ഭാരം കുറയ്ക്കാന്‍ പദ്ധതിയുണ്ടോ
പുതുവര്‍ഷ പിറവിയില്‍ പലരും പ്രതിജ്ഞ ചെയ്യുന്നതു കേട്ടിട്ടുണ്ട്. മദ്യം തൊടില്ലെന്നു ചിലര്‍ ദൃഢപ്രതിജ്ഞ എടുക്കുമ്പോള്‍ ഈ വര്‍ഷം എങ്ങനെയെങ്കിലും ഭാരം നിയന്ത്രിക്കും എന്നാണ് പുതുതലമുറയുടെ പ്രതിജ്ഞകളിലൊന്ന്്. എല്ലാ പുതുവര്‍ഷങ്ങളിലും ഇത്തരത്തില്‍ പ്രതിജ്ഞകള്‍ ആവര്‍ത്തിക്കുകയല്ലാതെ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നവരോ കഴിഞ്ഞവരോ എത്ര ശതമാനം വരുമെന്ന് കണക്കെടുക്കേണ്ടതുണ്ട്. എന്താണ് ഭാരം കുറയ്ക്കുന്നതില്‍ നിന്നും നമ്മെ പിന്നോട്ടടിക്കുന്നത്. വര്‍ഷാന്ത്യം ഭാരം കുറയ്ക്കാന്‍ കഴിഞ്ഞില്ലെന്നു പരിതപിക്കുന്നതിനു പകരം അതിനുള്ള മാര്‍ഗങ്ങളിലൊന്നെങ്കിലും ജീവിതത്തില്‍ പകര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നാണ് ശ്രദ്ധിക്കേണ്ടത്.
ആഹാരത്തിന്റെ കാര്യമാണ് ഇവിടെ പറഞ്ഞുവരുന്നത്. ചില ആഹാര സാധനങ്ങള്‍ രുചിയുണ്ടെന്നതല്ലാതെ ശരീരത്തിന് ദോഷകരമാണ്. ഗുണപ്രദമായ ഒന്നും തരുന്നില്ലെന്നു മാത്രമല്ല ശരീരഭാരം അമിതമായി കൂട്ടുകയും ചെയ്യുന്നു. നമ്മള്‍ നിസാരമായി കാണുന്ന സോഡ പോലും ശരീരഭാരം കൂട്ടുന്നതാണെന്ന് മനസിലാക്കുമ്പോള്‍ അതിന്റെ ഭീകരവശം വ്യക്തമാകും.
ഭാരം കുറയ്ക്കുക, കലോറി കുറയ്ക്കുക എന്നതൊക്കെ ജീവിതത്തില്‍ ഏറ്റവും പ്രയാസമേറിയവയായാണ് പലരും കാണുന്നത്. ഫിറ്റ്‌നെസ് കൈയെത്തും ദൂരത്തുണ്ട്. അത് എത്തിപ്പിടിക്കാന്‍ ഭക്ഷണക്രമത്തിലെ മാറ്റം പോലും നിര്‍ണായകമാണ്. ഫിറ്റ്‌നെസ് ആഗ്രഹിക്കുന്നെങ്കില്‍ കഴിക്കുന്ന ആഹാരത്തിലെ കലോറി മൂല്യമായിരിക്കണം നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ഉത്തമ ആഹാരത്തിലൂടെ ഒരു ദിവസത്തേക്കാവശ്യമായ കലോറി ശരീരം ശേഖരിച്ചുകഴിഞ്ഞാല്‍ കലോറി മൂല്യം കൂടിയ ഏതെങ്കിലും ആഹാരം അതേ ദിവസം കഴിക്കേണ്ടി വരുന്നതോടെ ചിത്രം ആകെ തകിടം മറിയും. അല്‍പം ആകാമെന്നു കരുതി അകത്താക്കുന്ന കലോറി മൂല്യം കൂടിയ ഭക്ഷണ സാധനം ശരീരത്തെ കുരുതി കൊടുക്കുന്നു എന്നു മനസിലാക്കണം.താഴെ പറയുന്ന ചില ആഹാര സാധനങ്ങളെങ്കിലും നിങ്ങളുടെ തീന്‍ മേശയില്‍ നിന്ന് ഒഴിവാക്കാനായാല്‍ ഭാരനിയന്ത്രണത്തില്‍ നിങ്ങള്‍ വിജയപാതയിലേക്ക് പ്രവേശിച്ചതായി പറയാം.
