വെസ്ലി സ്നൈഡര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു
ആംസ്റ്റര്‍ഡാം: വിഖ്യാത ഹോളണ്ട് മധ്യനിര താരം വെസ്ലി സ്നൈഡര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 14 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് താരം വിരാമമിട്ടത്. രാജ്യത്തിനായി 133 മത്സരങ്ങളിലായി കളിച്ച സ്നൈഡര്‍ ആര്യന് റോബന്, റോബിന് വാന്‍ പേഴ്സി, മാര്‍ക് വാന്‍ ബൊമ്മല് എന്നിവര്‍ക്കൊപ്പം ഹോളണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്ത സംഘാഗമാണ്. ഹോളണ്ടിന്റെ സുവര്‍ണ തലമുറയില്‍ പെട്ട മറ്റൊരു താരം കൂടി ദേശീയ ടീമിനോട് യാത്ര പറയുകയാണ് സ്നൈഡറിന്റെ പിടിയിറക്കത്തോടെ. റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാന്‍ ഹോളണ്ടിന് കഴിയാതെ വന്ന സാഹചര്യത്തിലാണ് സ്നൈഡറുടെ വിരമിക്കല്‍ തീരുമാനം പെട്ടെന്നായത്. രാജ്യത്തിനായി മൂന്ന് വീതം ലോകകപ്പുകളും യൂറോ കപ്പും കളിച്ചാണ് മധ്യനിരയിലെ കരുത്തുറ്റ താരം ദേശീയ ടീമില്‍ നിന്ന് യുവ താരങ്ങള്‍ക്കായി മാറി കൊടുക്കുന്നത്.
ഫ്രഞ്ച് ടീം നീസിനൊപ്പം ആറ് മാസം കളിച്ച 33 കാരനായ സ്നൈഡര്‍ നിലവില്‍ ഖത്തര്‍ ടീം അല്‍ ഗര്ഫയിലാണ് കളിക്കുന്നത്. ജനുവരി മാസത്തിലെ കൈമാറ്റ വിപണിയിലൂടെയാണ് വെറ്ററന്‍ താരത്തെ ഖത്തര്‍ ടീം സ്വന്തമാക്കിയത്. നേരത്തെ അയാക്സ്, റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന്, ഗെലാത്സരെ ടീമുകള്‍ക്കായും സ്നൈഡര്‍ ക്ലബ് ഫുട്ബോളില്‍ ഇറങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."