവാത്ത ബോള്‍ട്ടിനും നട്ടിനും പകരം പുതിയതിനായി ഒരാള്‍ തെല്ലകലെയുള്ള സ്‌പെയര്‍ പാര്‍ട്ട് കടയിലേയ്ക്ക്് ഓടുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ സ്റ്റാര്‍ട്ടാക്കി ''ഇനി ഒരു പ്രശ്‌നൂംണ്ടാവില്ല. വര്‍ക്ക് ഷോപ്പിലൊന്നും കാണിക്കണ്ട. ഇങ്ങള് ധൈര്യായി പൊയ്‌ക്കോളിന്‍.'' എന്ന് മനസ്സുതുറന്ന ചിരിയോടെ പറയുന്നു.
കടയില്‍നിന്നു വാങ്ങിയ ബോള്‍ട്ടിന്റെയും നട്ടിന്റെയും പൈസയെങ്കിലും കൊടുക്കണമെന്നുണ്ടായിരുന്നു. ''അതാപ്പം വല്യ കാര്യം.'' എന്ന അവരുടെ പ്രതികരണത്തിനു മുന്നില്‍ ആ നന്മയ്ക്കു വിലയിടേണ്ടെന്നു തീരുമാനിച്ചു.
അവരില്‍ മിക്കവരും യൂനിഫോമിലല്ലാത്തതിനാല്‍ കുശലാന്വേഷണമെന്ന നിലയില്‍ ചോദിച്ചു, ''ഇന്നെന്തേ ഓട്ടമില്ലേ.''
''ഇന്നു ഞങ്ങളുടെ ആംബുലന്‍സിന്റെ ഉദ്ഘാടനമായിരുന്നു. അതിനാലാണ് ഈ വേഷത്തില്‍. ഉദ്ഘാടനം ഇപ്പോള്‍ കഴിഞ്ഞതേയുള്ളു. അതു കഴിഞ്ഞുവരുമ്പഴാ നിങ്ങളെ കാറ് വഴിയില്‍ കിടക്കുന്നതു കണ്ടത്. ഇനി യൂനിഫോം മാറ്റി പണിക്കിറങ്ങണം.''
കൗതുകം തോന്നിപ്പിക്കുന്ന വാര്‍ത്തയായിരുന്നു അവരില്‍നിന്നു കേട്ടത്. പകലന്തിയോളം ഓട്ടോറിക്ഷ ഓടിച്ചു വീടുപുലര്‍ത്താനുള്ളതു നേടാന്‍ പാടുപെടുന്ന ഇവര്‍ അതിലൊരു പങ്ക് സ്വരൂപിച്ച് ആംബുലന്‍സ് വാങ്ങി നിരത്തിലിറക്കിയിരിക്കുന്നു. എന്തുമേതും കാശുണ്ടാക്കാനുള്ള പോംവഴിയായി കാണുന്നവരുടെ മനോഭാവത്തോടെയല്ല, അപകടത്തില്‍പ്പെട്ടോ അല്ലാതെയോ അടിയന്തര ആശുപത്രി പരിചരണം ആവശ്യമുള്ളവരെ സഹായിക്കാന്‍ വേണ്ടി.
കല്‍പ്പറ്റയിലെ ഓട്ടോറിക്ഷാ ജീവനക്കാരെപ്പോലെ 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന' മനുഷ്യസ്‌നേഹികള്‍ പലയിടത്തും കണ്ടേയ്ക്കാം. അവരുടെ എണ്ണം വളരെ തുച്ഛമായിരിക്കാം. എങ്കിലും ഒരു കാര്യം ഉറപ്പാണ്. അവരാണ് യഥാര്‍ഥത്തില്‍ നന്മയുടെ പൂമരങ്ങള്‍. തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം കൊട്ടിഘോഷിച്ചു കൈയടി നേടാന്‍ അവരെ കിട്ടില്ല. അവര്‍ വിശ്വസിക്കുന്നതു കര്‍മത്തിലാണ്, വാചകമടിയിലല്ല.
