പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണം: ഡീന്‍
മൂവാറ്റുപുഴ: പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പൊലിസ് തേര്വാഴ്ചയാണന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി പെണ്‍കുട്ടിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡീന്‍ കുര്യാക്കോസ്.
ആരക്കുഴ പഞ്ചായത്തില്‍ മുതുകല്ല് പട്ടികജാതി ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ ബി.കോം വിദ്യാര്‍ഥിനിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുകയും ഇതിനെ ചോദ്യം ചെയ്ത മാതാവിനെ ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയതെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കേസെടുത്തെങ്കിലും ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പൊലിസ് തയാറായിട്ടില്ല. ഇതേ തുടര്‍ന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയത്.
നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ നേതൃത്വം നല്കി. ഡി.കെ.റ്റി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.പി എല്‍ദോസ് ,യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്മാന് കെ.എം സലിം, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, അഡ്വ. എന്‍ രമേശ്, റംഷാദ് റഫീക്ക്, കെ.എസ് കബീര്‍, കെ.എച്ച് സിദ്ധിഖ്, പി.പി അലി, ബിജു പൂളിക്കല്‍, എല്‍ദോ വട്ടക്കാവില്‍ എന്നിവര്‍ പ്രസംഗിച്ചു.
അതേസമയം മാര്‍ച്ചിനിടെ ഗതാഗതം തടസപ്പെടുത്തിയതിന് കണ്ടാല്‍ അറിയുന്ന 60 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിയ്ക്കല്, ഷാന്‍ മുഹമ്മദ്, റംഷാദ് റഫീഖ് അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."