പച്ചക്കറിക്ക് വില കുറഞ്ഞു; ഊണിന് 10 രൂപ കുറച്ച് ഹോട്ടല്‍ ദേവികൃപ
പാലക്കാട്: പച്ചക്കറികള്‍ക്ക് വില കുറഞ്ഞതിനാല്‍ ഊണിനു വില പത്തുകുറച്ചിരിക്കുന്നു. നഗരത്തിന്റെ ഹൃദയഭാഗമായ സുല്‍ത്താന്‍പേട്ട ജങ്ഷനു സമീപമുള്ള വെള്ളാന് തെരുവിലെ ചെറിയ ഹോട്ടലായ ദേവികൃപയില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ബോര്‍ഡാണിത്. വിലകൂടിയെന്നതിന്റെ പേരില്‍ നഗരത്തിലെ ചെറുതും, വലുതുമായ ഹോട്ടലുകളില്‍ ഉച്ചയൂണിന് 50 മുതല്‍ 80 വരെ വില ഈടാക്കി വരുമ്പോഴാണ് പച്ചക്കറിയുടെ വില കുറഞ്ഞുവെന്നതിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ഊണിന്റെ വിലയില്‍ പത്തു രൂപ കുറച്ചത്. കഴിഞ്ഞ എട്ടു മാസമായി ഇവിടെ ഊണിനു അമ്പതു രൂപയാണ് വാങ്ങിയിരുന്നത്. നോട്ടു നോട്ടുനിരോധനം ഏര്‍പ്പെടുത്തിയത് മൂലം ചെറുകിട കച്ചവടമേഖല വന്‍ പ്രതിസന്ധിയെ നേരിടുമ്പോള്‍ മിക്കയിടത്തും വില വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന് പറയുന്നു. ഭക്ഷണത്തിനു വില കൂട്ടുവാന്‍ എന്തെങ്കിലും ഒരു കാരണം കിട്ടാന്‍ വന്‍കിട ഹോട്ടലുകള്‍ തക്കം പാര്‍ത്തിരിക്കുന്ന കാലത്ത്, കൂടിയ വില കുറയുക എന്നത് കേട്ടുകേള്വിയില് പോലും ഇല്ലാത്ത ലോകത്ത്ഇങ്ങിനെയൊരു ബോര്‍ഡ് കാണാന്‍ പറ്റുന്നത് അപൂര്‍വ്വം ചെറിയ ഹോട്ടലായതുകൊണ്ട് കച്ചവടം പിടിക്കാനുള്ള തന്ത്രം എന്ന് മുന്‍വിധിയില്‍ എത്താന്‍ വരട്ടെ. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഗാന്ധിയനും ഒരു പഴയ തലമുറ കോണ്‍ഗ്രസുകാരനുമായ രാമകൃഷ്ണന് നായര്‍ തുടങ്ങിയ ഹോട്ടലാണ് ദേവികൃപ. ഈ ഹോട്ടല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന് 65 കാരനായ പി.എസ് കുമാരന് നായരാണ് നടത്തുന്നത്. ഇന്നും പഴയ ലാളിത്യത്തോടെ പ്രവര്‍ത്തിച്ചു വരുന്നു. രാവിലെ കുറച്ചു വിഭവങ്ങള്‍ വൃത്തിയായി ചുരുങ്ങിയ നിരക്കില്‍ വിളമ്പുന്നു. ഇവിടെ ഇപ്പോഴും ബില്ല് സമ്പ്രദായം ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."