ഉപരോധം; 60,000 ഉത്തരകൊറിയന്‍ കുട്ടികള്‍ പട്ടിണിയിലെന്ന് യൂനിസെഫ്
ജനീവ: ഉത്തരകൊറിയക്ക് ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ 60, 000 കുട്ടികളെ ബാധിച്ചതായി യൂനിസെഫ്. അഞ്ച് വയസില്‍ താഴെയുള്ള 60,000 കുട്ടികളാണ് ആവശ്യത്തിന് പോഷകാഹാരം കിട്ടാതെ കഴിയുന്നത്. ഇവിടെ 18 മില്യന്‍ ജനങ്ങളാണ് ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെ ദാരിദ്ര്യത്തില്‍ കഴിയുന്നത്. വെള്ളത്തിന്റെ ലഭ്യതക്കുറവും പോഷകാഹാരക്കുറവുമാണ് കുട്ടികളെ കാര്യമായി ബാധിച്ചിരിക്കുന്നത്. ഇത് മരണത്തിലേക്ക് നയിക്കുന്നത്ര ഗുരുതരമാണന്നും യൂനിസെഫ് പറയുന്നു. ഉപരോധത്തെ മറികടന്ന് സഹായം ചെയ്യാന്‍ ആരും തന്നെ തയാറാകാത്തതാണ് സ്ഥിതി വഷളാക്കിയതെന്ന് യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയരക്ടര്‍ ഉമര്‍ അബ്ദി പറയുന്നു.
കഴിഞ്ഞ നവംബറില്‍ ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതിനെ തുടര്‍ന്നാണ് ഉത്തരകൊറിയക്കുമേല്‍ ഐക്യരാഷ്ട്രസഭ ഉപരോധമേര്‍പ്പെടുത്തുന്നത്. ഈ ഉപരോധമാണ് നിലവില്‍ ഉത്തരകൊറിയയിലെ കുട്ടികളെ ബാധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പും ഐക്യരാഷ്ട്ര സഭയുടെ താക്കീതുകളും മറികടന്നായിരുന്നു മിസൈല്‍ പരീക്ഷണം.
അന്താരാഷ്ട്ര ഉപരോധം ഉത്തരകൊറിയയെ സാരമായി ബാധിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വര്‍ഷം ഉത്തരകൊറിയയിലെ ഭക്ഷ്യക്ഷാമം നേരിടുന്ന കുട്ടികള്‍ക്കായി 16.5 മില്യണ്‍ ഡോളറാണ് യൂനിസെഫിന്റെ സഹായം. ഐക്യരാഷ്ട്രസഭയുടെ ഉപരോധം നിലനില്‍ക്കെ തന്നെയാണ് ഉത്തരകൊറിയയിലെ ദാരിദ്ര്യം മനസിലാക്കി മനുഷ്യാവകാശ സംഘടനകള്‍ സഹായവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."