റോഡില്‍ അപകടങ്ങളുണ്ടാകുമ്പോള്‍ മറ്റെല്ലാം മറന്നും മാറ്റിവച്ചും രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്നത് ആരൊക്കെയാണെന്നു ശ്രദ്ധിച്ചിട്ടുണ്ടോ. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ടെമ്പോ ഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങിയവരായിരിക്കും. കോഴിക്കോട്ടെ ട്രോമാ കെയര്‍ വളന്റിയര്‍മാരില്‍ ബഹുഭൂരിപക്ഷവും ഇത്തരക്കാരാണെന്നു സുഹൃത്തായ പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഓര്‍ക്കുന്നു. റോഡില്‍ പിടയുന്ന മനുഷ്യജീവന്‍ രക്ഷിച്ചതുകൊണ്ട് അവര്‍ക്കു സാമ്പത്തികനേട്ടമൊന്നും കിട്ടാനില്ല. അവരതു പ്രതീക്ഷിക്കുന്നുമില്ല. ആപത്തില്‍ സഹായിക്കല്‍ കടമയാണെന്നു വിശ്വസിക്കുന്നവരാണവര്‍.
റോഡപകടം കണ്ട് കാറ് നിര്‍ത്തി അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ഓടിയെത്തുന്ന എത്ര വെള്ളക്കോളറുകാരെ കാണാറുണ്ട്. തീരെയില്ലെന്നല്ല, അത്യപൂര്‍വമായിരിക്കുമെന്നു മാത്രം. റോഡില്‍ അപകടം നടന്ന് ആളു കൂടുമ്പോള്‍ 'സമ്പന്നവാഹനങ്ങള്‍' എത്രയും പെട്ടെന്നു ആ രംഗത്തുനിന്നു കുതിച്ചോടി രക്ഷപ്പെടുന്ന കാഴ്ച എത്രയോ തവണ കണ്ടിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായാഭ്യര്‍ഥന നടത്തുമ്പോള്‍ അത്യാവശ്യം പറഞ്ഞു തടിതപ്പുന്നവരെയും കണ്ടിട്ടുണ്ട്.
അതേസമയം, റോഡപകടങ്ങളില്‍പ്പെടുന്നവരില്‍ മിക്കവരും ആ 'ഒഴിഞ്ഞുമാറ്റ' വിഭാഗത്തില്‍പ്പെടുന്നവരായിരിക്കും. കഴിഞ്ഞദിവസം എല്ലാവരും നോക്കിയിരിക്കെ ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ ചോരവാര്‍ന്നു മരിച്ച വാര്‍ത്തയുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് മറ്റൊരു 'ഭീകര' വാര്‍ത്ത തൃശ്ശൂരില്‍നിന്നുണ്ടായിരുന്നു. അവിടത്തെ പ്രശസ്തമായ മാളിലെ കഫറ്റീരിയയില്‍വച്ച് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവതിയായ ഡോക്ടര്‍ മരിച്ച വാര്‍ത്തയായിരുന്നു അത്.
ഒന്നിലേറെ ലിഫ്റ്റുള്ള കെട്ടിടമായിട്ടും ശ്വാസംമുട്ടി കുഴഞ്ഞുവീണ ആ യുവതിയെ ലിഫ്റ്റിലെ ആള്‍ത്തിരക്കുകാരണം താഴെയെത്തിക്കാന്‍ ഏറെ സമയമെടുത്തുവെന്നായിരുന്നു വാര്‍ത്ത. താഴെയെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങളൊന്നും കിട്ടിയില്ല. വിലപിടിപ്പുള്ള ഒട്ടനേകം കാറുകള്‍ക്കിടയിലൂടെ അവരെ താങ്ങിയെടുത്തു നടന്നു ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.
ഇവിടെയാണു കല്‍പ്പറ്റയിലെ ഓട്ടോ ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള സാധാരണക്കാരായ മനുഷ്യസ്‌നേഹികളുടെ മഹത്വം നാം തിരിച്ചറിയേണ്ടത്. അത്തരം നന്മനിറഞ്ഞ പൂമരങ്ങള്‍ ലോകത്തെങ്ങും പൂത്തുലയട്ടെയെന്നു പ്രാര്‍ഥിക്കാം. ആ നന്മ നമ്മുടെ മനസ്സിലേയ്ക്കും ഒഴുകിയെത്തട്ടെയെന്നും പ്രാര്‍ഥിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."