റബറിലേക്കു മാറിയ കര്‍ഷകര്‍ക്കു നിരാശ കാശുവാരി കശുവണ്ടി; കിലോ 140 രൂപ
ചെറുവത്തൂര്‍: ഒരു കാലത്ത് തകര്‍ന്നടിഞ്ഞ കശുവണ്ടി വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുയര്‍ന്നതോടെ റബറിലേക്ക് വഴിമാറിയ കര്‍ഷകര്‍ക്കു നിരാശ. ഏതാണ്ട് ഇരുപത് വര്‍ഷം മുന്‍പാണ് കാസര്‍കോട്ടെ കൃഷിയിടങ്ങളില്‍ കശുമാവുകള്‍ക്ക് കോടാലി വീണത്. കിലോയ്ക്ക് പരമാവധി 40 രൂപ വരെ മാത്രം ലഭിച്ചിരുന്ന കശുവണ്ടിയെ കൈയൊഴിഞ്ഞ് കര്‍ഷകര്‍ പൊന്നിന്‍ വില പ്രതീക്ഷിച്ചാണു റബര്‍ കൃഷിയിലേക്കു തിരിഞ്ഞത്.
എന്നാല്‍ റബര്‍ ചതിച്ചതോടെ വലിയ നിരാശയിലായിരുന്നു ഇവര്‍. ഓരോ വര്‍ഷം പിന്നിടുമ്പോഴും കശുവണ്ടി വില മുകളിലേക്ക് എന്നതാണു നിലവിലെ സ്ഥിതി. ഇത്തവണ തുടക്കത്തില്‍ തന്നെ വില കിലോയ്ക്ക് 140ല്‍ എത്തിനില്‍ക്കുന്നു. ഈ അവസ്ഥയില്‍ ചീമേനി ഉള്‍പ്പെടെയുള്ള മലയോരഭാഗങ്ങളിലേക്ക് കശുമാവ് കൃഷി തിരികെയെത്തുകയാണ്. പ്രായം ചെന്ന റബര്‍ മരങ്ങള്‍ വെട്ടിമാറ്റുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ കശുമാവുകള്‍ വച്ച് പിടിപ്പിക്കാനുള്ള തീരുമാനത്തിലാണ് പല കര്‍ഷകരും.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്‍പാദനം നടക്കുന്ന ജില്ലയാണ് കാസര്‍കോട്. ഇതില്‍ ചീമേനിയിലെ കശുവണ്ടിയുടെ ഗുണനിലവാരം പെരുമ നേടിയതാണ്. വിലത്തകര്‍ച്ചയുടെ ഘട്ടത്തില്‍ ചീമേനി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ വരെ കശുമാവുകള്‍ക്ക് പകരം റബര്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചിട്ടുണ്ട്.
ഉല്‍പാദനം കുറഞ്ഞതും ആവശ്യം കൂടിയതുമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ കാരണം.
ഈ വിലസ്ഥിരത തുടര്‍ന്നും ഉണ്ടാകുമെന്ന് കര്‍ഷകര്‍ കണക്കുകൂട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."