ട്രോഫികള്‍ ഒഴിവാക്കേണ്ടതു തന്നെ
സാഹിത്യമത്സരങ്ങളിലെ പ്രതിഭകള്‍ക്കു നല്‍കിവരാറുള്ള ഷീല്‍ഡുകളും ട്രോഫികളും പാഴ്‌ചെലവുകളാണെന്നു പരാമര്‍ശിച്ചു പിണങ്ങോട് അബൂബക്കര്‍ എഴുതിയ അഭിപ്രായമാണ് ഈ കുറിപ്പിനാധാരം. പുതിയ തലമുറ ഈ ആശയത്തോട് ഒട്ടും യോജിക്കില്ലെന്നത് എടുത്തുപറയേണ്ടതാണ്. അംഗീകാരത്തിന്റെ സിംബലുകളായി ട്രോഫി വിതരണം ചെയ്യപ്പെടുന്നതിലും അവ വീട്ടിലെ ഷോക്കേസില്‍ പ്രദര്‍ശിപ്പിക്കുന്നതിലും എന്താണു തെറ്റെന്നാണ് അവരുടെ ചോദ്യം.
അതിനുവേണ്ടി ചെലവഴിച്ച ധനത്തിന്റെ പെരുപ്പം കേട്ടൊന്നും അവര്‍ ഞെട്ടുകയില്ല. കിട്ടാനുള്ള സമ്മാനങ്ങളുടെ വിലയായ പണം കവറിലാക്കി കാഷ് അവാര്‍ഡ് നല്‍കിയാലും അവര്‍ക്കു തൃപ്തി വരില്ല. ഫയലില്‍ സൂക്ഷിക്കുന്ന സര്‍ട്ടിഫിക്കറ്റുകളോടും അവര്‍ക്ക് ഒട്ടും താല്‍പര്യമില്ല.
ഒരു സ്ഥാപനത്തില്‍ സമ്മാനമായി പുസ്തകങ്ങള്‍ വാങ്ങി നല്‍കിയപ്പോള്‍ ശക്തമായ എതിര്‍പ്പാണുണ്ടായത്. അടുത്ത വര്‍ഷം മുതല്‍ സ്റ്റേജിലെ മേശപ്പുറത്തു പുസ്തകങ്ങള്‍ക്കും ഡിക്ഷ്‌നറികള്‍ക്കും പകരം ട്രോഫികളും കപ്പുകളും നിറഞ്ഞു. ഡയറിയും അറ്റ്‌ലസും കളര്‍ബോക്‌സും സമ്മാനമായി നല്‍കിയ കാലമുണ്ടായിരുന്നു. കേരളത്തിലെ ഒരു പ്രമുഖ പണ്ഡിതന് ആദരിക്കല്‍ ചടങ്ങില്‍ കപ്പല്‍മാതൃക കിട്ടിയപ്പോള്‍ അദ്ദേഹം അതേക്കുറിച്ചു പിന്നീട് പറഞ്ഞത്, ഇതിനുപകരം തോര്‍ത്തുമുണ്ടു കിട്ടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നുവെന്നാണ്.
സമുദായത്തിന്റെ ധനം, പ്രത്യേകിച്ച് വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി പൊതുജനങ്ങളില്‍നിന്നു സമാഹരിക്കുന്ന പണം, വിനിയോഗിക്കപ്പെടുമ്പോള്‍ അല്‍പം കൂടി ഫലപ്രദമാവുന്ന സാഹചര്യം തിരിച്ചുവന്നിരുന്നെങ്കില്‍ എന്നാശിച്ചു പോവുന്നു.
അനസ് ഹുദവി,
കണ്ണാടിപ്പറമ്പ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."