റോഹിംഗ്യകളുടെ ഗ്രാമങ്ങള്‍ മ്യാന്മര്‍ സൈന്യം പൂര്‍ണമായി തകര്‍ത്തതായി റിപ്പോര്‍ട്ട്
യാങ്കൂണ്‍: റോഹിംഗ്യാ മുസ്‌ലിംകളുടെ ഗ്രാമങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് മ്യാന്മര്‍ സര്‍ക്കാര്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. നേരത്തെ മ്യാന്മര്‍ സൈന്യം ചുട്ടുകരിച്ച 55ഓളം ഗ്രാമങ്ങളാണ് വീണ്ടും സര്‍ക്കാര്‍ സൈന്യം നശിപ്പിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ അരങ്ങേറിയ സൈന്യത്തിന്റെ കുരുതിയെ തുടര്‍ന്ന് ഈ ഗ്രാമങ്ങളെല്ലാം ശൂന്യമായ അവസ്ഥയിലാണ്.
ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് ആണ് വാര്‍ത്ത പുറത്തുവിട്ടത്. പ്രദേശങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്നാണ് ഇക്കാര്യം സംഘം കണ്ടെത്തിയത്. രാഖൈന്‍ സംസ്ഥാനത്തെ റോഹിംഗ്യാ മുസ്‌ലിംകളുടെ അധിവാസകേന്ദ്രങ്ങളായ വടക്കന്‍ മേഖലയാണ് സൈന്യം ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചിരിക്കുന്നത്. 365ഓളം ഗ്രാമങ്ങള്‍ ഇത്തരത്തില്‍ ഭാഗികമായും അല്ലാതെയും നശിപ്പിച്ചതായി സംഘടന അറിയിച്ചു.
ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍നിന്ന് റോഹിംഗ്യകള്‍ ജന്മനാടുകളിലേക്കു മടക്കം ആരംഭിച്ചതിനു പിറകെയാണു വാര്‍ത്ത പുറത്തുവരുന്നത്. സ്വന്തം നാട്ടിലെ സുരക്ഷയെ കുറിച്ച് ഉറപ്പുലഭിക്കാതെ തിരികെ പോകില്ലെന്ന് ബംഗ്ലാദേശിലുള്ള റോഹിംഗ്യാ അഭയാര്‍ഥികള്‍ വ്യക്തമാക്കിയിരുന്നു. രണ്ടു വര്‍ഷത്തിനിടെ എല്ലാ റോഹിംഗ്യകളെയും സ്വന്തം നാടുകളില്‍ തന്നെ പുനരധിവസിപ്പിക്കാനാണ് മ്യാന്മര്‍-ബംഗ്ലാദേശ് സര്‍ക്കാരുകള്‍ തമ്മില്‍ കരാറിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണു പുതിയ സംഭവങ്ങള്‍ക്കു തുടക്കമായത്. ഓഗസ്റ്റ് 25ന് ഏതാനും റോഹിംഗ്യ തീവ്രസംഘങ്ങള്‍ ചേര്‍ന്ന് പൊലിസ് താവളങ്ങള്‍ ആക്രമിച്ച് നിരവധി സുരക്ഷാ ജീവനക്കാരെ വധിച്ചിരുന്നു.
ഇതിനു തിരിച്ചടിയായാണ് സര്‍ക്കാര്‍ സൈന്യം റോഹിംഗ്യകള്‍ക്കെതിരേ നടപടി ആരംഭിച്ചത്. മ്യാന്മര്‍ സൈന്യത്തിന്റെ നടപടിയില്‍ ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെടുകയും ഏഴു ലക്ഷത്തോളം പേര്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്യുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."