കരിപ്പൂര്‍; ഐക്യസമരത്തിന്റെ കാഹളമുയര്‍ത്തി സംവാദം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതുമാനം നല്‍കി സുപ്രഭാതം സംവാദം.'വിശാലമായ ആകാശവും കരുത്തുള്ള ചിറകും, നാമെന്തു ചെയ്യണം' എന്ന ശീര്‍ഷകത്തിലെ സംവാദമാണ് വിമാനത്താവളത്തിനായി ഐക്യത്തോടെയുള്ള നിയമ, രാഷ്ട്രീയ പോരാട്ടത്തിനുള്ള ആഹ്വാനമായി മാറിയത്.
ഹജ്ജ് സബ്‌സിഡി, എംബാര്‍ക്കേഷന്‍ പോയന്റ് പുനസ്ഥാപിക്കല്‍, ഹജ്ജ് വിമാനചാര്‍ജ് വര്‍ധന തുടങ്ങിയ വിഷയങ്ങളിലായിരുന്നു സംവാദം. ഹജ്ജ് എംബാര്‍ക്കേഷന്‍ യൂനിറ്റ് സംസ്ഥാനത്ത് എവിടെ വേണമെന്ന് ശുപാര്‍ശ ചെയ്യാന്‍ അധികാരമുള്ള ഹജ്ജ് കമ്മിറ്റിയെ ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനമായി.
നിയമനടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണമെന്ന് പ്രമുഖര്‍ അഭിപ്രായപ്പെട്ടു. ഹജ്ജ് അപേക്ഷയില്‍ എംപാര്‍ക്കേഷന്‍ പോയിന്റായി കരിപ്പൂരിനെയാണ് കാണിച്ചിട്ടുള്ളത്. കരിപ്പൂരിന്റെ 15 ശതമാനത്തോളം പോലും സൗകര്യങ്ങളില്ലാത്ത മംഗലാപുരം, ഔറംഗാബാദ്, ഗോവ,റാഞ്ചി, വരാണസി, ജയ്പൂര്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളുണ്ട്. ഇത്തരത്തിലുള്ള അനുകൂല സാഹചര്യങ്ങള്‍ നിയമപരമായ നീക്കങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് ഹജ്ജ് സബ്‌സിഡി പൂര്‍ണമായും ഇല്ലാതാവുന്ന വിഷയവുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് സബ്‌സിഡി നല്‍കുന്നുവെന്ന പേരില്‍ വ്യാപകപ്രചാരണമാണ് നടക്കുന്നത്. എന്നാല്‍ വസ്തുതകള്‍ പരിശോധിച്ചാല്‍ സബ്‌സിഡി നാമമാത്ര മാത്രമാണെന്ന് വ്യക്തമാകുമെന്ന് രേഖകകള്‍ ഉയര്‍ത്തിക്കാട്ടി വിമര്‍ശനമുയര്‍ന്നു. ടിക്കറ്റ് ചാര്‍ജിലെ കൊള്ളക്ക് പ്രധാന കാരണം വിമാനങ്ങള്‍ വാടകക്കെടുക്കുന്ന എയര്‍ ഇന്ത്യയുടെ സമീപനം മൂലമാണെന്നും പരിഹാരമായി മലേഷ്യയിലെ തബാംഗ് ഹജ്ജ്, ഇന്തോനേഷ്യയിലെ ഹജ്ജ് മാതൃക തുടങ്ങിയ ബദല്‍ സംവിധാനങ്ങള്‍ നടപ്പാക്കാന്‍ കഴിയണമെന്ന പരിഹാരങ്ങളും ഉയര്‍ന്നുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."