തന്തൂരി ചിക്കന്‍
ഹേ..ഇതൊഴിവാക്കിയുള്ള പരിപാടിക്കില്ലെന്നാവും മനസില്‍. ഇതുതന്നെയാണ് പ്രശ്‌നവും. ആഗ്രഹം നിങ്ങളുടെ നാക്കിന്റെ രുചിമുകുളങ്ങള്‍ക്ക് മാത്രമാണ്. അത് ശരീരം ആഗ്രഹിക്കുന്നതല്ല. കനലില്‍ വേവിച്ചെടുക്കുന്നതല്ലേ എന്നാണ് തണ്ടൂരി ചിക്കനെക്കുറിച്ച് പൊതുവേ കരുതുന്നത്. അത് തെറ്റായിരുന്നെന്ന് മനസിലാക്കുക. ഒരു പ്ലേറ്റ് തണ്ടൂരി ചിക്കന്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ അകത്താക്കുന്നത് 340 കലോറിയാണ്. അതുകൊണ്ട് അടുത്ത തവണ മനസില്ലാമനസോടെയാണെങ്കിലും തണ്ടൂരി ഒഴിവാക്കണം.
വെജ് പുലാവ്
വിവിധയിനം പച്ചക്കറികള്‍ അരിഞ്ഞിട്ട് വേവിച്ചെടുത്ത സമൃദ്ധമായ ഭക്ഷണമായാണ് വെജിറ്റബിള്‍ പുലാവിനെ നാം കാണുന്നത്. അല്ലേ. നമ്മള്‍ കേരളീയര്‍ പൊതുവേ ധാരാളം ചോറ് കഴിക്കുന്നവരുമാണ്. അപ്പോള്‍ പച്ചക്കറികള്‍ അരിഞ്ഞിട്ട് പുലാവെന്ന പേരിലെത്തുന്ന ആഹാരം നമ്മള്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കും. നമ്മുടെ ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളമായി എത്തിക്കുന്നത് വെള്ളച്ചോറാണ്. തവിടുള്ള അരി കഴിച്ച് ഇത് നേരിടാം. ഒരു പ്‌ളേറ്റ് പുലാവ് കഴിക്കുമ്പോള്‍ നമ്മുടെ അകത്തെത്തുന്നത് 450 കലോറിയാണെന്ന കാര്യം മറക്കരുത്.
മള്‍ട്ടി ഗ്രെയ്ന്‍
വിവിധ ധാന്യങ്ങള്‍ ചേര്‍ത്തുണ്ടായി ഭക്ഷണ പദാര്‍ഥങ്ങളും ആഹാര സാധനങ്ങളും ഇന്ന് വിപണിയില്‍ സുലഭമായിക്കൊണ്ടിരിക്കുന്നു. മള്‍ട്ടി ഗ്രെയ്ന്‍ ആരോഗ്യദായകങ്ങളാണെന്നു കരുതി ഇന്നു പലരും ഇത് ഉപയോഗിക്കാനും തുടങ്ങിയിരിക്കുന്നു. എന്നാല്‍ മള്‍ട്ടി ഗ്രെയ്ന്‍ ആഹാര സാധനങ്ങളില്‍ ഭൂരിഭാഗവും സംസ്‌കരിച്ചവയോ പോഷക ഗുണം നഷ്ടപ്പെട്ടവയോ ആണ്. പകരം അതില്‍ കൊഴുപ്പും പ്രിസര്‍വേറ്റീവുകളും കുത്തിനിറച്ചാണ് നിങ്ങളുടെ മുന്നിലെത്തുന്നത്. മള്‍ട്ടി ഗ്രെയ്ന്‍ പാസ്ത, നൂഡില്‍സ് എന്നിവ ആരോഗ്യദായകങ്ങളാണെന്നു കരുതി ഇനി വാങ്ങിക്കഴിക്കാതിരിക്കുക.
