HOME
DETAILS

ക്ഷമാശില പിളരുമ്പോള്‍

  
backup
April 01 2018 | 02:04 AM

kshamashila-pilarumbol

അഫ്ഗാനിസ്താനില്‍ ജനിച്ച ആതിഖ് റഹീമി സോവിയറ്റ് അധിനിവേശത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ രാഷ്ട്രീയാഭയം തേടിയ എഴുത്തുകാരനും ചലച്ചിത്രകാരനുമാണ്. ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ രണ്ടാമത് നോവലായ 'ക്ഷമാശില' (The Patience Stone) ഫ്രാന്‍സിലെ ഏറ്റവും വിഖ്യാതമായ സാഹിത്യ പുരസ്‌കാരമായ പ്രി ഗോണ്‍കോര്‍ (2008) നേടുകയുണ്ടായി. ഇത്രയും കാലം മുഖമില്ലാത്തവരും ശബ്ദമില്ലാത്തവരുമായി കഴിഞ്ഞ അഫ്ഗാന്‍ സ്ത്രീത്വത്തിനു തന്റെ പുസ്തകത്തിലൂടെ മുഖവും ശബ്ദവും നല്‍കുകയാണ് ആതിഖ് റഹീമി ചെയ്യുന്നതെന്ന് പുസ്തകത്തിന്റെ അവതാരികയില്‍ ഖാലിദ് ഹുസൈനി ചൂണ്ടിക്കാണിക്കുന്നു. ഭാഗികമായി ദൃഷ്ടാന്തകഥയും ഒപ്പം പ്രതികാരകഥയും ആയിരിക്കുമ്പോള്‍ തന്നെ വീര്‍പ്പുമുട്ടിക്കും വിധം സ്ത്രീവിരുദ്ധവും നഗ്നമായ രീതിയില്‍ പുരുഷ മേധാവിത്ത, മൗലികവാദപരവുമായ സാമൂഹിക പശ്ചാത്തലത്തില്‍ ലൈംഗിക സദാചാരം, അഭിമാനം, ദാമ്പത്യം, യുദ്ധത്തിന്റെ ഇരയായിപ്പോവുന്ന സ്ത്രീജീവിതം തുടങ്ങിയ പ്രമേയങ്ങളെ തീക്ഷ്ണമായ ധ്വനിസാന്ദ്രതയോടെ ആവിഷ്‌കരിക്കുന്ന കൃതിയാണു 'ക്ഷമാശില'.

പേര്‍ഷ്യന്‍ പുരാണങ്ങളില്‍ പ്രസിദ്ധമായ അതീന്ദ്രിയ, അത്ഭുതസിദ്ധികളുള്ള ശിലയാണ് നോവലിന്റെ കേന്ദ്രരൂപകം. യുഗാന്തരങ്ങളായി വിശ്വാസികള്‍ തന്നോടു പറയുന്ന രഹസ്യങ്ങളെല്ലാം ആഗിരണം ചെയ്ത് അതു നിലക്കൊള്ളുന്നു. ഒരുനാള്‍ ഏറ്റുപറയുന്ന രഹസ്യങ്ങളുടെയും തന്നിലര്‍പ്പിക്കുന്ന വേദനകളുടെയും ഭാരം താങ്ങാനാവാതെ അതു പൊട്ടിത്തെറിക്കുമെന്നും അതായിരിക്കും അന്ത്യവിധിനാള്‍ എന്നും വിശ്വസിക്കപ്പെടുന്നു. വിശുദ്ധ കഅ്ബയിലെ 'കറുത്തകല്ല് '(ഹജറുല്‍ അസ്‌വദ്) ആണു പുരാണപ്രോക്തമായ ഈ കല്ല് എന്ന വിശ്വാസവുമുണ്ട്. എന്നാല്‍ നോവലില്‍ ഈ രൂപകം തികച്ചും വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. അതിന്റെ പൊട്ടിത്തെറി നിന്നെ എല്ലാ ദുരിതങ്ങളില്‍നിന്നും സ്വതന്ത്രയാക്കും എന്നാണു പുരാണം പറഞ്ഞുകൊടുക്കുന്ന സ്‌നേഹമയിയായ അമ്മായി മുഖ്യ കഥാപാത്രത്തോടു പറയുക. ആഭ്യന്തരയുദ്ധം നീറിപ്പുകയുന്ന ജിഹാദിസ്റ്റ് നരകത്തില്‍ പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ ഉമ്മയായ യുവ മാതാവ്, കഴുത്തില്‍ ഒരു വെടിയുണ്ടയുമായി കോമ അവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിനോട് മുന്‍പൊരിക്കലും അവള്‍ക്കു പറയാന്‍ കഴിയാതെ പോയ കാര്യങ്ങള്‍ തുറന്നുപറയുകയാണ്. ഒരേസമയം ഭേദ്യം ചെയ്യലും കുമ്പസാരവും വെളിപ്പെടുത്തലും എല്ലാമായി അതു മാറുന്നു. യുദ്ധത്തിന്, തനിക്കൊരിക്കലും മനസിലായിട്ടില്ലാത്ത മുദ്രാവാക്യങ്ങള്‍ക്കു വേണ്ടി തന്നെ ഉപേക്ഷിച്ചുപോയതിനെ കുറിച്ച് അവള്‍ക്കയാളോടു ദേഷ്യമുണ്ട്. അയാള്‍ക്കെപ്പോഴും ഒരു ഹീറോ ആകണമായിരുന്നു. എന്നാല്‍ സ്വന്തം ജീവിതത്തില്‍ ഒന്നിലും പെടാത്ത ഒരു വഴക്കിനിടയില്‍ അയാള്‍ ഒരു പിതാവാകാന്‍ കഴിയുന്ന പുരുഷന്‍ പോലും അല്ലാതായിരുന്നു എന്നു പതിയെപ്പതിയെ വ്യക്തമാകുന്നു. അയാളോട് അവള്‍ കഥകള്‍ പറയുന്നതു തന്റെ മടുപ്പിക്കുന്ന ഏകാന്തത ഭേദിക്കാന്‍ മാത്രമല്ല അയാളെ ജീവിതത്തോടു ബന്ധിച്ചുനിര്‍ത്താന്‍ കൂടിയാണ്.
തൊട്ടപ്പുറത്ത് ഒരര്‍ഥവുമില്ലാത്ത സംഘര്‍ഷങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെടുകയും ദുഃഖം താങ്ങാനാവാത്ത ഉമ്മമാര്‍ ഭ്രാന്തില്‍ അഭയം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. ഭര്‍ത്താവിന്റെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ മരുന്നോ മറ്റു മാര്‍ഗങ്ങളോ ഇല്ലാതെ സ്വയം വികസിപ്പിച്ചെടുത്ത ഗ്ലൂക്കോസ് ലായനിയുമായി വിജയിക്കാനിടയില്ലാത്ത യുദ്ധത്തിലായ യുവ മാതാവിന് ഏക സഹായം നഗരത്തില്‍ വേശ്യാലയം നടത്തുന്ന അമ്മായിയാണ്. യുദ്ധമേഖലയിലേക്കു പോയ ഭര്‍ത്താവിന്റെ അഭാവത്തില്‍, താന്‍ വന്ധ്യയാണെന്നു മനസിലാക്കിയ നാള്‍ തൊട്ടു ഭര്‍തൃപിതാവിന്റെ പക്കല്‍നിന്നു സ്ത്രീവിരുദ്ധതയുടെ കൈയേറ്റമായി നിരന്തര പീഡനം ഏറ്റുവാങ്ങേണ്ടിവന്നത് അയാളെ വധിച്ചുകൊണ്ട് അവസാനിപ്പിച്ചവള്‍. സ്ത്രീജന്മത്തിന്റെ ദുരിതപര്‍വങ്ങളുടെ നാനാര്‍ഥങ്ങള്‍ കണ്ടവള്‍. ഒരു ഘട്ടത്തില്‍ തന്നെ ബലാല്‍ക്കാരം ചെയ്‌തേക്കാമായിരുന്ന സൈനിക കമാന്‍ഡറോട് കുഞ്ഞുങ്ങളെ പോറ്റാന്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നവളാണു താനെന്നു കള്ളം പറഞ്ഞതിനെ കുറിച്ചു യുവതി പറയുമ്പോള്‍ അവര്‍ സമാശ്വസിപ്പിക്കുന്നു: അതു നന്നായി. അവര്‍ ഒരു വേശ്യയെ പ്രാപിക്കില്ല. കാരണം അതിലവര്‍ക്കു കീഴടക്കുന്ന സംതൃപ്തി ലഭിക്കില്ല. ഒരു കന്യകയെ ആവുമ്പോള്‍ അതവരുടെ ആണത്തത്തിന്റെ ആഘോഷമാണ്.
