കശ്മിര്‍ തര്‍ക്കം തീര്‍ക്കാന്‍ കഴിയാതെ പോയത് സോണിയയുടെ ഭയം കാരണം: എ. ജി നൂറാനി
കൊച്ചി: കശ്മിര്‍ പ്രശ്‌നത്തില്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫുമായി ഒരു ഉടമ്പടിയിലെത്താന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിന് കഴിയുമായിരുന്നുവെന്നും സോണിയാ ഗാന്ധിയുടെ ഭയമാണ് 2006 അതില്‍ നിന്ന് സിങിനെ തടഞ്ഞതെന്നും ഭരണഘടനാ വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജി നൂറാനി പറഞ്ഞു.
കൃതി സാഹിത്യവിജ്ഞാനോത്സവത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഇഫ്തിഖാര്‍ ഗിലാനിയുമായി കശ്മീര്‍ ഇന്ന് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മിര്‍ പ്രശ്‌നത്തിന് ഇന്ന് സാധ്യമായ ഒരേയൊരു പരിഹാരവും നാല് പ്രധാന സംഗതികളുള്‍പ്പെട്ട അന്നത്തെ ആ സിങ് - മുഷറഫ് ഫോര്‍മുല മാത്രമാണെന്നും നുറാനി പറഞ്ഞു. അതിര്‍ത്തി സൈന്യരഹിതമാക്കുക, സ്വയംഭരണം പുനഃസ്ഥാപിക്കുക, നിയന്ത്രണ രേഖയില്‍ ആളുകള്‍ക്ക് സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യം, ഈ നടപടികള്‍ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നിരീക്ഷണ സംവിധാനം സ്ഥാപിക്കുക എന്നിവയായിരുന്നു ആ നാല് സംഗതികള്‍. കരാറിലൊപ്പിടാന്‍ മന്‍മോഹന്‍ സിങ് തയാറായിരുന്നു. എന്നാല്‍ പച്ചക്കൊടി കാണിക്കാന്‍ സോണിയാ ഗാന്ധി ധൈര്യപ്പെട്ടില്ല.
അതേസമയം ഏറെ കൊട്ടിഘോഷിക്കപ്പെട്ട വാജ്‌പേയി-മുഷറഫ് ഉച്ചകോടി വെറും അസംബന്ധമായിരുന്നുവെന്നും നൂറാനി പറഞ്ഞു. തന്റെ വാക്ക് പാലിക്കാന്‍ വാജ്‌പേയിക്ക് ധൈര്യമുണ്ടായിരുന്നില്ല.
ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തരം ഹിപ്പോക്രസിയുടെ ക്ലാസിക് മാതൃകയായിരുന്നു വാജ്‌പേയി. ആ ഉച്ചകോടിയുടെ പരാജയത്തിന്റെ വസ്തുതകളെല്ലാം ഇന്ന് പരസ്യമായിക്കഴിഞ്ഞെന്നും നൂറാനി പറഞ്ഞു.
അക്രമങ്ങളെത്തുടര്‍ന്ന് പറിച്ചെറിയപ്പെട്ട കശ്മിരി പണ്ഡിറ്റുകളെ അവരുടെ സ്വന്തം ഇടങ്ങളില്‍ത്തന്നെ പുനരധിവസിപ്പിക്കുന്നതു മാത്രമേ പ്രതിവിധി ഉണ്ടായിരുന്നുള്ളൂവെന്നും നുറാനി പറഞ്ഞു. കശ്മിരിനെപ്പറ്റി ഏറെ എഴുതിയിട്ടുള്ള നൂറാനി മന്‍മോഹന്‍ സിങ്-മുഷറഫ് ചര്‍ച്ചകളിലും നിര്‍ണായക ഘടകമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."