റേഷന്‍ കടകളിലെ എഴുത്തുകുത്തിന് വിരാമം: ഇപോസ് മെഷിന്‍ വിതരണം പൂര്‍ത്തിയായി
കല്‍പ്പറ്റ: മെയ് മാസം മുതല്‍ ജില്ലയിലെ റേഷന്‍ കടകളിലെ എഴുത്തുകുത്തിന് വിരാമമാകും. ഇനിയെല്ലാം ഇപോസ് മെഷിനുകള്‍ വഴിയാണ്. കാര്‍ഡുടമകള്‍ റേഷന്‍ കടകളിലെത്തി വിരലടയാളം പതിച്ചാല്‍ കൃത്യമായ അളവില്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കും.
നിലവില്‍ ജില്ലയിലെ കല്‍പ്പറ്റ, മുട്ടില്‍, കണിയാമ്പറ്റ, അത്തിമൂല തുടങ്ങിയ റേഷന്‍ കടകളില്‍ മാര്‍ച്ച് മാസം മുതല്‍ തന്നെ ഇപോസ് മെഷീന്‍ വഴിയാണ് റേഷന്‍ വിതരണം നടക്കുന്നത്. ഇവിടെ പരാതികള്‍ ഇല്ലാതെ റേഷന്‍ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ കെ.വി പ്രഭാകരന്‍ പറഞ്ഞു. മെയ് മുതല്‍ റേഷന്‍ വിതരണം പൂര്‍ണമായും പി.ഒ.എസ് ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇപോസ്) മെഷിന്‍ വഴിയാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 318 റേഷന്‍ കടകളിലേക്കുള്ള മെഷിനുകളുടെ വിതരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
റേഷന്‍ കാര്‍ഡ് ഉടമകളെ തിരിച്ചറിഞ്ഞ് കൃത്യമായ അളവില്‍ സാധനങ്ങള്‍ വിതരണം ചെയ്യുകയെന്നാണ് ഇപോസ് സംവിധാനത്തിലുടെ ലക്ഷ്യമിടുന്നത്. ബയോമെട്രിക്ക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മെഷിനില്‍ വിരലടയാളം അധാര്‍ ഉപയോഗിച്ച് പരിശോധിച്ചാണ് ഉപഭോക്താവിനെ തിരിച്ചറിയുക. ഇത്തരത്തില്‍ വിരലടയാളം രേഖപ്പെടുത്തുമ്പോള്‍ കാര്‍ഡുടമയുടെ വീട്ടിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ഒപ്പം റേഷന്‍ വിഹിതം, നല്‍കേണ്ട തുക, ബില്‍ എന്നിവയെല്ലാം മെഷിനില്‍ ലഭ്യമാവും. ഇപോസ് മെഷിനുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയരുന്നതില്‍ കഴമ്പില്ലെന്നും ആധാറില്ലാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ പറഞ്ഞു.
ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ സമയത്ത് ഫോണില്‍ വണ്‍ടൈം പാസ് വേര്‍ഡ് ലഭിക്കും. ഇതു ഉപയോഗിച്ച് റേഷന്‍ വാങ്ങാം. ആധാര്‍ നമ്പര്‍ ചേര്‍ക്കാനുള്ള സൗകര്യം മെഷിനില്‍ തന്നെയുള്ളതിനാല്‍ ആധാര്‍ കിട്ടിക്കഴിയുമ്പോള്‍ നമ്പര്‍ ചേര്‍ത്താല്‍ മതി.
ആറുമണിക്കൂര്‍ പ്രവര്‍ത്തനശേഷിയുള്ളതാണ് മെഷിനെന്നും അതിനാല്‍ വൈദ്യുതി മുടങ്ങിയാലും പ്രവര്‍ത്തിക്കുമെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും അധികൃതര്‍ പറഞ്ഞു. മെഷിനില്‍ രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാം. ഒരു സിം കാര്‍ഡ് തകരാറിലായാലും മറ്റൊന്നില്‍ മെഷിന്‍ പ്രവര്‍ത്തിക്കും. കൂടാതെ വൈഫെ കണക്ട് ചെയ്യാനുള്ള സൗകര്യവും മെഷിനിലുണ്ട്.
ആധാറുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഉപഭോക്താവിന് അര്‍ഹതയുള്ള സാധനങ്ങള്‍ മാത്രമേ ലഭിക്കുകയൊള്ളൂ. കൂടാതെ കടയില്‍ ബാക്കിയുള്ള സാധനങ്ങളുടെ കൃത്യമായ വിവരങ്ങളും ലഭിക്കും. കടയുടമക്ക് ബില്‍, സ്‌റ്റോക്ക്, ലഡ്ജര്‍ എന്നിവ പ്രത്യേകം തയാറാക്കേണ്ടതില്ല. എല്ലാം മെഷിനില്‍ തന്നെ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."