പിന്‍വാതിലിലാണ് ക്യൂ!
അരീക്കോട്: ജില്ലയില്‍ ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുന്നു. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ശുപാര്‍ശയോടെ ജില്ലയില്‍ അനധികൃതമായി ജോലിചെയ്യുന്നതു നൂറോളം പേരാണ്. ദിവസവേതനത്തില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഇവര്‍ വര്‍ഷങ്ങളായി ജോലിയില്‍ തുടരുകയാണ് ചെയ്യുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സര്‍വിസിലെ ഡ്രൈവര്‍, പാര്‍ട് ടൈം സ്വീപ്പര്‍, ക്ലാസ് ഫോര്‍ ജീവനക്കാര്‍ എന്നിവരുടെ ഒഴിവുകളിലാണ് നിയമനം മുടങ്ങുന്നത്. ഓഫിസ് മേധാവികള്‍ യഥാസമയം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍ പിന്‍വാതിലിലൂടെ ജോലി നേടിയെടുക്കുന്നതോടെ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രയാസപ്പെടുകയാണ്. വിവിധ ഓഫിസുകളിലായി ഡ്രൈവര്‍മാരുടെ ഒഴിവുകളുണ്ടെങ്കിലും നിയമനത്തിനു നടപടിയായിട്ടില്ല.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് തലവന്മാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു സര്‍ക്കാര്‍ പലപ്രാവശ്യം സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍, അതെല്ലാം ജലരേഖയാകുകയാണ്. ഇതിനെതിരേ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍. പി.എസ്.സി വെരിഫിക്കേഷനും ടെസ്റ്റും കഴിഞ്ഞു ജോലിക്കായി കാത്തിരിക്കുന്ന നിരവധി ഉദ്യോഗാര്‍ഥികളാണ് ജില്ലയിലുള്ളത്.
ജില്ലയിലെ 100 ഗ്രാമപഞ്ചായത്തുകളിലും 14 ബ്ലോക്ക് പഞ്ചായത്തുകളിലും മാത്രമായി നിരവധി ഡ്രൈവര്‍ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. രാഷ്ട്രീയ ഒത്താശയോടെ താല്‍ക്കാലികമായി ഡ്രൈവര്‍ തസ്തികയില്‍ ജോലി ലഭിക്കുന്നവര്‍ക്കു 675 രൂപയാണ് ദിവസ വേതനം ലഭിക്കുന്നത്. 2014ലെ ശമ്പള സ്‌കെയില്‍ പ്രകാരമുള്ള തുക 9,000 മുതല്‍ 15,000 രൂപ വരെയാണ്. എന്നാല്‍, മാസത്തില്‍ താല്‍ക്കാലിക ജോലിക്കാര്‍ക്ക് ഇരുപതിനായിരത്തോളം രൂപയാണ് ലഭിക്കുന്നത്.
തിരുവനന്തപുരം, എറണാംകുളം ജില്ലകളില്‍ ഡ്രൈവര്‍ തസ്തികകളില്‍ മാത്രമായി ഇരുനൂറോളം ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ജില്ലയില്‍ മൂന്നു വര്‍ഷമായി വെറും 31 ഒഴിവുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഡ്രൈവര്‍ തസ്തികയില്‍ മാത്രമായി പി.എസ്.സിയുടെ മെയിന്‍ ലിസ്റ്റില്‍ ജോലി കാത്തിരിക്കുന്ന 231 പേരാണുള്ളത്. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടത് സേവനാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തിയതോടെ ഒഴിവുകള്‍ മറച്ചുവയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്ന പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ ഇടപെടല്‍മൂലം പിന്‍വാതില്‍ നിയമനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."