പാത നവീകരണം; ദേശീയപാതയിലെ യാത്രക്കാര്‍ക്ക് പ്രഹരം
കാഞ്ഞങ്ങാട്: സംസ്ഥാനപാത നവീകരിക്കുന്നതിന്റെ ഭാഗമായി സൗത്ത് കവലയില്‍ പണിയാരംഭിച്ചത് ദേശീയപാതയില്‍കൂടി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് പ്രഹരമായി. മുന്‍കരുതലുകളൊന്നും എടുക്കാതെ നവീകരണ ജോലികള്‍ ആരംഭിക്കുകയായിരുന്നു. കണ്ണൂര്‍ ഭാഗത്തുനിന്നും ദേശീയപാതവഴി കാസര്‍കോടേക്ക് പോകുന്ന സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും എട്ടു കിലോമീറ്ററോളം ചുറ്റിവളഞ്ഞാണ് നഗരത്തിലെത്തുന്നത്. സൗത്ത് കവലയില്‍നിന്നും അലാമിപ്പള്ളി വഴി നഗരത്തിലെത്താന്‍ മൂന്നു കിലോമീറ്റര്‍ മാത്രമാണ് ദൂരം. എന്നാല്‍ കണ്ണൂര്‍ ഭാഗത്തുനിന്നും വരുന്ന ബസുകള്‍ സൗത്ത് കവലയില്‍ നിന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി വഴി മാവുങ്കാലിലെത്തി കാഞ്ഞങ്ങാട് നഗരത്തിലെത്തുകയും വീണ്ടും തിരികെ മാവുങ്കാലിലെത്തി കാസര്‍കോടേക്ക് പോകുകയും വേണം. ഇതുകാരണം 20 മിനിറ്റിലധികം സമയം നഷ്ടപ്പെടുന്നതായി ബസ് ജീവനക്കാര്‍ പറയുന്നു. ഇതേതുടര്‍ന്ന് പല ബസുകളും കാസര്‍ക്കോടേക്ക് പോകാതെ ചെര്‍ക്കള, പൊയിനാച്ചി എന്നിവിടങ്ങളിലെത്തി കണ്ണൂരേക്ക് തിരിച്ചുപോകുകയാണ്. കാസര്‍കോടെത്തിയാല്‍ പത്തും പതിനഞ്ചും മിനിറ്റ് കഴിഞ്ഞ് വീണ്ടും കണ്ണൂരേക്ക് തിരികെ പോകേണ്ട വണ്ടികളാണ് ഈ തരത്തില്‍ പാതി വഴിയില്‍വച്ച് തിരികെ പോകുന്നത്. ദേശാല്‍കൃതത്തിന്റെ പേരില്‍ ഈ റൂട്ടിലെ അന്‍പതോളം സ്വകാര്യ ബസുകളുടെ റൂട്ടുകള്‍ അധികൃതര്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിന് പകരമായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ടി.ടി, എല്‍.എസ്.എഫ്.പി ബസുകള്‍ നിരത്തിലിറക്കിയതും കാഞ്ഞങ്ങാട് കാസര്‍കോട് ദേശീയപാത റൂട്ടില്‍ യാത്രക്കാര്‍ കടുത്ത യാത്രാദുരിതം സമ്മാനിച്ചു. ഇന്ന് സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളും ഈ യാത്രാക്ലേശം അനുഭവിക്കേണ്ടി വരും. യാതൊരു മുന്നറിയിപ്പും ഒരുക്കങ്ങളുമില്ലാതെ ഇവിടെ പാതനവീകരണം തുടങ്ങിയതോടെ പ്രദേശത്തെ ജനങ്ങളും വെട്ടിലായി. മഴ വന്നതോടെ ചെളിക്കുളമായി മാറിയ ഈ ഭാഗത്തെ ജനങ്ങള്‍ക്ക് അത്യാവശ്യം കടകളിലേക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."