2.78 കോടി രൂപയുടെ പുതിയ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ അധീനതയിലുള്ള പുലയനാര്‍കോട്ട ഗവ. കെയര്‍ഹോം സ്ഥിതി ചെയ്യുന്ന വസ്തുവില്‍ 2.78 കോടി രൂപ ചിലവഴിച്ച് പുതിയ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം നിര്‍മിക്കുന്നതിന് ഭരണാനുമതി. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് കെട്ടിടത്തിന്റെ നിര്‍മാണ ചുമതല.
ഇത്തരം ഹോമുകളില്‍ താമസിക്കുന്നവര്‍ക്ക് മികച്ച സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം നിര്‍മിക്കുന്നതെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രകൃതി രമണിയമായ പ്രദേശത്താണ് 6000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലയുള്ള കെട്ടിടം നിര്‍മിക്കുന്നത്. ചുറ്റുമതില്‍, ഗേറ്റ്, ലിഫ്റ്റ് സൗകര്യം, ലൈബ്രറി, റിക്രിയേഷന്‍ റൂം, ടി.വി കാണുന്നതിനുള്ള ഹാള്‍, യോഗ സെന്റര്‍, ഹെല്‍ത്ത് ക്ലബ്ബ്, ബാസ്‌കറ്റ്‌ബോള്‍, ടെന്നീസ് എന്നിവ കളിക്കുന്നതിനായുള്ള ഗ്രൗണ്ട്, ആധുനിക സൗകര്യമുള്ള അടുക്കള, വര്‍ക്ക് ഏരിയ, ഡൈനിങ് ഹാള്‍ എന്നീ സൗകര്യങ്ങള്‍ ഈ ഹോമിലുണ്ടാകും.
ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന പെണ്‍കുട്ടികളേയും സ്ത്രീകളേയും പാര്‍പ്പിക്കുന്ന സംരക്ഷണ കേന്ദ്രങ്ങളാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം. ഗൃഹാന്തരീക്ഷത്തില്‍ അവരുടെ പുന:രധിവാസവും പുന:രേകീകരണവുമാണ് ലക്ഷ്യമിടുന്നത്.
കേരളത്തില്‍ ആകെ 12 നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലായി 350 ഓളം പേര്‍ താമസിക്കുന്നുണ്ട്. തിരുവനന്തപുരത്ത് മൂന്ന് നിര്‍ഭയ ഹോമുകളാണുള്ളത്. രണ്ട് വര്‍ഷത്തിനകം മികച്ച വിദ്യാഭ്യാസവും ചികിത്സയും നല്‍കി സ്വയം പര്യാപ്തരാക്കി ഇവരെ വീടുകളിലെത്തിക്കുകയാണ് ലക്ഷ്യം.
എന്നാല്‍ വീടുകള്‍ തന്നെ സുരക്ഷിതമല്ലാതെ വരുന്നതിനാലും കേസിന്റെ വിധിയുടെ കാലതാമസവും കാരണം ഇവരുടെ മടങ്ങിപ്പോക്ക് വൈകുന്നു. അതിനാലാണ് ഇവിടെ താമസിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്. മികച്ച വിദ്യാഭ്യാസം നല്‍കി അവരെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള എല്ലാ സാഹചര്യവും ഇത്തരം ഹോമില്‍ ഒരുക്കുന്നുണ്ട്.
പ്രൊഫഷനല്‍ വിദ്യാഭ്യാസം നടത്തുന്നവരും ജോലിക്ക് പോകുന്നവരും വരെയുണ്ട്. നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം ഇല്ലാത്ത കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ കൂടി ഉടന്‍ തന്നെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം ആരംഭിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
നിര്‍ഭയ ഹോമില്‍ എത്തുന്നവര്‍ക്ക് മികച്ച സംരക്ഷണവും നിയമ സഹായവും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഐ.പി.എസ് ഉദ്യോഗസ്ഥയായ നിശാന്തിനിയെ നിര്‍ഭയ സ്റ്റേറ്റ് കോര്‍ഡിനേറ്ററാക്കിയത്. ഇന്ത്യയിലെ സൈബര്‍ രംഗത്തെ ആദ്യ വനിതാ കുറ്റാന്വേഷകയായ ധന്യാ മേനോനെ നിര്‍ഭയയുടെ സൈബര്‍ ക്രൈം കണ്‍സള്‍ട്ടന്‍സിയായി നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."