ഫുള്‍ ക്രീം മില്‍ക്ക്
വിപണിയില്‍ പാലും പാലുല്‍പന്നങ്ങളും പലരൂപത്തിലും വൈവിധ്യമുള്ള ബ്രാന്‍ഡുകളിലും ഇന്ന് ലഭ്യമാണല്ലോ. പലതിനും ഗുണമേന്മപോലും അവകാശപ്പെടാനില്ലെന്നത് ലബോറട്ടറികളില്‍ തെളിയിക്കപ്പെട്ടതുമാണ്. അതിനിടയിലാണ് ഫുള്‍ ക്രീം മില്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും എത്തിയിരിക്കുന്നത്. ശരീരത്തിന് കാത്സ്യവും മറ്റ് പോഷകങ്ങളും കൂടുതല്‍ ലഭിക്കുമെന്നുവിചാരിച്ച് ഫുള്‍ക്രീം വാങ്ങി കഴിക്കുന്നത് അപകടകരമാണ്. പാല്‍ വേണമെങ്കില്‍ സ്‌കിംമ്ഡ് മില്‍ക്ക് ഉപയോഗിക്കുക. ഭാരം നിയന്ത്രിക്കാനും കുറയ്ക്കാനും സ്‌കിമ്ഡ് മില്‍ക്ക് തന്നെയാണ് ഗുണപ്രദം.
ഐസ് ക്രീം
ഐസ് ക്രീം കണ്ടാല്‍ എല്ലാം മറന്നുപോകുന്ന അവസ്ഥയിലാണ് മിക്കവരും. ഭാര നിയന്ത്രണം പിന്നെയാവാം. ഇപ്പോള്‍ ഐസ് ക്രീം എന്നമട്ടിലാണ് പലരും. ആരോഗ്യകരമായ ജീവതവും ഭാര നിയന്ത്രണവുമാണ് ലക്ഷ്യമെങ്കില്‍ ഐസ് ക്രീം വര്‍ജിക്കണം.
കൂടിയേ തീരുവെങ്കില്‍ വല്ലപ്പോഴും എന്ന രീതിയില്‍ ആവാം. അനുവദനീയമല്ല. ഒരു തവണ കഴിക്കുന്ന ഐസ് ക്രീമില്‍ 250 കലോറി അടങ്ങിയിട്ടുണ്ട്. ഐസ് ക്രീം കഴിക്കാന്‍ വല്ലാത്ത കൊതി തോന്നിയാല്‍ ഫ്രോസന്‍ യോഗര്‍ട്ട് കഴിക്കാന്‍ നോക്കുക. അതാകുമ്പോള്‍ അത്ര അപകടമില്ല.
ശീതള പാനീയം, സോഡ
കുപ്പി പൊട്ടിക്കുമ്പോള്‍ നുര ഉയരുന്ന ശീതള പാനീയം അകത്താക്കുന്നവരിലേറെയും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളാണ്. പണത്തിന്റെ ഹുങ്കോ അജ്ഞതയോ ശ്രദ്ധനേടാനോ ഒക്കെ പലരും നുരയുന്ന ശീതളപാനീയങ്ങള്‍ കഴിക്കുന്നതു കാണാം. ഇതിനൊപ്പം അവരുടെ ഉള്ളിലെത്തുന്ന പഞ്ചസാരയുടെ അളവ് അറിയുന്നേയില്ല. ഉദാഹരണത്തിന് 500 മില്ലി ബോട്ടില്‍ കോള കഴിക്കുമ്പോള്‍ നിങ്ങളുടെ ഉള്ളിലെത്തുന്നത് 10 മുതല്‍ 15 ടീ സ്പൂണ്‍ പഞ്ചസാരയാണ്. തടി കൂടാന്‍ വേറെ ഒന്നും വേണ്ട. ഒരു ചായയില്‍ രണ്ടു ടീസ്പൂണ്‍ മാത്രം പഞ്ചസാര ഉപയോഗിക്കുന്ന ഒരാള്‍ 500 മില്ലി ശീതള പാനീയം കുടിക്കുന്നതോയെ പ്രമേഹരോഗിയായി മാറുകയാണ്. ദാഹിക്കുന്നെങ്കില്‍ വെള്ളം മാത്രം കുടിക്കുക. സോഡ കുടിക്കുമ്പോള്‍ കാര്‍ബോ ഹൈഡ്രേറ്റ് ശരീരത്തില്‍ അടിച്ചേല്‍പിക്കുകയാണെന്നും മറക്കരുത്.
കാഫീന്‍
ഒരു കപ്പ് പാല്‍കാപ്പി കുടിച്ചേക്കാമെന്നു കരുതുന്നുവെങ്കില്‍ ഒറ്റയടിക്ക് 500 കലോറി അകത്താക്കുന്നു എന്നാണര്‍ഥം. അതുകൊണ്ടുതന്നെ പാല്‍കാപ്പികുടി ഉപേക്ഷിക്കുകയോ അതിനനുസൃതമായി വര്‍ക്ക് ഔട്ടുകളില്‍ ഏര്‍പ്പെടുകയോ ചെയ്യുക. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കാഫീനാണ് ഇവിടെ വില്ലനാകുന്നത്.
ചോള ബട്ടൂര
പുറത്തു യാത്ര പോയാല്‍ അരുതാത്തതെല്ലാം വാങ്ങിക്കഴിക്കുന്ന ശീലമാണ് നമുക്ക്. ഭാര നിയന്ത്രണവും ആരോഗ്യപ്രശ്‌നവും ഒക്കെ മറന്ന് എന്തും ഏതും കഴിക്കുന്ന അവസ്ഥ. ചോള ബട്ടൂരയും അക്കൂട്ടത്തില്‍പെടുന്നു. പ്രത്യേകിച്ച് പ്രദര്‍ശനങ്ങളിലും മറ്റും ചോള ബട്ടൂര ലഭിക്കാറുണ്ട്. ഒരു ചോള ബട്ടൂര കഴിക്കുമ്പോള്‍ 450 കലോറി മൂല്യമാണ് നിങ്ങളുടെ ശരീരത്തിലെത്തുന്നത്. ട്രാന്‍സ് ഫാറ്റിന്റെ കൂടാരമാണിത്. ഡയറ്റിലാണെങ്കില്‍ പുറത്തുനിന്നുള്ള ഭക്ഷണം പൂര്‍ണമായും വര്‍ജിക്കുന്നതാണ് നല്ലത്.
വൈറ്റ് ബ്രഡ്
ഡയറ്റാണെങ്കിലും അല്ലെങ്കിലും വളരെ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ഒന്നാണ് വൈറ്റ് ബ്രഡ്. മിക്ക വീടുകളിലും ബ്രഡ് സംഭരിച്ചിരിക്കുകയാണ്. അടുക്കളപ്പണി വേഗം തീര്‍ക്കാന്‍ വീട്ടമ്മമാരില്‍ പലരും ചെയ്യുന്ന കടുംകൈ. റീഫൈന്‍ഡ് മൈദയാണ് ഇതിലുള്ളത്. പോഷകമോ ഇല്ലെന്നതുപോകട്ടെ നാരുകളുടെ അംശം പോലും ഇതിലില്ല. മാത്രമോ ഒരു കഷണം ബ്രഡില്‍ 100 കലോറിയാണ് അടങ്ങിയിരിക്കുന്നത്. അപ്പോള്‍ പച്ചക്കറി അരിഞ്ഞ് ഉള്ളില്‍ വച്ച് സാന്‍ഡ് വിച്ച് കഴിച്ച് തടി കുറയ്ക്കാമെന്നു കരുതേണ്ട. അതല്ല ബ്രഡ് നിര്‍ബന്ധമാണെങ്കില്‍ വോള്‍ വീറ്റ് ബ്രഡ്, മള്‍ട്ടി ഗ്രെയ്ന്‍ ബ്രഡ് എന്നിവയാവാം. സംസ്‌കരിച്ച മള്‍ട്ടി ഗ്രെയ്ന്‍ വാങ്ങരുത്. ബ്രൗണ്‍ ബ്രഡും നല്ലതാണ്.
പനീര്‍ ബുര്‍ജി
പനീര്‍ ആരോഗ്യകരവും പോഷക സമൃദ്ധവുമായ ആഹാരപദാര്‍ഥമാണ്. ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന പനീര്‍ പലപ്പോഴും വിപരീത ഗുണമാണ് നല്‍കുന്നത്. ഉദാഹരണത്തിന് പനീര്‍ ബുര്‍ജി. എളുപ്പം പാകം ചെയ്യാവുന്നതാണിത്. എന്നാല്‍ ഒരു ചെറു പാത്രത്തിലെ പനീര്‍ ബുര്‍ജിക്ക് 400 കലോറി മൂല്യമാണുള്ളത്. ഇത് ശരീരത്തിന് ദോഷം ചെയ്യും. ഭക്ഷണം കലോറി മൂല്യം നോക്കി കഴിക്കാന്‍ സമയമായി. അല്ലെങ്കില്‍ രോഗാതുരമായ ഒരു തലമുറയെ കാണേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."