കൊന്നവനും കൊല്ലിച്ചവനും ശിക്ഷയുണ്ട്..!
കൊന്നവന് ശിക്ഷയെന്നതു നൂറ്റാണ്ടുകളായി ഉരുവിടുന്ന സത്യമാണ്. പക്ഷേ, ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ 'കൊല്ലിക്കുന്നവര്‍ക്കും' എന്നു കൂട്ടിച്ചേര്‍ത്ത് അടിവരയിടേണ്ടതാണ്. രാഷ്ട്രീയം രാഷ്ട്രസേവനത്തിനുള്ളതാണ്. രാഷ്ട്രത്തിലെ ജനതയെ സേവിക്കലാണത്. അങ്ങനെ ആത്മാര്‍ഥമായി ജനതയെ സ്‌നേഹിച്ച നേതാക്കന്മാരുടെ കാലമുണ്ടായിരുന്നു.
ഇന്നു രാഷ്ട്രീയത്തിന്റെ അര്‍ഥം മനുഷ്യക്കുരുതിയെന്നായിരിക്കുന്നു. എതിരാളിയെ ഈ ലോകത്തുനിന്നു നിഷ്‌കാസനം ചെയ്യുന്ന രാക്ഷസപ്പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമുണ്ടാക്കിക്കൊടുക്കുന്ന വിഡ്ഢികളായി ജനത മാറിയിരിക്കുന്നു. അവരില്‍ നമ്മളും ഉള്‍പ്പെടുന്നല്ലോ എന്നാലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു.
മനുഷ്യത്വം മരവിക്കുന്ന ആധുനിക രാഷ്ട്രീയസാഹചര്യത്തില്‍, പണ്ടൊരുകാലത്ത് നീതിയും മനുഷ്യത്വവും കണിശമായി പുലര്‍ത്തിയിരുന്ന ഒരു ഭരണകൂടത്തിനു കീഴിലെ സംഭവം വിവരിക്കുന്നത് മനസ്സിന് ആശ്വാസം പകരും.
ഖലീഫ ഉമറിന്റെ കാലത്ത് ഒരിക്കല്‍ ഒരു വിദേശിയുവാവ് മദീനയിലെത്തി. അവിടെ വച്ചു മദീനാസ്വദേശിയായ ഒരാളുമായി തര്‍ക്കത്തിലാവുകയും അബദ്ധവശാല്‍ മദീനക്കാരന്റെ മരണത്തില്‍ കലാശിക്കുകയും ചെയ്തു. ഇസ്‌ലാമിക ശരീഅത്തനുസരിച്ചു കൊലയ്ക്കു വധശിക്ഷയാണ്. അല്ലെങ്കില്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ ബ്ലഡ് മണി സ്വീകരിച്ചോ അല്ലാതെയോ മാപ്പു നല്‍കണം.
ഇവിടെ കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ടു മക്കളും പ്രതിക്കു മാപ്പു നല്‍കാന്‍ തയാറായില്ല. അതോടെ വധശിക്ഷ നടപ്പാക്കാന്‍ ജഡ്ജി ഉത്തരവിട്ടു.
അവസാനമായി വല്ല ആഗ്രഹവുമുണ്ടോയെന്നു പ്രതിയോടു ചോദിച്ചപ്പോള്‍ ഭാര്യയെയും കുഞ്ഞിനെയും കണ്ടു യാത്ര പറഞ്ഞു വരാന്‍ ഒരാഴ്ച സമയമനുവദിക്കണമെന്ന് അയാള്‍ അപേക്ഷിച്ചു. മദീനയിലെ ആരെങ്കിലും ജാമ്യം നിന്നാല്‍ അതനുവദിക്കാമെന്നു ജഡ്ജി പറഞ്ഞു. ആരും മുന്നോട്ടു വരാത്തതു കണ്ട് വൃദ്ധനായ നബി ശിഷ്യന്‍ അബൂദര്‍റ് മുന്നോട്ടു വന്നു.
അതു കണ്ടു ജഡ്ജി പറഞ്ഞു: ''അബൂദര്‍റ്, താങ്കള്‍ അവശേഷിക്കുന്ന നബിശിഷ്യരില്‍ പ്രമുഖനാണ്. നബിയെ കാണാത്ത പുതുതലമുറയ്ക്കു താങ്കളുടെ സേവനം ആവശ്യമാണ്. അതിനാല്‍ ഒന്നുകൂടി ആലോചിക്കുക.''
''ആലോചിക്കാനൊന്നുമില്ല, ഞാന്‍ പ്രതിയെ വിശ്വസിക്കുന്നു.''
''പ്രതി വന്നില്ലെങ്കില്‍ താങ്കളെ തൂക്കിലേറ്റേണ്ടി വരുമെന്നറിയാമല്ലോ''
''അറിയാം.. ഞാന്‍ അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നു'' അബൂദര്‍റ് ശാന്തനായി മറുപടി പറഞ്ഞു.
യുവാവ് നാട്ടിലേയ്ക്കു പോയി. ഒരാഴ്ചയായിട്ടും തിരിച്ചെത്തിയില്ല. സമയം തീര്‍ന്നതും ഖലീഫ ഉമറിന്റെ സാന്നിധ്യത്തില്‍ വധശിക്ഷയ്ക്കായി അബൂദര്‍റിനെ തൂക്കുമരത്തില്‍ കയറ്റിനിര്‍ത്തി. തന്റെ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ഖലീഫ ഉമര്‍ അശക്തനായിരുന്നു.
അത്ഭുതമെന്നു പറയട്ടെ, തൂക്കുകയര്‍ അബൂദര്‍റിന്റെ കഴുത്തിലേയ്ക്കിട്ട നിമിഷത്തില്‍ ആ വിദേശി യുവാവ് ഓടിക്കിതച്ചുവന്നു.
''അരുത്, അദ്ദേഹത്തെ കൊല്ലരുത്. ഞാനിതാ വന്നിരിക്കുന്നു.''
യുവാവ് കാര്യങ്ങള്‍ വിശദീകരിച്ചു: ''കുഞ്ഞിനു സുഖമില്ലായിരുന്നു. അതാണു വൈകിയത്.''
ഖലീഫ ഉമര്‍ അബൂദര്‍റിനോടു ചോദിച്ചു:
''എന്തു ധൈര്യത്തിലാണു താങ്കള്‍ ജാമ്യം നിന്നത്. ഈ യുവാവു വരുമെന്നുറപ്പുണ്ടായിരുന്നോ.''
''അതെനിക്കു പ്രശ്‌നമല്ല , ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍ വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥയുണ്ടാകരുതെന്നു ഞാന്‍ ആഗ്രഹിച്ചു.''
യുവാവിനോടു ഖലീഫ ചോദിച്ചു:
''താങ്കള്‍ ആരെന്നു പോലും ഇവിടെയാര്‍ക്കും അറിയില്ല, പിന്നെന്തിനു മരണം സ്വീകരിക്കാന്‍ തിരിച്ചുവന്നു.''
യുവാവ് പറഞ്ഞു: ''ഞാന്‍ ജീവിച്ചിരിക്കെ വിശ്വസിച്ച ആളെ വഞ്ചിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നു ഞാനും ആഗ്രഹിച്ചു.''
ഇതെല്ലാം കണ്ടുനിന്ന മരണപ്പെട്ട ആളുടെ മക്കള്‍ പറഞ്ഞു:
''ഞങ്ങള്‍ പ്രതിക്കു മാപ്പു നല്‍കുന്നു, ഞങ്ങള്‍ ജീവിച്ചിരിക്കെ പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നവര്‍ ഇല്ലെന്ന അവസ്ഥ വരരുതെന്നു ഞങ്ങളും ആഗ്രഹിക്കുന്നു..''
ഈ സംഭവം മനുഷ്യത്വം മനസ്സുകളിലുള്ളവര്‍ക്ക് ഉള്‍കൊള്ളാതിരിക്കാനാവില്ല.കണ്ണൂര്‍ ജില്ലയിലെ അവസാനം നടന്ന രാഷ്ട്രീയകൊലപാതകത്തിന്റെ ഇരയാണു ശുഹൈബ്. നമ്മുടെ സംസ്ഥാനത്തിന്റെ ഭരണമുഖ്യന്‍ ഈ ചോരക്കുരുതി കാണുന്നില്ല. ഇവിടെ രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ കത്തി മൂര്‍ച്ചകൂട്ടുമ്പോള്‍ കൊന്നവനും കൊല്ലിച്ചവനും ഒരേ പങ്കാണുള്ളത്.
ഗൂഢാലോചനക്കാരുടെ തേര്‍വാഴ്ചയ്ക്കു തടയിടാന്‍ എങ്ങനെ സാധിക്കുമെന്ന ഉത്തരമില്ലാത്ത ചോദ്യത്തിനു മുന്നില്‍ ശരാശരി മനുഷ്യന്‍ നിസ്സഹായനാവുന്നു. ഈ നിസ്സഹായതയെയാണു ഭരണകൂട ഫാസിസമെന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്.
ശുഭ്രമനസ്‌കരുടെ നാടായി കേരളത്തെ കൊതിച്ചവര്‍ക്ക് അവസാനത്തെ കൊലപാതകമാവട്ടെ ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."