യുദ്ധം പട്ടിണിക്കിട്ട യമന്‍
പുരാതന ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനായ ടോളമി യമനിനെ വിശേഷിപ്പിച്ചത് സൗഭാഗ്യവതിയും സന്തുഷ്ടയുമായ അറേബ്യ എന്നാണ്. എന്നാല്‍, ഇന്ന് യമന്‍ ഭൂമിയില്‍ ഏറ്റവും ദുഃഖവും വേദനയും തളംകെട്ടിനില്‍ക്കുന്ന നാടുകളിലൊന്നാണ്. പാരമ്പര്യത്തിന്റെ ഗരിമപേറിയിരുന്നു ഈ നാടിനെയിന്ന് ആഭ്യന്തരയുദ്ധം കീറിമുറിച്ചു പട്ടിണിയുടെ മഹാസമുദ്രത്തിലെറിഞ്ഞിരിക്കുകയാണ്. ഒരുനേരത്തെ ഭക്ഷണത്തിനായി ലോകത്തോടു യാചിക്കുകയാണിന്ന് യമന്‍. ഹൃദയം പൊട്ടുമാറുച്ചത്തില്‍ ഒരു രാജ്യം മുഴുക്കെ കരയുകയാണ്. ഇളംകുരുന്നുകളുടെ കണ്ണീരു വറ്റിയ കവിള്‍ത്തടങ്ങളാണ് അവിടെ ആകെ കാണാനാകുന്ന കാഴ്ച. പട്ടിണിയുടെ ആഴമെന്തെന്ന്, അതിന്റെ നോവും വേവുമെന്തെന്ന് അറിയാന്‍ യമനിലേക്കു കണ്ണുതിരിച്ചാല്‍ മതി.
യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ച യമന്‍ തലസ്ഥാന നഗരമായ സന്‍ആയെക്കുറിച്ച് ഡോക്യുമെന്ററി തയാറാക്കിയ ഇറ്റാലിയന്‍ കവിയും ചലച്ചിത്ര സംവിധായകനുമായ പീര്‍ പൗലോ പസോളനി യമനെ വിശേഷിപ്പിച്ചത് ലോകത്തെ ഏറ്റവും സുന്ദരമായ രാജ്യമെന്നാണ്. ഷീബാ രാഞ്ജിയുടെ സമ്പത്തും പസോളനി വിശേഷിപ്പിച്ച സൗന്ദര്യവും ചേര്‍ത്തുവായിച്ചാല്‍ ഒന്നുറപ്പാണ്, പശ്ചിമേഷ്യയിലെ ഏറ്റവും പ്രമുഖ രാജ്യം തന്നെയായിരുന്നു യമന്‍. എന്നാല്‍, രണ്ടേകാല്‍ കോടിയിലേറെ ജനസംഖ്യയുള്ള, ഏഷ്യാ വന്‍കരയുടെ ഈ അതിര്‍ത്തി രാജ്യം ലോകത്തെ തന്നെ ഏറ്റവും ദരിദ്രപ്രദേശങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ഒപ്പം ആഭ്യന്തര സംഘര്‍ഷങ്ങളുടെ വിളനിലമായും അതു രൂപാന്തരപ്പെട്ടിരിക്കുന്നു.
2011ലാണ് അലി അബ്ദുല്ല സാലിഹ് സര്‍ക്കാരിനെതിരേ യമനിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. രാജ്യം നേരിടുന്ന കൊടും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഭരണത്തിലെ അഴിമതിയും ജനങ്ങളെ ഭരണകൂടത്തിനെതിരേ തിരിച്ചു. എന്നാല്‍ അബ്ദുല്ല സാലിഹ് ഭരണത്തില്‍നിന്നു പുറത്തായി രാജ്യം നന്നാവുമെന്നു പ്രതീക്ഷ നാട്ടുകാര്‍ക്കും തെറ്റി. തികച്ചും വിപരീതമായിരുന്നു അനന്തരഫലം. സ്വര്‍ഗരാജ്യമായ യമനില്‍ കലാപം ഒഴിഞ്ഞ ദിനങ്ങള്‍ പിന്നീടുണ്ടായിട്ടില്ല. 2014ല്‍ സാലിഹിന്റെ സഹായത്തോടെ രാജ്യത്തെ വിമതരായ ഹൂതികള്‍ സന്‍ആ നഗരം കീഴടക്കി.
തുടര്‍ന്ന് രാജ്യം മുഴവന്‍ ഹൂതികളുടെ നിയന്ത്രണത്തിലായെന്നു സ്വയം പ്രഖ്യാപിച്ചു. ഇതു പുതിയൊരു യുദ്ധത്തിനു മരുന്നിട്ടു. സഊദി സഖ്യസേനയും യമന്‍ സൈന്യവും ഹൂതികള്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. ഇപ്പോഴും അവസാനിക്കാത്ത ഈ യുദ്ധമാണ് യമനെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കു തള്ളിയിട്ടത്.
