കരള്‍ നല്‍കിയ ശ്രീരഞ്ജിനിയുടെ ജീവിതം ഇപ്പോഴും ദുരിതത്തില്‍
കാട്ടാക്കട : സ്വന്തമായി വീടില്ല, കുടുംബമില്ല. വാടക വീട് തേടി അലയുന്ന ശ്രീരഞ്ജിനിയ്ക്ക് ഇപ്പോഴും ബാക്കി ദുരിതങ്ങളുടെ കാണാകയങ്ങള്‍. കുരുന്നുജീവന്റെ തുടിപ്പുകള്‍ നിലനിര്‍ത്താന്‍ സ്വന്തം കരള്‍ ദാനം നല്‍കി ജീവിത വഴിയില്‍ ഒറ്റപ്പെട്ടുപോയ ശ്രീരഞ്ജിനി(39)യ്ക്ക് താല്‍ക്കാലിക ജോലി കിട്ടി. പക്ഷേ സര്‍ക്കാരിന്റെ നിസാരമായ തുകയ്ക്ക് ജീവിതം എന്ത് ചെയ്യണമെന്നറിയാതെ വീര്‍പ്പുമുട്ടലില്‍ തള്ളി നീക്കുകയാണ് ഇവര്‍.
പൂജപ്പുര തമലം സ്വദേശിനിയായ ശ്രീരഞ്ജിനി ആശാവര്‍ക്കറായിരുന്നു. ജോലിയുടെ ഭാഗമായി 2016 ഫെബ്രുവരി മാസം തമലത്തെ അങ്കണവാടിയില്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് കൊടുക്കാന്‍ പോയപ്പോഴാണ് അലിയ ഫാത്തിമ എന്ന പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ശ്രീരഞ്ജിനി കാണുന്നത്.
കണ്ണുകള്‍ മഞ്ഞളിച്ച്, ശോഷിച്ച ദേഹവുമായി അമ്മയുടെ ഒക്കത്തിരുന്ന് വിതുമ്പുന്ന അലിയ ഫാത്തിമയെ ശ്രദ്ധയില്‍പ്പെട്ടു. വിവരമറിഞ്ഞ് ശ്രീരഞ്ജിനിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ആ എതിര്‍പ്പുകള്‍ അവഗണിച്ച് കഴിഞ്ഞ ഏപ്രില്‍ ആറിന് അലിയയ്ക്ക് സ്വന്തം കരള്‍ പകുത്തുനല്‍കി. അതും തീര്‍ത്തും സൗജന്യമായി. പക്ഷേ അലിയയ്ക്ക് കരള്‍ നല്‍കിയതിനു ശേഷം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ശ്രീരഞ്ജിനിക്ക് മുന്നോട്ടുള്ള ജീവിതം നരകതുല്യമായി. മക്കളായ വൈഷ്ണവിനെയും വൈശാഖിനെയും ഒപ്പംകൂട്ടി ഭര്‍ത്താവ് ശ്രീരഞ്ജിനിയെ ഉപേക്ഷിച്ചുപോയിരുന്നു. കുടുംബ ഓഹരിയായി കിട്ടിയ നാലു സെന്റ് സ്ഥലത്ത് ഓലമേഞ്ഞ ചെറിയൊരു വീട്ടിലായിരുന്നു ശ്രീരഞ്ജിനിയുടെ താമസം.
ഒന്നരവര്‍ഷം മുന്‍പുണ്ടായ കനത്ത മഴയില്‍ ആകെയുണ്ടായിരുന്ന ഓലപ്പുര തകര്‍ന്നു വീണു. പിന്നിട് ബന്ധുവീടുകളിലായിരുന്നു ശ്രീരഞ്ജിനിയുടെ താമസം. കരള്‍ ദാനം ചെയ്തതോടെ ശ്രീരഞ്ജിനിയെ ബന്ധുക്കള്‍ വീട്ടില്‍ നിന്ന് പടിയിറക്കി.
പിന്നെ താമസം വാടക വീടുകളില്‍. ശ്രീരഞ്ജിനിയുടെ ജീവിതം ജൂണ്‍ നാലിന് സുപ്രഭാതത്തിന്റെ ഒന്നാം പേജില്‍ വാര്‍ത്തയായി വന്നിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പില്‍ വട്ടിയൂര്‍ക്കാവിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലികമായി അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി കിട്ടി. നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയിലാണ് ജോലി നല്‍കിയത്. അതും മൂന്ന് മാസത്തെ കാലയളവില്‍.
ഒരോ മൂന്നു മാസവും കഴിയുമ്പോള്‍ കരാര്‍ പുതുക്കി നല്‍കും. മിഷന്‍ പദ്ധതി തീര്‍ന്നാല്‍ ജോലിയും പോകും. ഇപ്പോഴും ജോലിയില്‍ തുടരുന്ന ഇവര്‍ താമസിക്കുന്ന വീടിന് പോലും 5000 രൂപ വാടക നല്‍കണം.
പിന്നെ മറ്റ് ചെലവുകളും മരുന്നും. ജോലി കഴിഞ്ഞാല്‍ മറ്റ് വീടുകളില്‍ അടുക്കള പണി ചെയ്താണ് ശ്രീരഞ്ജിനി ഇപ്പോള്‍ കഴിയുന്നത്. തനിക്ക് സ്ഥിര നിയമനം നല്‍കാമെന്ന് പറഞ്ഞ ആരോഗ്യ വകുപ്പ് ഇപ്പോള്‍ അനങ്ങുന്നില്ല. ഇപ്പോള്‍ കിട്ടുന്ന തുകയില്‍ നിന്നും അല്‍പം കൂടുതലും സ്ഥിരനിയമനവും അതാണ് ഇവര്‍ ആഗ്രഹിക്കുന്നത്. കൂടെയുള്ളവര്‍ പോലും സൗജന്യമായി കരള്‍ നല്‍കിയതിനെ വിമര്‍ശിക്കുമ്പോഴും അതൊക്കെ തള്ളി കളഞ്ഞ് കരുണയ്ക്കായി കേഴുകയാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."