കടലിനു പുറമെ തീരദേശവും മൂലധന ശക്തികള്‍ക്ക്
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരു വര്‍ഷത്തിനകം നടക്കാനിരിക്കെ കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ള ദൗത്യനിര്‍വഹണത്തിന്റെ അവസാനഘട്ടത്തിലാണ് മോദി സര്‍ക്കാര്‍. കഴിഞ്ഞ ദിവസം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം ഇതില്‍ അവസാനത്തേതാണെന്ന് പറയുവാന്‍ പറ്റുകയില്ല. തീരപ്രദേശങ്ങളും കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് അടിയറവയ്ക്കുകയാണ് മോദി സര്‍ക്കാര്‍. കടല്‍ക്കരയില്‍ നിന്നും കായല്‍ക്കരകളില്‍ നിന്നും 200 മീറ്റര്‍ അകലെ മാത്രമേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടുള്ളൂവെന്ന തീരദേശ പരിപാലന നിയമം കോര്‍പറേറ്റുകള്‍ക്ക് വേണ്ടി തിരുത്തിയെഴുതിയിരിക്കുകയാണു മോദി സര്‍ക്കാര്‍. ഇതനുസരിച്ച് 200 മീറ്റര്‍ എന്നത് അട്ടിമറിച്ച് അമ്പത് മീറ്ററിലേക്ക് ചുരുക്കിയിരിക്കുന്നു. ഇതുപോലെ തന്നെയായിരുന്നു കര്‍ഷക ഭൂമി കൃഷിക്കാരില്‍ നിന്നു മോദി സര്‍ക്കാര്‍ തട്ടിപ്പറിച്ചത്.
വികസനത്തിനെന്ന പേരില്‍ കൃഷിഭൂമി ഉടമയുടെ അനുവാദം കൂടാതെ പിടിച്ചെടുക്കാമെന്ന 'ഭൂമി ഏറ്റെടുക്കല്‍' നിയമ ഭേദഗതി മോദി സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയത് കുത്തകകള്‍ക്ക് വേണ്ടിയായിരുന്നു. രാജ്യത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷക ലക്ഷങ്ങളെ നിരാധാരമാക്കിക്കൊണ്ടുള്ള ഈ കടുംകൈ.
ഇപ്പോള്‍ തീരദേശമാണ് കവര്‍ന്നെടുത്തതെങ്കില്‍ നേരത്തെ കടലും വിദേശ കുത്തകകള്‍ക്ക് വേണ്ടി മോദി സര്‍ക്കാര്‍ തീറെഴുതിക്കൊടുത്തു. 2015ല്‍ മീരാകുമാര്‍ കമ്മീഷന്‍ സര്‍ക്കാരിന് വേണ്ടി നിര്‍മിച്ചെടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മത്സ്യത്തൊഴിലാളികളെ കണ്ണീരു കുടിപ്പിച്ച നിയമം വന്നത്. നേരത്തെ 100 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നും മാത്രമേ വിദേശ മത്സ്യബന്ധന കപ്പലുകള്‍ക്ക് മത്സ്യബന്ധനത്തിന് അനുവാദം ഉണ്ടായിരുന്നുള്ളൂ. എന്നിട്ടുപോലും അതിഭീമമായ വല ഉപയോഗിച്ച് അവര്‍ മത്സ്യസമ്പത്ത് മുഴുവന്‍ വാരിക്കൊണ്ടുപോയി. ഇതിനെതിരേ മത്സ്യത്തൊഴിലാളികള്‍ ഹര്‍ത്താല്‍ നടത്തിയെങ്കിലും മോദി സര്‍ക്കാര്‍ വിദേശ മത്സ്യബന്ധന കുത്തകകള്‍ക്കൊപ്പം നിന്നു. അത് വീണ്ടും 100ല്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ അകലെയാക്കി ചുരുക്കിയാണ് മത്സ്യത്തൊഴിലാളികളെ നിത്യ പട്ടിണിയിലേക്ക് തള്ളിയിട്ടത്.
