അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു
കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷകള്‍ ഭൂജല വകുപ്പിന്റെ ഓഫിസില്‍ കെട്ടിക്കിടക്കുന്നു. ഭൂജല വകുപ്പിന്റെ ജലലഭ്യതാ സര്‍ട്ടിഫിക്കറ്റിനുള്ള ആയിരത്തോളം അപേക്ഷകളാണ് ജില്ലാ ആസ്ഥാനത്തെ ഭൂജല വകുപ്പിന്റെ ഓഫിസില്‍ കെട്ടിക്കിടക്കുന്നത്. ഭൂജല വകുപ്പില്‍ നിന്നുള്ള ജലലഭ്യതാ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ മാത്രമേ കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും അനുമതി ലഭിക്കൂ. എന്നാല്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകളില്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്കാന് മതിയായ ജീവനക്കാരില്ലാത്തതിനാല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്.
കുഴല്‍ക്കിണര്‍ കുഴിക്കാന്‍ ആദ്യം ഭൂജല വകുപ്പിനെയാണ് സമീപിക്കേണ്ടത്. ജലലഭ്യത ഉറപ്പാക്കാനുള്ള സര്‍ട്ടിഫിക്കറ്റും എതിര്‍പ്പില്ലാ രേഖയും ഇവിടെ നിന്നും ലഭ്യമാകണം. നിലവിലെ അവസ്ഥയില്‍ അപേക്ഷിച്ച് രണ്ട് വര്‍ഷം കാത്തിരുന്നാലേ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവൂ. ദിവസവും പത്തിലധികം അപേക്ഷകളാണ് ഇവിടെയെത്തുന്നത്. ജില്ലയിലുടനീളമുള്ള അപേക്ഷകള്‍ പരിശോധിച്ച് നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് ജല ലഭ്യതയുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു ഉദ്യോഗസ്ഥന് മാത്രമാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."