കിളിപ്പോരില്‍ മാത്രം താല്‍പര്യമുണ്ടായിരുന്ന പിതാവ് ഉമ്മയോടോ പെണ്‍മക്കളോടോ ഒരിക്കലും കാണിച്ചിരുന്നില്ലാത്ത സ്‌നേഹം കിളികളോടു കാണിക്കുമായിരുന്നത് അവളെ അസൂയപ്പെടുത്തിയിരുന്നു. കിളിപ്പോരില്‍ തോറ്റതിനു പന്തയമായി പന്ത്രണ്ടുകാരിയായ മൂത്ത മകളെ നാല്‍പ്പതുകാരനു വിവാഹം കഴിച്ചുകൊടുക്കുന്നതുകണ്ട് അടുത്തതു തന്റെ ഊഴമായിരിക്കും എന്ന ഭയത്തില്‍ വിചിത്രമായ ഒരു പ്രതികാരത്തില്‍ ഏര്‍പ്പെട്ടതും അവള്‍ ഏറ്റുപറയുന്നുണ്ട്. പതിനേഴാം വയസില്‍ ഒരു വീരനായകന്റെ ഭാര്യയാവുന്നതിന്റെ ആവേശം വിവാഹത്തിന്റെ ആദ്യദിനം മുതലേ തണുത്തുതുടങ്ങിയത് അവള്‍ ഓര്‍ക്കുന്നു.
യുദ്ധമുന്നണിയിലായിരുന്ന വരന്റെ ഫോട്ടോക്ക് മുന്നിലാണു വിവാഹം നടക്കുന്നത്. അവളുടെ കന്യകാത്വത്തിനു കാവലിരുന്ന ഭര്‍തൃമാതാവിനെ കുറിച്ചും കുളിമുറിയില്‍ എപ്പോഴും അവളെ ഒളിഞ്ഞുനോക്കി സ്വയം തങ്ങളില്‍ തന്നെ കാമപൂര്‍ത്തി വരുത്തുമായിരുന്ന ഭര്‍തൃസഹോദരങ്ങളെ കുറിച്ചും അവള്‍ തുറന്നുപറയുന്നു. ഇപ്പോള്‍ അയാളുടെ സമ്പൂര്‍ണ നിസഹായതയില്‍ അവളെ തനിച്ചാക്കി എല്ലാവരും വിട്ടുപോയിരിക്കുന്നുവെന്ന് അവള്‍ വിലപിക്കുന്നു. ഒരുമിച്ചു ജീവിച്ച ഏതാനും വര്‍ഷങ്ങളില്‍ ഒരിക്കല്‍ പോലും വികാരങ്ങളും വിചാരങ്ങളുമുള്ള ഒരു വ്യക്തിയായി തന്നെ പരിഗണിക്കുകയേ ചെയ്തിരുന്നില്ല ഭര്‍ത്താവ്. അയാള്‍ക്കു വേണ്ടതു സാധിക്കുക മാത്രമായിരുന്നു ചെയ്തത്. ഇപ്പോള്‍ മൃതപ്രായനായിരിക്കുന്ന അയാളോട് അവള്‍ക്കെന്തും പറയാം, എന്തുമാവാം. പക്ഷെ അവള്‍ക്കുറപ്പില്ല അയാള്‍ സുഖം പ്രാപിച്ചാല്‍ വീണ്ടും ആ പഴയ പുരുഷധാര്‍ഷ്ട്യമല്ലാതെ മറ്റെന്തെങ്കിലും പ്രകടിപ്പിക്കുമെന്ന്.
നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്ന സാര്‍ഥകമായ ഏക ആണ്‍-പെണ്‍ ബന്ധം അവളുടെ ഏകാന്തതയും നിസഹായതയും ഉപയോഗപ്പെടുത്തി കീഴ്‌പ്പെടുത്തുകയും എന്നാല്‍ തരളമായ ഒരു ബന്ധത്തിലേക്കു വളരുകയും ചെയ്യുന്ന സൈനികയുവാവുമായി ഉരുത്തിരിയുന്നതാണ്. അനാഥത്വത്തിന്റെ ബാല്യവും കമാന്‍ഡറുടെ പരപീഡന മനോഭാവത്തില്‍ അധിഷ്ഠിതമായ ഉടല്‍മുറിവുകളും പേറുന്ന, ആത്മവിശ്വാസമില്ലായ്മയുടെ അടയാളമായി കഠിനമായ വിക്കലുള്ള നവയുവാവ് അവളില്‍നിന്നാണ് എല്ലാം പഠിച്ചു തുടങ്ങുക. ആദ്യം നിസഹായതയോടെയും കുറ്റബോധത്തോടെയും അവനു കീഴടങ്ങുന്ന യുവതി അവന്റെ ഗതികേടില്‍ ആര്‍ദ്രയാവുകയും ബന്ധത്തില്‍ സ്‌നേഹത്തിന്റെ തുരുത്തു കണ്ടെത്തുകയും ചെയ്യുന്നു. എന്നാല്‍ തനിക്കതില്‍ അമിതപ്രതീക്ഷകള്‍ ഒന്നുമില്ലെന്ന് അവള്‍ കുമ്പസരിക്കുന്നുമുണ്ട്.
