വനിതകള്‍ക്ക് ഡ്രൈവിങ്, വാഹന റിപ്പയറിങ് പരിശീലനം തുടങ്ങി
ജിദ്ദ: വനിതകള്‍ക്ക് ഡ്രൈവിംഗ്, ബേസിക് മെയിന്റനന്‍സ് എന്നിവയില്‍ പരിശീലനം നല്‍കുന്ന പദ്ധതിയില്‍ 375 വനിതകള്‍ പരിശീലനം ആരംഭിച്ചു. ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ജനറല്‍ ഓര്‍ഗനൈസേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.
സഊദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചതോടെ സര്‍വ്വകലാശാലകളും സ്വകാര്യ സംരംഭകരും വനിതാ ഡ്രൈവിംഗ് പരിശീലന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് വേള്‍ഡ് എക്‌സലന്‍സ് കോളജുമായി സഹകരിച്ച് ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഡ്രൈവിംഗിലും അടിസ്ഥാന വാഹന റിപ്പയറിംഗിലും പരിശീലനം ആരംഭിച്ചത്.
റിയാദ്, അല്‍ ഹസ, അല്‍ കോബാര്‍, ജിദ്ദ എന്നിവിടങ്ങളിലാണ് വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്. നാലു കേന്ദ്രങ്ങളിലായി 375 സ്വദേശി വനിതകള്‍ പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്തതായി കോളജ് മേധാവി നായിഫ് അല്‍ മത്‌റഫി പറഞ്ഞു.
ട്രാഫിക് നിയമങ്ങള്‍, വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അടിയന്തിര ഘട്ടങ്ങളെ നേരിടുന്നതിനുളള പരിശീലനം, പ്രഥമ ശുശ്രൂഷ, റോഡുകളിലെ സൈന്‍ ബോര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ പഠനപരിശീലന പദ്ധതിയാണ് നടപ്പിലാക്കുന്നത്
അതിനിടെ സഊദിയില്‍ ആദ്യമായി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരായി നിയമിക്കുന്നതിനു മുന്നോടിയായി 12 സ്വദേശി യുവതികള്‍ക്ക് പരിശീലനം തുടങ്ങി. സഊദിയ എയര്‍ നാവിഗേഷന്‍ സര്‍വീസസ് കമ്പനിയും സഊദി സിവില്‍ ഏവിയേഷന്‍ അക്കാദമിയും സഹകരിച്ചാണ് ഒരു വര്‍ഷത്തെ പരിശീലനം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."