ഇപ്പോഴിതാ തീരദേശവും കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് അടിയറവച്ചിരിക്കുന്നു. പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തീരദേശങ്ങളില്‍ പാടില്ലെന്ന 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം അട്ടിമറിച്ചുകൊണ്ടാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 200ല്‍ നിന്നും അമ്പത് മീറ്ററാക്കി ചുരുക്കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മിക്കാനാണെന്ന വ്യാജേന നിരത്തുന്ന ന്യായീകരണങ്ങള്‍ അവരെ പരിഹസിക്കുന്നതും കൂടിയാണ്. മോദി സര്‍ക്കാര്‍ കടല്‍ തീറെഴുതാന്‍ മീരാകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് പടച്ചുണ്ടാക്കിയതെങ്കില്‍ തീരദേശം തീറെഴുതാന്‍ സുബ്രഹ്മണ്യം കമ്മീഷനെയാണ് ആധാരമാക്കിയത്.
ഈ കമ്മീഷന്‍ റിപ്പോര്‍ട്ടുകളെല്ലാം സര്‍ക്കാര്‍ പടച്ചുണ്ടാക്കുന്നതുമാണ്. ഇതുപ്രകാരമാണത്രെ 200 മീറ്ററില്‍ നിന്നു നിര്‍മാണപ്രവര്‍ത്തനം 50 മീറ്ററിലേക്ക് ചുരുക്കിയത്.
മീരാകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റ് തിരസ്‌കരിച്ചപ്പോള്‍ ജനാധിപത്യ ഭരണസമ്പ്രദായം തകിടം മറിച്ചുകൊണ്ട് ഓര്‍ഡിനന്‍സായിട്ടാണ് മത്സ്യബന്ധന നിയമം പ്രാബല്യത്തില്‍ വരുത്തിയതെങ്കില്‍ തീരദേശ പരിപാലന നിയമവും അട്ടിമറിക്കുന്നത് വേണ്ടത്ര ചര്‍ച്ചകളോ സംവാദങ്ങളോ കൂടാതെയാണ്. കോര്‍പറേറ്റുകളെ മാത്രം സുഖിപ്പിക്കാനാണ് ഇത്തരം നിയമങ്ങള്‍ പാര്‍ലമെന്റിനെ മറികടന്ന് മോദി സര്‍ക്കാര്‍ കൊണ്ട് വരുന്നത്. നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ കടല്‍ക്കരകളില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും ഫ്‌ളാറ്റ് സമുച്ഛയങ്ങളും പെരുകും. ഇതോടെ തീരദേശ ആവാസവ്യവസ്ഥ തകിടംമറിയും. മത്സ്യങ്ങളുടെ പ്രജനനത്തെ ഗുരുതരമായി ബാധിക്കുംവിധം വമ്പിച്ചതോതില്‍ വിസര്‍ജ്യമാലിന്യങ്ങള്‍ കടലിലേക്കും കായലുകളിലേക്കും ഒഴുകും.
ചുരുക്കത്തില്‍ കടലും കായലുകളും വന്‍കിട റിസോര്‍ട്ടുകളുടെയും ഫ്‌ളാറ്റ് സമുച്ഛയങ്ങളുടെയും മാലിന്യ കുഴികളായി രൂപാന്തരപ്പെടും. ഇങ്ങനെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വനം-പരിസ്ഥിതി വകുപ്പിന്റെ അനുമതിയും വാങ്ങേണ്ടതില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി മതിയാകും. തോമസ് ചാണ്ടി കായല്‍ കൈയേറിയത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സഹായത്തോടെയായിരുന്നു. അത്തരം അവസരം കോര്‍പറേറ്റുകള്‍ക്കും കിട്ടും.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ദൂരം കടലില്‍ നിന്നും നാലില്‍ ഒന്നായി ചുരുങ്ങും. തീരദേശ പരിപാലന നിയമവും മുമ്പത്തെപ്പോലെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ നിത്യവൃത്തിക്കും ജീവിത പരിസരത്തിനും വിഘാതമാകുന്ന ഒരു പദ്ധതിയും തീരദേശത്ത് പാടില്ലെന്ന 2011ലെ വിജ്ഞാപനം ഇതോടെ അട്ടിമറിക്കപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."