രഹസ്യങ്ങളുടെ ഏറ്റുപറച്ചില്‍ ഒരിക്കല്‍ തുടങ്ങിയാല്‍ അപ്രതിരോധ്യമാംവിധം കുത്തിയൊഴുകുന്നതാണ് നോവലിന്റെ വിസ്‌ഫോടകമായ അന്ത്യത്തിലേക്കും 'ശില'യുടെ പിളര്‍പ്പിലേക്കും നയിക്കുക. അതില്‍ മരുമകള്‍ പ്രസവിച്ചു കാണാത്തതില്‍ അസ്വസ്ഥയാവുന്ന അമ്മായിയമ്മയും വഴിപറഞ്ഞു കൊടുക്കുന്ന ബന്ധുവും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന സിദ്ധനും മാത്രമല്ല നിര്‍ബന്ധിച്ചു കുടിപ്പിച്ച കറുപ്പിനു മുകളില്‍ ഇളംയുവതിയെ ഇരുട്ടുമുറിയില്‍ സന്ധിച്ച അജ്ഞാത നവയുവാവുമുണ്ട്. ഒരിക്കലല്ല, പലവുരു, എപ്പോഴും ഒരാള്‍ തന്നെയോ എന്നു തീര്‍ച്ചയുമില്ല. അങ്ങനെ രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ ജനനമുണ്ട്. എല്ലാം കേട്ടുകഴിയുമ്പോള്‍, പുരുഷനെന്ന അഹന്തയുടെ തായ്‌വേരില്‍ കൊള്ളുന്ന ആഘാതം, ക്ഷമാശിലയുടെ പിളര്‍പ്പിലേക്ക്, ഒരൊറ്റ നിമിഷത്തെ സംഹാരാത്മകതയിലേക്ക്, തുടര്‍ന്നു കഴുത്തില്‍ മുറുകുന്ന കൈകളില്‍നിന്നു വിടുതല്‍ തേടി അവള്‍ത്തന്നെ നല്‍കുന്ന മരണത്തിലേക്ക് അയാളെ എത്തിക്കുന്നു. എന്നാല്‍ നോവലന്ത്യത്തില്‍ ആരാണു ക്ഷമാശില എന്ന ചോദ്യവും അനുവാചകന്റെ ഉള്ളില്‍ ഉയരാം. അത് അവള്‍ പറയുമായിരുന്ന വിധത്തില്‍ അയാളായിരുന്നോ അതോ ഒരൊറ്റ നിമിഷത്തിന്റെ കര്‍തൃത്വത്തില്‍ എല്ലാം അവസാനിപ്പിക്കുന്ന അവള്‍ തന്നെയോ? കഴുത്തില്‍നിന്ന് അയഞ്ഞുതുടങ്ങിയ കൈകളുമായി അയാള്‍ അവളുടെ അരികില്‍ നിശ്ചേതനനായി തുടങ്ങുമ്പോള്‍ ജനാലക്കപ്പുറം അവളുടെ പ്രണയാതുരനായ ചെറുപ്പക്കാരന്റെ കണ്ണുകള്‍ തെളിയുന്നത് ഒരു തുടക്കമാവാം, അഥവാ മറിച്ചുമാകാം.
