വെളുത്തുള്ളി വില കുത്തനെയിടിഞ്ഞു: കര്‍ഷകര്‍ക്ക് തിരിച്ചടി
മറയൂര്‍: വെളുത്തുള്ളി വില കുത്തനെയിടിഞ്ഞു. പ്രധാന ശീതകാല വിളകളിലൊന്നായ വെളുത്തുള്ളിയുടെ വില ഇടിഞ്ഞതു കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കാന്തല്ലൂരിലെയും വട്ടവടയിലെയും കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വെളുത്തുള്ളിക്കാണു വന്‍ വിലയിടിവ്. ഒരു വര്‍ഷം മുന്‍പു കിലോയ്ക്ക് 250 മുതല്‍ 300 രൂപവരെ വിലയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 50 രൂപ മാത്രമാണു വില. മുന്തിയ ഇനത്തിന് 80 രൂപയും കിട്ടുന്നു.
തമിഴ്‌നാട് മാര്‍ക്കറ്റില്‍നിന്ന് വെളുത്തുള്ളി ധാരാളമായെത്തുന്നതാണു വിലയിടിവിനു കാരണമെന്നു കര്‍ഷകര്‍ പറയുന്നു. കേരളത്തിലെ വിപണികളെക്കൂടാതെ കര്‍ഷകര്‍ തമിഴ്‌നാട്ടിലെ മധുര, ഒട്ടന്‍ഛത്രം, മേട്ടുപ്പാളയം, വടുകുപെട്ടി മാര്‍ക്കറ്റുകളിലും വെളുത്തുള്ളി വില്‍പന നടത്താറുണ്ട്.
എന്നാല്‍, ഇവിടെ 30 രൂപ മാത്രമാണ് ഇപ്പോള്‍ ഒരുകിലോ വെളുത്തുള്ളിക്കു ലഭിക്കുന്ന പരമാവധി വില. ഇതോടെ, ആ പ്രതീക്ഷയും തകര്‍ന്നു. വില ഉയരുന്നതുവരെ തോട്ടങ്ങളില്‍ പുതയിട്ട് കറ്റകെട്ടി വെളുത്തുള്ളി സൂക്ഷിച്ചുവയ്ക്കാനാണു കര്‍ഷകരുടെ തീരുമാനം. എങ്കിലും, അതുവരെ എങ്ങനെ പിടിച്ചുനില്‍ക്കുമെന്നും കാര്‍ഷികച്ചെലവിനെങ്കിലുമുള്ള പണം കണ്ടെത്തുമെന്നുമുള്ളതാണു കര്‍ഷകരുടെ ആശങ്ക. കടത്തില്‍ മുങ്ങിനില്‍ക്കുന്ന ചില കര്‍ഷകര്‍ കിട്ടിയ വിലയ്ക്കു വെളുത്തുള്ളി വില്‍ക്കുന്നുമുണ്ട്.
ഒന്നരമാസം മുന്‍പ് മേഖലയില്‍ പെയ്ത കോടമഞ്ഞില്‍ വെളുത്തുള്ളിക്കൃഷി കരിഞ്ഞുണങ്ങിയതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി.
കാന്തല്ലൂര്‍, പെരുമല, പുത്തൂര്‍, കീഴാന്തൂര്‍, കുളച്ചിവയല്‍ തുടങ്ങിയ ഗ്രാമങ്ങളിലായി കൃഷിചെയ്തിരുന്ന വെളുത്തുള്ളിയാണ് വ്യാപകമായി കരിഞ്ഞുണങ്ങിയത്. കാലവസ്ഥാ വ്യതിയാനത്തില്‍ വിളവ് നശിച്ചതും വിലയില്ലാതായതും പൂര്‍ണമായി കര്‍ഷകനെ തളര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ കൃഷിവകുപ്പ് നഷ്ടപരിഹാരം നല്‍കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."