മര്യാദ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ കാട്ടിലുപേക്ഷിച്ച ബാലനെ കണ്ടെത്തി
ടോക്യോ: വികൃതി കാണിച്ചതിന് മര്യാദ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ കാട്ടിലുപേക്ഷിച്ച മകനെ ദൗത്യസംഘം കണ്ടെത്തി. കാട്ടിലുപേക്ഷിച്ച് അഞ്ചു ദിവസത്തിന് ശേഷമാണ് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയത്. ഏഴു വയസ്സുകാരനായ യെമാറ്റോ ടനൂക്കയെയാണ് 180 അംഗ ദൗത്യസംഘം തിരച്ചിലിനിടെ കണ്ടെത്തിയത്
മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം പാര്‍ക്കിലെത്തിയ യൊമാറ്റോ സന്ദര്‍ശകര്‍ക്കും പാര്‍ക്കില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്കു നേരെയും കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുട്ടിയെ കാടിനു സമീപം ഇറക്കി വിട്ടത്. അല്‍പ്പസമയത്തിന് ശേഷം ഇവര്‍ തിരിച്ചുവന്നപ്പോള്‍ ബാലനെ കാണാതാവുകയായിരുന്നു. കുട്ടിയെ കാണാതായെന്ന് ആദ്യം പൊലിസിനോട് പറഞ്ഞ യെമാറ്റോയുടെ പിതാവ് പക്ഷെ കുട്ടിയെ ഉപേക്ഷിച്ചതാണെന്ന സത്യം പിന്നീടാണ് തുറന്നു പറഞ്ഞത്. കാട്ടില്‍ ഒറ്റയ്ക്കകപ്പെട്ട കുട്ടി പേടിച്ചരണ്ട് അഞ്ച് കിലോമീറ്ററോളം നടന്ന് ഉള്‍വനത്തില്‍ അകപ്പെടുകയായിരുന്നു
ഉപേക്ഷിച്ച സ്ഥലത്തുനിന്നും 4 കിലോമീറ്റര്‍ മാറി കാടിനുള്ളില്‍ സൈനികതാവളത്തിനു സമീപത്താണ് കുട്ടി ഉണ്ടായിരുന്നത്. അഞ്ച് ദിവസമായി ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശനിലയിലായിരുന്ന യൊമാറ്റോയ്ക്ക് സൈനികര്‍ ആഹാരം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."