പഞ്ചറായ ഒരു സമരകഥ
കേരളം ഏതു കാര്യത്തിലും രാജ്യത്ത് ഒന്നാംസ്ഥാനത്താണെന്നു പറയുന്നതു ശരിയാണോ എന്നറിയില്ല. എന്നാല്‍, ബസ് യാത്രാനിരക്കില്‍ മുന്‍പന്തിയില്‍ തന്നെയാണ്. അയല്‍സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നില്‍. നിരക്കു വര്‍ധന പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് അനാവശ്യ നിരക്കുവര്‍ധന വേണ്ടെന്നു പറഞ്ഞ് സംസ്ഥാനത്തിന്റെ സ്വന്തം ബസ്സുകമ്പനിയായ കെ.എസ്.ആര്‍.ടിസി മാറിനില്‍ക്കാറില്ല. വര്‍ധന ആദ്യം തന്നെ നടപ്പാക്കും.
(എന്നാല്‍, കെ.എസ്.ആര്‍.ടി.സി ശ്ലാഘനീയമായ ഒരു കാര്യം ചെയ്തതു മറക്കുന്നില്ല. ഇന്ധനവില കുത്തനെ ഇടിഞ്ഞിട്ടും ചാര്‍ജ് കുറയ്ക്കാന്‍ സ്വകാര്യ ബസുകള്‍ തയാറാകാതിരുന്നപ്പോള്‍ മിനിമം നിരക്കില്‍ ഒരു രൂപ കുറച്ചു മാതൃകകാട്ടി.)
തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഏറെക്കാലങ്ങള്‍ക്കു ശേഷമാണ് നിരക്ക്‌വര്‍ധന ഉണ്ടായത്. എന്നുവച്ചാല്‍ 2011നു ശേഷം ആറു വര്‍ഷം കഴിഞ്ഞ്. അപ്പോഴും അവിടെ മിനിമം നിരക്ക് ആറു രൂപയാണ്. എന്നിട്ടും പ്രതിഷേധമുണ്ടായി. അപ്പോള്‍ മിനിമം നിരക്ക് ആറുരൂപയില്‍നിന്നു നാലായി കുറച്ചു.
ഈ സാഹചര്യത്തിലാണ് സമരം ചെയ്യാതെ തന്നെ സര്‍ക്കാര്‍ കനിഞ്ഞ് വര്‍ധിപ്പിച്ചു തന്ന മിനിമം കേരളത്തിലെ നിരക്കായ എട്ടു രൂപയില്‍ പൊരുത്തപ്പെടില്ലെന്നു ബസ്സുടമകള്‍ വാശി പിടിച്ചു സമരരംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. മിനിമം ചാര്‍ജ് പത്തുരൂപയാക്കണമെന്നും വിദ്യാര്‍ഥികള്‍ക്കു രണ്ടു രൂപ മിനിമം ആക്കണമെന്നുമായിരുന്നു അവരുടെ പിടിവാശി. സര്‍ക്കാരിനെയും നാട്ടുകാരെയും മൂക്കുകൊണ്ടു ക്ഷ വരപ്പിച്ചേ അടങ്ങൂ എന്ന നിലയിലായിരുന്നു അവര്‍.
തമിഴ്‌നാട്ടില്‍ നിരക്ക് വര്‍ധന ഉണ്ടായിട്ടും കേരളത്തിന്റെ നിലവിലെ മിനിമം യാത്രാനിരക്കായ 7 രൂപയില്‍ എത്തിയില്ലെന്ന കൗതുകത്തിനു മുന്നിലാണ് എട്ടിനെ പത്താക്കാന്‍ സമരം നടത്തിയത്. അടുത്ത മാസത്തോടെ സംസ്ഥാനത്തെ നിരക്ക് എട്ടില്‍ എത്തുമ്പോഴും തമിഴ്‌നാട്ടുകാര്‍ നല്‍കുക നാലു രൂപയാണെന്നോര്‍ക്കണം.
