പെസഹ ബുധനാഴ്ചയിലെ കുമ്പസാരം
പൊതുപണിമുടക്ക് ദിനമായ ഏപ്രില്‍ രണ്ടിനു സഭാസമ്മേളനം ഒഴിവാക്കിയിട്ടും പെസഹ വ്യാഴാഴ്ചയുടെ തലേദിവസമായ പെസഹ ബുധനാഴ്ചയായ ഇന്നത്തെ സമ്മേളനം മാറ്റിവയ്ക്കാത്തതില്‍ പി.സി ജോര്‍ജിനു വലിയ പ്രതിഷേധമുണ്ട്. ക്രിസ്ത്യാനികള്‍ കുമ്പസരിക്കുന്ന ദിവസമാണിത്. ഇതെന്തു പണിയാണെന്ന് ധനകാര്യ ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ അടൂര്‍ പ്രകാശ് സംസാരിക്കുന്നതിനിടയില്‍ ജോര്‍ജിന്റെ ചോദ്യം. ഇതുകേട്ടപ്പോള്‍, ജോര്‍ജിനു കുമ്പസരിക്കാന്‍ ഒരു ദിവസം മതിയാകുമോ എന്ന് ആര്‍. രാജേഷിന്റെ ചോദ്യം. ജോര്‍ജ് കുമ്പസരിക്കാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ടാകുമെന്നും അത് കേള്‍ക്കുന്ന അച്ചന്റെ സ്ഥിതി എന്തായിരിക്കുമെന്നും അടൂര്‍ പ്രകാശ്. പാപം ചെയ്താല്‍ ഉടന്‍ തന്നെ കുമ്പസരിക്കുന്നയാളാണ് ജോര്‍ജെന്ന് ജെയിംസ് മാത്യു. ഞായറാഴ്ച ജോര്‍ജ് തന്റെ നാട്ടില്‍ വന്നു ചെയ്ത പാപത്തിന് പിറ്റേന്നു തന്നെ കുമ്പസരിച്ചിട്ടുണ്ടെന്നും ജെയിംസ് മാത്യു. താന്‍ പാപം ചെയ്യാറില്ലെന്നും എന്നാല്‍, പാപികളെ ഇഷ്ടമാണെന്നും ജോര്‍ജിന്റെ തിരിച്ചടി. ഇതെല്ലാം കേട്ടപ്പോള്‍ പെസഹ വ്യാഴാഴ്ചയല്ലേ എന്ന് മന്ത്രി തോമസ് ഐസക്കിനു സംശയം. ഐസക്കിനെന്ത് പെസഹ ബുധനും വ്യാഴവുമെന്നും വെറുതെ ക്രിസ്ത്യാനിയെന്നു പറഞ്ഞ് നടക്കുകയല്ലേ എന്നും ജോര്‍ജ്.
സി.പി.എമ്മില്‍ ഒരുപാടു കാലം കഷ്ടപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ക്ക് കാര്യമായൊന്നും കിട്ടാറില്ലെന്നും വന്നുകയറുന്നവര്‍ക്കാണ് നേട്ടമെന്നും പി.കെ ബഷീര്‍. അഞ്ചു തവണ എം.എല്‍.എയായ രാജു എബ്രഹാമിനും പലതവണ എം.പിയും എം.എല്‍.എയുമൊക്കെയായ സുരേഷ് കുറുപ്പിനും മന്ത്രിസ്ഥാനം കിട്ടിയില്ല. മേയറായിരുന്ന വി.കെ.സി മമ്മത്‌കോയയെ ഉള്ള സ്ഥാനവും ഇല്ലാതാക്കി സഭയില്‍ കൊണ്ടുവന്നിരുത്തി. എന്നാല്‍, ആദ്യം ജമാഅത്തെ ഇസ്്‌ലാമിയിലും പിന്നെ സിമിയിലും തുടര്‍ന്ന് വിചാരവേദിയിലും ലീഗിലുമൊക്കെ പ്രവര്‍ത്തിച്ചു സി.പി.എമ്മിലെത്തിയ കെ.ടി ജലീല്‍ മന്ത്രിയായി. അത് നിലനിര്‍ത്താന്‍ വേണ്ടി ഇപ്പോള്‍ അദ്ദേഹം ലീഗില്‍ കൊലപാതകരാഷ്ട്രീയം ആരോപിക്കുന്നെന്നും ബഷീര്‍. അങ്ങനെയാണെങ്കില്‍ ഇടതുപക്ഷത്തു നിന്ന് വന്നുകയറിയ മഞ്ഞളാംകുഴി അലിയെ ലീഗ് മന്ത്രിയാക്കിയില്ലേ എന്ന് ടി.വി രാജേഷ്. അലി ലീഗ്തറവാട്ടില്‍ നിന്ന് പുറത്തുപോയി തിരിച്ചെത്തിയയാളാണെന്ന് ബഷീറിന്റെ മറുപടി.
