പോസ്റ്റ് ഓഫിസുകള്‍ ബാങ്കുകളാകുന്നു; ലക്ഷ്യം ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖല
ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തോടുകൂടി നമ്മുടെ പോസ്റ്റ് ഓഫിസുകളിലെല്ലാം ബാങ്കിംഗ് സൗകര്യം ലഭ്യമാകും. ഇന്ത്യന്‍ പോസ്റ്റ് പെയ്മന്റ് ബാങ്ക് എന്ന പേരില്‍ അടുത്ത മാര്‍ച്ചോടെ പോസ്റ്റാഫിസുകളില്‍ ബാങ്കിംഗ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
ഇന്ത്യയില്‍ ഏകദേശം 1.54 ലക്ഷം പോസ്റ്റ് ഓഫിസുകള്‍ ഉണ്ട്. ലോകത്തെത്തന്നെ ഏറ്റവും വലിയ പോസ്റ്റല്‍ ശൃഖലയാണ് നമ്മുടേത്. ബാങ്കിംഗ് വരുന്നതോടെ എസ്.ബി.ഐയേക്കാള്‍ വലിയ ബാങ്കായി ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മാറും- വിവര സാങ്കേതിക വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ 650 പോസ്റ്റ് ഓഫിസുകളില്‍ പദ്ധതി നടപ്പാക്കും. പിന്നീട് എല്ലാ പോസ്റ്റ് ഓഫിസുകളിലേക്കും വ്യാപിപ്പിക്കും.
ഏകദേശം 1.7 ലക്ഷം പോസ്റ്റ്മാന്‍മാര്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നുണ്ട്. ഇവരേയും പോസ്റ്റല്‍ ബാങ്കിംഗ് പദ്ധതിയുടെ ഭാഗമാക്കും. ഇവരെ ഉപയോഗിച്ച് മൊബൈല്‍ ബാങ്കിംഗ് തുടങ്ങാനും ആലോചനയുണ്ട്.
മൊബൈല്‍ഫോണ്‍ വന്നതോടെ ജോലിയില്ലാതായിക്കൊണ്ടിരിക്കുന്ന പോസ്റ്റുമാന്മാര്‍ക്ക് ഇതോടെ ഉണര്‍വിന്റെ കാലമാകും. കൊണ്ടുനടക്കാവുന്ന എടിഎം മെഷിനും സ്മാര്‍ട്ട് ഫോണും ഇവര്‍ക്ക് നല്‍കാനും പദ്ധതിയുണ്ട്. ഇതോടെ ഗ്രാമങ്ങളില്‍ പോലും മൊബൈല്‍ ബാങ്കിംഗിന് സാധ്യതയേറും.
ആദ്യഘട്ടത്തില്‍ നാനൂറ് കോടിയുടെ നിക്ഷേപത്തിനാണ് തപാല്‍ വകുപ്പ് പദ്ധതിയിടുന്നത്. രാജ്യം മുഴുവന്‍ 5000 എടിഎം കേന്ദ്രങ്ങളും ആരംഭിക്കും.
ബാങ്കിന്റെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്ന ഇടമാക്കി പോസ്റ്റ് ഓഫിസുകളെ മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതി. സര്‍ക്കാര്‍ ഫണ്ടുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പണമിടപാടുകളും പോസ്റ്റാഫിസില്‍ നടത്താം. സര്‍വകലാശാലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫീസുകളും ഇനി പോസ്റ്റ് ഓഫിസ് വഴി അടയ്ക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."