ഫെബ്രുവരി 16 വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച സ്വകാര്യബസ് പണിമുടക്കിനെ തുടര്‍ന്ന് ജനം കുറച്ചൊന്നുമല്ല വലഞ്ഞത്. എങ്കിലും സ്വകാര്യബസ് സമരം കെ.എസ്.ആര്‍.ടി.സിക്ക് അനുഗ്രഹമായി. ഏറ്റവും കുറഞ്ഞ കണക്കുപ്രകാരം ഏകദേശം വിവിധ സര്‍വിസുകളിലായി 35 കോടിയില്‍പ്പരം രൂപ സംസ്ഥാന ഖജനാവിലെത്തിയിട്ടുണ്ട്.
പെന്‍ഷന്‍പോലും നല്‍കാനാകാതെ ദിനംപ്രതി നഷ്ടത്തിലോടുന്ന ആനവണ്ടിയെ സംബന്ധിച്ച് ഇതൊരു നല്ലവാര്‍ത്ത തന്നെയൊണ്. നിലവിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്താണു സംസ്ഥാനത്തിന്റെ സ്വന്തം സര്‍വിസ് ഈ സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.
എങ്കിലും സര്‍ക്കാരും ബന്ധപ്പെട്ടവരും ശ്രദ്ധിക്കേണ്ട ഒന്നുണ്ട്, പണിമുടക്കു ദിവസങ്ങളില്‍ പൂര്‍ണമായും ആനവണ്ടി സര്‍വിസുകളെ മാത്രം ആശ്രയിച്ചയാളെന്ന നിലയില്‍ ഖേദകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്.
സ്ഥിരമായി ആളുകയറാതെ, പരമാവധി ആളുകളെ കയറ്റാതെ തന്നെ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെരുമാറ്റം അങ്ങേയറ്റം അസഹനീയമാണ്. മിക്കയാളുകളും മറ്റൊരു വഴിയുമില്ലാതെയാണു തൂങ്ങിപ്പിടിച്ചും കടിച്ചുതൂങ്ങിയും യാത്ര ചെയ്യുന്നത്. ആളുകളെ കാണാത്ത ഇവര്‍, അതായത് ജീവനക്കാര്‍, സമരത്തെ തുടര്‍ന്ന് തിരക്കു വര്‍ധിക്കുമ്പോള്‍ അങ്ങേയറ്റം അസഹിഷ്ണുക്കളാകുന്നതു കാണേണ്ട കാഴ്ച തന്നെയാണ്.
എന്നാല്‍, ഇതിനൊരു മറുപുറമുണ്ടെന്നതും വസ്തുതയാണ്, എത്ര തിക്കിലും തിരക്കിലും അടുത്തവണ്ടി അരമണിക്കൂര്‍ കഴിയും, അതിലും തിരക്കാവുമെന്നു മുന്നറിയിപ്പു നല്‍കുന്ന ജീവനക്കാരെയും സമരനാളുകളില്‍ നാം തീര്‍ച്ചയായും കണ്ടിരിക്കും.
ഡീസല്‍ വില ഇനിയും ഉയരും, ഇത്തരം സമരങ്ങള്‍ ഇനിയുമുണ്ടാകും. പക്ഷേ, സാധാരണ യാത്രക്കാരനു പ്രതിഷേധിക്കുന്നതിനും പ്രതികരിക്കുന്നതിനും പരിധികളും പരിമിതികളുമുണ്ട്. സമരം വരുമ്പോഴേക്കും യാത്രാനിരക്കില്‍ വര്‍ധന വരുത്തുന്ന സര്‍ക്കാരും ഒന്നോര്‍ക്കുന്നതു നല്ലതാണ്. എത്രമാത്രം വ്യത്യാസമുണ്ട് കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും നിരക്കുകളെന്ന്.
കാള പെറ്റു എന്നു കേള്‍ക്കുമ്പോഴേയ്ക്കും കയറെടുക്കുന്ന അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."