സി.പി.ഐയില്‍ നിന്നെത്തിയ കെ.എന്‍.എ ഖാദറിനെ ലീഗ് എം.എല്‍.എയാക്കിയില്ലേ എന്ന് ഭരണപക്ഷത്തു നിന്ന് ചോദ്യം. ഖാദര്‍ പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് 15 വര്‍ഷത്തോളം നിരീക്ഷിച്ച ശേഷമാണ് എം.എല്‍.എ ആക്കിയതെന്ന് ബഷീര്‍. ലീഗിന്റെ താങ്ങും തണലുമായിരുന്ന സീതിഹാജിയെ മന്ത്രിയാക്കിയില്ലല്ലോ എന്ന് വി.കെ.സിയുടെ ചോദ്യം. ചാലിയാറില്‍ തെരപ്പന്‍ തുഴഞ്ഞ് നടന്നിരുന്ന തന്റെ വന്ദ്യപിതാവിനെ ലീഗ് എം.എല്‍.എയും ഒടുവില്‍ കാബിനറ്റ് റാങ്കുള്ള ചീഫ്‌വിപ്പ് വരെയും ആക്കിയെന്ന് ബഷീറിന്റെ മറുപടി.
കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സാമ്പത്തികനയം ഒന്നല്ലെന്ന് തെളിയിക്കാനാവുമോ എന്ന് കഴിഞ്ഞ ദിവസം തോമസ് ഐസക് ഉയര്‍ത്തിയ വെല്ലുവിളിക്ക് വിഷയങ്ങള്‍ അക്കമിട്ടു നിരത്തിയാണ് വി.ഡി സതീശന്‍ മറുപടി പറഞ്ഞത്. യു.പി.എ സര്‍ക്കാരുകളുടെയും നരേന്ദ്രമോദി സര്‍ക്കാരിന്റെയും കാലത്തെ സാമ്പത്തിക നടപടികളും രാജ്യത്ത് അതുണ്ടാക്കിയ ഫലങ്ങളും വിശദമായി പഠിച്ചെത്തിയ സതീശന്‍, കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങള്‍ ജനോപകാരപ്രദമായിരുന്നെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചു. മന്ത്രി വി.എസ് സുനില്‍കുമാറും യു. പ്രതിഭാ ഹരിയും ചില ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍, സാമ്പത്തികശാസ്ത്ര പണ്ഡിതനായ മന്ത്രിക്കു മറുപടി പറയാന്‍ സാമ്പത്തികശാസ്ത്രം അറിയാത്ത താന്‍ കാര്യങ്ങള്‍ വിശദമായി തന്നെ പഠിച്ചാണ് എത്തിയതെന്നും അതില്‍ തെറ്റുകളുണ്ടോ എന്ന് ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും സതീശന്റെ മറുപടി.
ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണെന്നു പറയുന്ന സി.പി.എമ്മിനു ബദല്‍ നയം പ്രാവര്‍ത്തികമാക്കിക്കാണിക്കാന്‍ സാധിക്കുന്ന ഏക സ്ഥലം കേരളമാണെന്നും എന്നിട്ടും എന്തുകൊണ്ട് അതു ചെയ്യുന്നില്ലെന്നും എന്‍. ഷംസുദ്ദീന്റെ ചോദ്യം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എതിര്‍ക്കുന്ന നയത്തിന്റെ ഏറ്റവും മികച്ച നടത്തിപ്പുകാരായി ഭരണം കിട്ടുമ്പോള്‍ ഇടതുപക്ഷം മാറുന്നു. ലീഗിന്റെ യോഗങ്ങളില്‍ മീറ്റിങ്ങിനേക്കാളധികം ഈറ്റിങ്ങിനാണു സമയം ചെലവഴിക്കുന്നതെന്ന ഭരണപക്ഷത്തിന്റെ ആരോപണത്തിന്, ബുദ്ധിയുള്ളവര്‍ക്കു കുറച്ചു സമയം ചര്‍ച്ച ചെയ്താല്‍ മതിയെന്ന് എന്‍. ഷംസുദ്ദീന്റെ മറുപടി. ഒരുകാലത്ത് ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനമുണ്ടായിരുന്ന സി.പി.എം ഒരുപാട് ചര്‍ച്ചകള്‍ നടത്തിയാണ് ഒടുവില്‍ സഭയുടെ ഒരു മൂലയിലൊതുങ്ങിയതെന്നും ഷംസുദ്ദീന്‍.
കീടങ്ങളെ നശിപ്പിക്കാന്‍ എതിര്‍കീടങ്ങളെ വിടുന്നതുപോലെയാണ് വയല്‍ക്കിളി സമരത്തിനെതിരേ സി.പി.എം വേറെ സമരം നടത്തിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമരക്കാരെ കഴുകന്‍മാരെന്നും എരണ്ടകളെന്നുമൊക്കെ വിളിച്ച് പ്രശ്‌നം വഷളാക്കുകയാണ് സി.പി.എം ചെയ്തതെന്നും ചെന്നിത്തല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."