പരവൂര്‍: രാഷ്ട്രീയ ഇടപെടല്‍ മത്സരക്കമ്പത്തിലേക്ക് നയിച്ചെന്ന്
കൊല്ലം: മത്സരക്കമ്പത്തിലേക്ക് വഴിതെളിച്ചത് രാഷ്ട്രീയ ഇടപെടലാണെന്ന് പരവൂര്‍ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ തെളിവെടുപ്പിനിടെ ക്ഷേത്രഭരണസമിതി സെക്രട്ടറി ജെ.കൃഷ്ണന്‍കുട്ടിപ്പിള്ള മൊഴി നല്‍കി.
നാല് ലക്ഷത്തി പതിനായിരം രൂപയാണ് കമ്പത്തിനായി നീക്കിവച്ചതെന്ന് മൊഴിയില്‍ പറയുന്നു. വര്‍ക്കല കൃഷ്ണന്‍കുട്ടിയെയും കഴക്കൂട്ടം സുരേന്ദ്രനേയുമാണ് മത്സരക്കമ്പത്തിനു നിയോഗിച്ചത്. ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. ഇരുകരാറുകാര്‍ക്കും ലൈസന്‍സുണ്ടായിരുന്നു. 50,000 പനയോലകള്‍, 60 അമിട്ട്, ഏഴോ എട്ടോ സൂര്യകാന്തി അമിട്ട് എന്നിവയാണ് തയാറാക്കിയത്. കമ്പപ്പുരയുടെ താക്കോല്‍ കരാറുകാരെ ഏല്‍പ്പിച്ചിരുന്നുവെന്നും കൃഷ്ണന്‍കുട്ടിപ്പിള്ള മൊഴി നല്‍കി.
ഏപ്രില്‍ എട്ടിന് ജില്ലാ കലക്ടറെ കണ്ടപ്പോള്‍ മത്സരക്കമ്പം നടത്താന്‍ പറ്റില്ലെന്നു പറഞ്ഞതായി കൃഷ്ണന്‍കുട്ടിപ്പിള്ള വെളിപ്പെടുത്തി. ഈ സമയം എ.ഡി.എമ്മും കലക്ടറുടെ മുറിയിലുണ്ടായിരുന്നു. പിന്നീട് പരവൂര്‍ സി.ഐയെയും ചാത്തന്നൂര്‍ എ.സി.പിയെയും കാണാന്‍ പോയി. ഈ സമയം മത്സരക്കമ്പം നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ഫാക്‌സിലെത്തി. വില്ലേജ് ഓഫിസില്‍ നിന്നാണ് ഇതിന്റെ പകര്‍പ്പ് വാങ്ങിയത്.
തുടര്‍ന്നു രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്നാണു കൃഷ്ണന്‍കുട്ടിപ്പിള്ളയുടെ മൊഴി. മുന്‍ എം.പി കൂടിയായ കോണ്‍ഗ്രസ് നേതാവാണ് ഇതില്‍ പ്രധാന പങ്ക് വഹിച്ചത്. താന്‍ ഉള്‍പ്പെടുന്ന ക്ഷേത്രക്കമ്മിറ്റിയുടെ കാലാവധി തീര്‍ന്നിരുന്നതായി കമ്മിഷന്‍ അംഗങ്ങളുടെ ചോദ്യത്തിന് സെക്രട്ടറി മറുപടി നല്‍കി. മാര്‍ച്ചിലാണ് കാലാവധി അവസാനിച്ചത്. എന്നാല്‍ ഉത്സവം കഴിഞ്ഞിട്ട് പദവി ഒഴിഞ്ഞാല്‍മതിയെന്ന നിര്‍ദേശപ്രകാരമാണ് സ്ഥാനം രാജിവയ്ക്കാതിരുന്നതെന്നും കൃഷ്ണന്‍കുട്ടിപ്പിള്ള പറഞ്ഞു.
ക്ഷേത്രഭരണസമിതി പ്രസിഡന്റ് പി.എസ് ജയലാല്‍ ഉള്‍പ്പെടെ റിമാന്‍ഡിലുള്ള 15ഓളം പേരില്‍ നിന്ന് കമ്മിഷന്‍ മൊഴിയെടുത്തു. ഇതില്‍ കരാറുകാര്‍ക്ക് വെടിമരുന്ന് നല്‍കിയ ജിഞ്ചു, സിയാദ് എന്നിവരും കരാറുകാരുടെ തൊഴിലാളികളും ഉള്‍പ്പെടുന്നു. ജിഞ്ചുവിനും സിയാദിനും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."