യുദ്ധംമൂലം ആഭ്യന്തര ഭക്ഷണശൃംഖലയാകെ തകര്‍ന്നടിഞ്ഞു. രാജ്യത്തിനു പുറത്തുനിന്നുള്ള ഭക്ഷ്യോല്‍പന്നങ്ങളുടെ ഇറക്കുമതിയും പാടേ നിലച്ചു. ഇതു രാജ്യത്ത് 80 ശതമാനത്തിനുമുകളില്‍ ജനങ്ങളെ നേരിട്ടു ബാധിച്ചു.
ഭക്ഷണത്തിനൊപ്പം കുടിവെള്ളവും കിട്ടാക്കനിയായി. ഭൂരിഭാഗം കുടിവെള്ള സ്രോതസുകളും പൈപ്പ്‌ലൈനുകളും യുദ്ധത്തില്‍ തകര്‍ന്നു. വെള്ളത്തിനായി അലഞ്ഞ ജനത ഒരു വഴിയുമില്ലാതെ മലിനജലം കുടിച്ചു ദാഹമകറ്റി. ഭക്ഷണത്തിനു വേണ്ടി മാലിന്യക്കൂമ്പാരങ്ങളുമായി വരുന്ന ഓരോ ട്രക്കുകളും കാത്തിരുന്നു. ചീഞ്ഞുനാറുന്ന മാലിന്യക്കൂമ്പാരങ്ങളില്‍നിന്നു ലഭിക്കുന്ന എച്ചിലുകള്‍ കൊണ്ടു വിശപ്പടക്കുന്ന ജീവിതങ്ങള്‍ വരെയുണ്ട് ഇന്ന് യമനില്‍. യമനിലെ ചെങ്കടല്‍ തുറമുഖത്തിനു സമീപമുള്ള ഹുദൈബയില്‍ താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണ് മാലിന്യക്കൂമ്പാരങ്ങള്‍ പശിയടക്കാനുള്ള വഴിയാക്കുന്നത്.
വടക്കുപടിഞ്ഞാറന്‍ യമനില്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നവര്‍ക്കിടയിലേക്കാണ് യുദ്ധം ഇടിത്തീയായി ചെന്നുപതിച്ചത്. യുദ്ധം രൂക്ഷമായതോടെയാണു നൂറുകണക്കിനു ഗ്രാമീണര്‍ ഹുദൈദയിലേക്കു കുടിയേറി. കൈയില്‍ പണമില്ലാതെ ഭക്ഷണത്തിനും അന്തിയുറങ്ങാനും വഴിയറിയാതെ അലഞ്ഞുതിരിയുന്നതിനിടെയാണ് ഇവര്‍ ഹുദൈദ നഗരത്തിലെ മാലിന്യ നിക്ഷേപകേന്ദ്രത്തിലെത്തുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള നഗരമാണ് ഹുദൈദ. ഇവിടെ ചവറുകൂനകള്‍ക്കിടയില്‍ കുടില്‍കെട്ടി താമസമാരംഭിക്കുകയായിരുന്നു നൂറുകണക്കിനു കുട്ടികളടക്കമുള്ള കുടുംബങ്ങള്‍. മാരകരോഗങ്ങളുടെ ഭീഷണി നിലനില്‍ക്കെത്തന്നെ ചവറുകൂനയില്‍നിന്നു ലഭിക്കുന്ന ആക്രി വസ്തുക്കളും മറ്റും വില്‍പന നടത്തി ഇവര്‍ ഉപജീവനം നടത്തി.
'മറ്റുള്ളവര്‍ കളയുന്ന ഭക്ഷണങ്ങളാണ് ഞങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. അതില്‍നിന്ന് ഞങ്ങള്‍ക്കു മത്സ്യവും ഇറച്ചിയും കിഴങ്ങുകളും സവാളയും ധ്യാനങ്ങളുമെല്ലാം ലഭിക്കാറുണ്ട്. ഇവയൊക്കെയാണ് ഞങ്ങളുടെ ഭക്ഷണം'-ഇവിടെ താമസമാക്കിയ കുടുംബങ്ങളില്‍ ഒരാളായ മുഹമ്മദ് റുസൈഖ് പറയുന്നു.
ഏറ്റവും മാരമായ കോളറ യമനികളെ പിടികൂടി. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം യമനില്‍ രണ്ടുലക്ഷത്തിലധികമായിരുന്നു കോളറ ബാധിതര്‍. ഓരോ ദിവസവും 5,000 പേര്‍ക്കുവീതം രോഗം പിടിപെട്ടു. രോഗബാധിതരായി മരിച്ചവരില്‍ മുക്കാല്‍ ഭാഗവും കുഞ്ഞുങ്ങളായിരുന്നു. 17 മില്യന്‍ ജനങ്ങളാണ് ഒരുനേരത്തെ ആഹാരത്തിനായി അവിടെ വലയുന്നത്. ഏതാണ്ട് 20 ലക്ഷത്തോളം ജനങ്ങള്‍ യുദ്ധത്തെ തുടര്‍ന്നു വിവിധ പ്രദേശങ്ങളിലേക്കു പലായനം ചെയ്യുകയുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."