മഴവെള്ളം കൈക്കുമ്പിളിലൊതുക്കി ചേരമാന്‍ പള്ളി
കൊടുങ്ങല്ലൂര്‍: തുള്ളി മഴ വെള്ളം ചോരാതെ കൈക്കുമ്പിളിലൊതുക്കി ചേരമാന്‍ പള്ളി. സാഹോദര്യത്തിന്റെ ഉറവ തുറന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ മുസ്്‌ലിം ദേവാലയം, മത സൗഹാര്‍ദ്ദ സംരക്ഷണത്തില്‍ പുലര്‍ത്തുന്ന സൂക്ഷ്മത ജലസംരക്ഷണത്തിലും ഉറപ്പുവരുത്തുന്നുണ്ട്. പള്ളിയും പള്ളിയോടു ചേര്‍ന്നുള്ള വ്യാപാര സമുച്ചയവുമുള്‍പ്പടെയുള്ള നാല്‍പ്പതിനായിരം സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്തു പെയ്തു വീഴുന്ന ഓരോ മഴത്തുള്ളിയും പാഴായി പോകാതെ ശേഖരിക്കുകയാണിവിടെ. പള്ളിയോളം പഴക്കമുള്ള കുളം പ്രദേശത്തെ ഏറ്റവും വലിയ മഴവെള്ള സംഭരണിയാണ്. 25 സെന്റ് വിസ്തൃതിയുള്ള കുളത്തില്‍ ഓരോ മഴയിലും ഒഴുകിയെത്തുന്നതു പതിനായിരക്കണക്കിനു ലിറ്റര്‍ വെള്ളം. റോഡിനപ്പുറം മഹല്ല് കമ്മറ്റിയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിന്റെ മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളവും പൈപ്പ് വഴി പള്ളിക്കുളത്തിലെത്തും. നാലു വര്‍ഷത്തിനിടയില്‍ ഇങ്ങനെ സംഭരിച്ച മഴവെള്ളത്തിന്റെ അളവു കണക്കിനുമപ്പുറത്താണ്. കടുത്ത വേനലില്‍ പോലും രണ്ടാള്‍ ആഴത്തില്‍ ഈ കുളത്തില്‍ വെള്ളമുണ്ടാകും. പള്ളിയില്‍ നിസ്‌ക്കരിക്കാനെത്തുന്നവര്‍ അംഗശുദ്ധി വരുത്തുമ്പോള്‍ ഒഴുകിപ്പോകുന്ന വെള്ളം ഭൂമിക്കടിയിലേക്കു താഴ്ന്നു പോകാനും ഇവിടെ സംവിധാനമൊരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."