നോവലില്‍ ഒരിടത്തും മുഖ്യ കഥാപാത്രത്തിനു പേരു നല്‍കുന്നില്ലാത്തത് ഒരുവേള അവള്‍ മുഴുവന്‍ അഫ്ഗാന്‍ സ്ത്രീത്വത്തിന്റെയും അല്ലെങ്കില്‍ സമാനസാഹചര്യങ്ങളുള്ള ഏതൊരിടത്തെ സ്ത്രീത്വത്തിന്റെയും പ്രതിനിധാനമാണ് എന്നതു കൊണ്ടാവാം. നോവലിന്റെ തുടക്കത്തില്‍ ഇടം അടയാളപ്പെടുത്തുന്നതും അങ്ങനെയാണ്. അഫ്ഗാനിസ്താനില്‍ എവിടെയോ ഒരിടത്ത്, അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമെന്ന്. അവതാരികയില്‍ ഖാലിദ് ഹുസൈനി ചൂണ്ടിക്കാണിക്കുന്നതുപോലെ ഏതാനും നഗരകേന്ദ്രങ്ങളില്‍ ഒഴിച്ചുനിര്‍ത്തിയാല്‍, താലിബാന്റെ വരവിനും ഏറെ മുന്‍പുതന്നെ അടിസ്ഥാന അവകാശങ്ങളുടെ നിഷേധം അഫ്ഗാന്‍ സ്ത്രീത്വത്തിന്റെ പ്രശ്‌നമായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളും പാരമ്പര്യവും ഒരുപോലെ ഇവിടെ പ്രതിസ്ഥാനത്താണ് എന്നര്‍ഥം. അഫ്ഗാനിലെ സോവിയറ്റ് അധിനിവേശത്തെ പശ്ചാത്തലമാക്കി ദാരി ഭാഷയില്‍ രചിച്ച ആതിഖ് റഹീമിയുടെ ഋമൃവേ മിറ അവെലല്‍െ സ്ത്രീ കഥാപാത്രങ്ങള്‍ രംഗത്തുവരുന്നതേയില്ല എന്നതു പ്രധാനമാണ്. എന്നാല്‍ 'പേഷ്യന്‍സ് സ്റ്റോണ്‍' രചിക്കുമ്പോള്‍ ഫ്രഞ്ച് ഭാഷ നല്‍കിയ സ്വാതന്ത്ര്യബോധം സ്‌തോഭജനകമായ പ്രമേയം കൈകാര്യം ചെയ്യാന്‍ തനിക്കു സഹായകമായിട്ടുണ്ടെന്നു നോവലിസ്റ്റ് ഏറ്റുപറഞ്ഞിട്ടുണ്ട്. ഒരൊറ്റ മുറിയിലാണ് നോവലിന്റെ ആഖ്യാനകേന്ദ്രം എന്നതുകൊണ്ട് പചുറ്റിലും നടമാടുന്ന യുദ്ധവും ചകിതാന്തരീക്ഷവും, ഇതിവൃത്തത്തില്‍ എത്തുന്നതു തലയില്‍ കെട്ടും സൈനികവേഷവുമായി എത്തിനോക്കുകയും ഇടയ്ക്കിടെ കടന്നുകയറുകയും ചെയ്യുന്ന പോരാളികളായും സ്‌ഫോടനങ്ങളുടെ തീയും പുകയും നാശങ്ങളുമായുമാണ്.
കന്യകാത്വം, സന്താനശേഷി, സനാതന മൂല്യവിചാരങ്ങള്‍, വിശുദ്ധ-അശുദ്ധ രക്തത്തെ കുറിച്ചുള്ള ധാരണകള്‍ തുടങ്ങിയവയെ കുറിച്ചുള്ള കാപട്യങ്ങളെ നിശിതമായി തുറന്നുകാണിക്കുന്നതിലൂടെ അഫ്ഗാന്‍ പശ്ചാത്തലത്തില്‍നിന്നു പ്രതീക്ഷിക്കാനാവാത്തവിധം ധീരമായ ഒരു രചനയായി പുസ്തകം മാറുന്നുണ്ട്. 'പ്രണയം സൃഷ്ടിക്കാന്‍ കഴിയാത്തവര്‍ യുദ്ധം സൃഷ്ടിക്കുന്നു'വെന്ന അമ്മാവിയുടെ വാക്കുകളും ഭര്‍ത്താവിനു തന്നെ ഒരിക്കലും സന്തോഷിപ്പിക്കാന്‍ കഴിയാതിരുന്നതിനു കാരണം ഉടലിനു കാതോര്‍ക്കുകയെന്ന ലളിതമായ കാര്യം പുരുഷന്‍ ഒരിക്കലും ചെയ്യാത്തതും ആത്മാവിനെ ഒഴിച്ചു മറ്റൊന്നിനും ചെവികൊടുക്കാന്‍ അയാള്‍ക്കു കഴിയാതെ പോയതുമാണ് എന്ന കണ്ടെത്തലുമാണു നോവലന്ത്യത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്. ആ നിലക്കു സ്ത്രീപക്ഷമായിരിക്കുക എന്നാല്‍ പ്രണയത്തിന്റെയും സമാധാനത്തിന്റെയും പക്ഷമായിരിക്കുക എന്നുകൂടിയാണെന്ന് നോവല്‍ സമര്‍ഥിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago